പ്രാഡയുടെ 1.2 ലക്ഷം രൂപയുടെ ചെരിപ്പും കോപ്പിയടിയും: ഇന്ത്യയുടെ കോലാപുരി വിവാദത്തിൽ നിന്ന് രക്ഷപ്പെടുമോ?

- PublishedJuly 14, 2025
25, ജൂണ്‍… ഇറ്റലിയിലെ മിലാനില്‍ നടന്ന സ്പ്രിങ്/സമ്മര്‍ 2026 മെന്സ്വെയര് ഷോയില്‍ ലക്ഷ്വറി ബ്രാന്‍ഡായ പ്രാഡ അവതരിപ്പിച്ച ഒരു ഫൂട്ട്വെയറായിരുന്നു എല്ലാറ്റിനും തുടക്കം. ഇന്ത്യയുടെ ഭൗമസൂചികാ പദവി ലഭിച്ച കോലാപുരി ചപ്പലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഡിസൈനായിരുന്നു അന്ന് ഈ വമ്പന്‍ ഫാഷന്‍ ബ്രാന്‍ഡ് അവതരിപ്പിച്ചത്. പ്രാഡയുടെ പുതിയ ലോഞ്ച് ആരാധകര്‍ക്കിടയില്‍ വലിയ ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. സ്റ്റൈല്‍ കോപ്പിയടി ആരോപണം പ്രാഡയെ പൊതിഞ്ഞു, കോലാപുരിയിലെ ചെരിപ്പ് നിര്‍മാതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി, പ്രാഡ വിമര്‍ശനമേറ്റു, ഒടുവില്‍ കുറ്റസമ്മതവും നടത്തി, അതെ ഞങ്ങള്‍ കോലാപുരിയെ കോപ്പിയടിച്ചതാണ്! കോലാപുരി- പ്രാഡ വിവാദം ദിവസങ്ങളോളം ചര്‍ച്ചയായി, കുറ്റമേറ്റു പറഞ്ഞെങ്കിലും പ്രശ്നം തീര്‍ന്നില്ല, പ്രാഡ അവതരിപ്പിച്ച ചെരിപ്പുകള്‍ക്ക് 844 ഡോളര്‍, ഏകദേശം 72,429 ഇന്ത്യന്‍ രൂപ മുതല്‍ മുകളിലേക്കാണ് വില. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കോലാപുരി മോഡല്‍ ചെരിപ്പുകള്‍ പ്രാഡയിലൂടെ വില്പനയ്ക്കെത്തുമ്പോള് അതിന്റെ ഗുണം കോലാപുരിയിലെ നിര്‍മാണ തൊഴിലാളികള്‍ക്കും ലഭിക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍തലത്തില്‍ ഈ ആവശ്യവുമായി മുന്നോട്ട് പോവുകയാണ് കോലാപുരിലെ തൊഴിലാളികള്‍.
കോലാപുരി, ഇന്ത്യയുടെ അഭിമാനം
സ്റ്റൈലില്‍ സമാനതകളില്ലാത്ത ചെരിപ്പ്. പഴയ മോഡലെന്നോ പുതിയ മോഡലെന്നോ ഇല്ലാതെ എല്ലാക്കാലവും ഫാഷന്‍ സ്റ്റേറ്റ്മെന്റില്‍ മുന്നിട്ടുനില്ക്കുന്ന ഒന്ന്. കോലാപുരി ചെരിപ്പുകളെന്നാല് ഇന്ത്യയുടേയും അഭിമാനമാണ്. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലും സമീപപ്രദേശങ്ങളിലുമായാണ് കോലാപുരി ചെരിപ്പുകള്‍ പ്രധാനമായും നിര്‍മിക്കുന്നത്. കര്‍ണാടകത്തിലെ ചുരുക്കം സ്ഥലങ്ങളിലും കോലാപുരി നിര്‍മിക്കുന്നുണ്ട്. ടി ഷേപ്പില്‍ യഥാര്‍ഥ തുകലിലുണ്ടാക്കുന്ന ബേസാണ് ഇവയു്ക്കുണ്ടാവുക. പ്രത്യേകതരം നൂലുപിരിച്ചുണ്ടാക്കിയ ഡിസൈന്‍ ചെരിപ്പുകളുടെ ഭംഗി കൂട്ടുന്നു. പ്രകൃതിദത്തമായ നിറങ്ങളാണ് ചെരിപ്പിന് നിറം നല്‍കാനും ഉപയോഗിക്കുന്നത്. കൗരകൗശല വിദഗ്ധര്‍ കൈ കൊണ്ടുണ്ടാക്കുന്ന ഈ ചെരിപ്പുകള്‍ 12-ാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയില്‍ ഉപയോഗത്തിലുണ്ട്. അക്കാലത്ത് ബിജ്ജള രാജാവും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി ബസവണ്ണയും പ്രാഡേശിക ചെരിപ്പ് നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്നതിനായി കോലാപുരി ചെരിപ്പുനിര്മാണത്തെ പ്രോത്സാഹിപ്പിച്ചു. ചരിത്രപരമായ രേഖകള്‍ അനുസരിച്ച് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്ക്കേ തന്നെ കോലാപുരി ചെരിപ്പുകള്‍ വ്യാപകമായി ഉപയോഗിക്കാനാരംഭിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ കോലാപുരി ഫാഷന്റെ ഭാഗമാവുകയും ചെയ്തു. കാപാഷി, പയ്താന്, കാച്ചുകടി, ബക്കല്നാലി, പുക്രി എന്നീ പേരുകളിലും ഇവ നേരത്തേ അറിയപ്പെട്ടിരുന്നു. ചെരിപ്പുകള്‍ നിര്‍മിച്ച ഗ്രാമങ്ങളുടെ പേരുകളായിരുന്നു ഇവ. കോലാപുരിനെ ഭരിച്ചവരെല്ലാം ചെരിപ്പ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ തുകല്‍ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തു. കോലാപുരിലും പരിസര ജില്ലകളായ സാംഗ്ലി, സത്താറ, സോലാപുര്‍ എന്നിവിടങ്ങളിലും ഇവ കൈകൊണ്ട് നിര്‍മിക്കുന്ന ഒട്ടേറെ പരമ്പരാഗതകരകൗശല വിദഗ്ധരുണ്ട്.

പോത്തിന്റെ തുകലും നൂലുകളും ഉപയോഗിച്ചാണ് കോലാപുരി ചെരിപ്പുകള്‍ നിര്‍മിക്കുന്നത്. തുകലിന്റെ കട്ടിമൂലം ഒരു ജോഡി യഥാര്‍ഥ കോലാപുരി ചെരിപ്പിന് രണ്ട് കിലോഗ്രാം വരെ ഭാരമുണ്ടാവും. കടുത്ത ചൂടിലും മലമ്പ്രദേശങ്ങളിലും കേടുപാടുകളില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുളള നിര്‍മാണമാണിത്. സാധാരണനിലയില്‍ ഒരു ജോഡി കോലാപുരി ചെരിപ്പ് നിര്‍മിക്കാന്‍ ആറാഴ്ച സമയമാണ് വേണ്ടിവരിക. മഴക്കാലത്ത് ഉപയോഗിക്കാതിരുന്നാല്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഗുണമേന്മയാണ് കോലാപുരി ചെരിപ്പുകള്ക്കുണ്ടാവുക എന്നാണ് പറയുക. പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ചെരിപ്പ് നിര്‍മാതാക്കളാണ് കോലാപുരിലുള്ളത്. പ്രതിവര്‍ഷം അഞ്ച് ലക്ഷം ജോഡി ചെരിപ്പുകള്‍ ഇവിടെനിന്ന് നിര്‍മിക്കുന്നുണ്ട്. ഇതിന്റെ 30 ശതമാനവും കയറ്റുമതി ചെയ്യുകയാണ്. 2020ല്‍ മാത്രം 9 കോടി രൂപയുടെ കോലാപുരി ചെരിപ്പുകളാണ് വിറ്റുപോയത്.
കാലം മാറുന്നതിനനുസരിച്ച് കോലാപുരിയും രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പരമ്പരാഗത നിര്മാണ് പ്രായോഗികതയിലേക്ക് മാറി. കട്ടി കൂടിയ, ഉപയോഗിക്കാന്‍ താരതമ്യേനെ അല്പം സുഖം കുറഞ്ഞ കോലാപുരിക്ക് പകരം മൃദുവും ധരിക്കാന്‍ കൂടുതല്‍ സുഖപ്രദവുമായ മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള കോലാപുരി ചെരിപ്പുകള്‍ മാര്‍ക്കറ്റിലിറക്കി. കരകൗശല തൊഴിലാളികള്‍ തന്നെയായിരുന്നു പരമ്പരാഗത രൂപകല്‍പ്പനകള്‍ ചെയ്ത് വിറ്റിരുന്നതെങ്കില്‍ ഇന്ന് വിലകുറഞ്ഞ ഉത്പന്നങ്ങള്‍ ആവശ്യമുള്ള വ്യാപാരികളും ബിസിനസ്സുകാരും ലളിതമായ ഡിസൈനുകള്‍ സ്വയം ചെയ്ത് പുറത്തിറക്കാറുണ്ട്. അതുകൊണ്ടുതന്നെ യഥാര്‍ഥ കോലാപുരിക്ക് നിരവധി വ്യാജന്മാരും പുറത്തിറങ്ങിയിട്ടുണ്ട്. കോലാപുരിയുടെ പ്രതാപകാലം മാഞ്ഞെങ്കിലും മാറുന്ന ട്രെന്‍ഡിനൊപ്പവും കോലാപുരി സഞ്ചരിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും പലതരം പാശ്ചാത്ത്യ വസ്ത്രങ്ങൾക്കുമൊപ്പവും കോലാപുരി ചെരിപ്പുകള്‍ തിരഞ്ഞെടുക്കാറുണ്ട്. ഇന്ത്യയില്‍ കോലാപുരി ചെരിപ്പുകള്‍ക്ക് 1000 രൂപ മുതലാണ് വില.
ഭൗമസൂചിക പദവി
2019ലാണ് കോലാപുരി ചെരിപ്പുകള്‍ക്ക് ഭൗമസൂചിക പദവി ലഭിക്കുന്നത്. മഹാരാഷ്ട്രയിലേയും കര്‍ണാടകത്തിലേയും നാല് ജില്ലകള്‍ക്ക് വീതമാണ് കോലാപുരി ചെരിപ്പുകള്‍ നിര്‍മിക്കാനുള്ള പേറ്റന്റ് അനുവദിച്ചുകിട്ടിയത്. ഈ എട്ട് ജില്ലകളിലെ നിര്‍മാതാക്കള്‍ക്കു മാത്രമേ കോലാപുരി ഡിസൈനിലുള്ള ചെരിപ്പുകള്‍ നിര്‍മിക്കാനുള്ള അവകാശമുള്ളൂവെന്നാണ് പേറ്റന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാത്തവയ്ക്ക് കോലാപുരി എന്ന പേര് പോലും ഉപയോഗിക്കാനുള്ള അനുവാദമുണ്ടാവില്ല. കോലാപുര്‍, സോളാപുര്‍, സാഗ്ലി,സതാര എന്നിവയാണ് മഹാരാഷ്ട്രയിലെ ജില്ലകള്‍. ധര്‍വാദ്, ബെല്‍ഗാം, ബാഗല്‍കോട്ട്, ബിജാപുര്‍ എന്നിവയാണ് കര്‍ണാടകത്തില്‍ കോലാപുരി ചെരിപ്പുകള്‍ നിര്‍മിക്കാന്‍ അനുവാദമുള്ള ജില്ലകള്‍. കോലാപുരി ചെരിപ്പുകള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് ആ ചെരിപ്പുകള്‍ക്ക് സര്‍ക്കാര്‍ ഭൗമസൂചിക പദവി അനുഭവിച്ചത്. ഒരു പ്രത്യേക ഉത്പന്നത്തിന്, അത് ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടോ സവിശേഷതകള്‍ കൊണ്ടോ ലഭിക്കുന്ന അംഗീകാരമാണ് ഭൗമസൂചിക പദവി (Geographical Indication tag). ഉത്പന്നത്തിന്റെ ഗുണമേന്മയും തനിമയും ഉറപ്പ് വരുത്താനാണ് ഈ പദവിയിലൂടെ ലക്ഷ്യമിടുന്നത്.

കോലാപുരിയും പ്രാഡ വിവാദവും
ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡാണ് പ്രാഡ. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള വസ്ത്രങ്ങളും ബാഗുകളും ജ്വല്ലറികളും പെര്‍ഫ്യൂമുകളും തുടങ്ങി വന്‍നിര ഉത്പന്നങ്ങളാണ് പ്രാഡയില്‍ നിന്ന് പുറത്തിറങ്ങുന്നത്. പ്രാഡ ഫാഷന്‍ ഹൗസില്‍ നിന്നിറങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. 70 രാജ്യങ്ങളിലാണ് പ്രാഡയ്ക്ക് ഡയറക്ട് സ്റ്റോറുകളുള്ളത്.
ജൂണ്‍ 23ന് മിലാനിലായിരുന്നു പ്രാഡയുടെ വിവാദമായ ഷോ നടന്നത്. പുരുഷന്മാരുടെ സ്പ്രിങ്/സമ്മര്‍ 2026 ശേഖരം പ്രദര്‍ശിപ്പിച്ചപ്പോള്‍ അതില്‍ ചില മോഡലുകള്‍ ധരിച്ചത് 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ ജിഐ ടാഗ് നല്കിയ കോലാപുരി ചപ്പലുകള്‍ക്ക് സാമ്യമുള്ള ചെരിപ്പുകളായിരുന്നു. എന്നാല്‍, ഇവ യഥാര്‍ഥ കോലാപുരിയല്ലതാനും.
കോലാപുരി ചെരിപ്പുകളോട് സാദൃശ്യമുള്ള തുകല്‍ ചെരിപ്പുകളണിഞ്ഞാണ് മിലാന് ഫാഷന്‍ ഷോയില്‍ പ്രാഡയുടെ മോഡലുകള്‍ റാംപിലെത്തിയത്. ഇന്ത്യയെയോ നൂറ്റാണ്ടുകളായി കോലാപുരി ചെരിപ്പുകളുണ്ടാക്കുന്നവരെയോ പരാമര്‍ശിക്കാതെയാണ് പ്രാഡ ഇവ അവതരിപ്പിച്ചത്. ചെരിപ്പുകളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രാഡയ്ക്കെതിരേ വ്യാപകവിമര്‍ശനമുയര്‍ന്നു. കോലാപുരി ചെരിപ്പുകള്‍ക്ക് സമാനമായ പാദരക്ഷകള്‍ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ രംഗത്തെത്തി. ഭൗമസൂചിക പദവി (ജിഐ) അവകാശങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു ആരോപണം.
കോലാപുരില്‍നിന്ന് ഉത്ഭവിച്ച ഈ പരമ്പരാഗത പാദരക്ഷകള്‍ നിര്‍മിക്കുന്ന കരകൗശല വിദഗ്ധരുടെ ഒരു സംഘം പരാതിയുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ ഈ ഉത്പന്നത്തെ സംരക്ഷിക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രാഡ പ്രൊമോട്ട് ചെയ്യുന്ന ചെരിപ്പുകളുടെ വില ഒരു ജോഡിക്ക് 1.7 ലക്ഷം മുതല്‍ 2.10 ലക്ഷം വരെയാണ്. പ്രാഡ ഓര്‍ഡറുകള്‍ നല്കിയാല് കോലാപുരിലെ പരമ്പരാഗത ചെരിപ്പ് നിര്‍മാതാക്കള്‍ക്ക് അത് ആശ്വാസകരമാകുമെന്നും കോലാപുരി ബ്രാന്‍ഡ് ആഗോളതലത്തില്‍ എത്തുമെന്നുമാണ് കോലാപുരി സംഘം ചൂണ്ടിക്കാട്ടിയത്. ഈ വിഷയത്തില്‍ നിയമപരമായി നീങ്ങാനാണ് കോലാപുരി സംഘത്തിന്റെ തീരുമാനം.
കുറ്റസമ്മതം നടത്തി പ്രാഡ
കോലാപുരി പ്രാഡ വിവാദം ചര്‍ച്ചയായതോടെ കുറ്റസമ്മതം നടത്തി പ്രാഡ രംഗത്തെത്തി. മിലാനില്‍ നടന്ന ഫാഷന്‍ ഷോയില്‍ തിളങ്ങിയ ആ തുകല്ച്ചെരിപ്പുകളുടെ ഡിസൈനിനു പ്രചോദനമായത് ഇന്ത്യയുടെ സ്വന്തം കോലാപുരി ചെരിപ്പുകളാണെന്ന് പ്രാഡ തുറന്നു സമ്മതിച്ചു. കടുത്ത വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ആഡംബരത്തിന്റെ അവസാനവാക്കുകളിലൊന്നായ പ്രാഡയുടെ തുറന്നുപറച്ചില്‍. വിമര്‍ശനവുമായി കോലാപുരി ചെരിപ്പുനിര്‍മാതാക്കളും രംഗത്തെത്തിയതോടെ പ്രാഡയുടെ ഉടമകളുടെ മകനും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി മേധാവിയുമായ ലൊറെന്‍സോ ബെര്‍ത്തേലി മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്സിനയച്ച കത്തില്‍ ഇങ്ങനെ കുറിച്ചു: ‘ഇന്ത്യയില്‍ കൈവേല ചെയ്തുണ്ടാക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള ചെരിപ്പുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആ ചെരിപ്പുകള്‍ നിര്‍മിച്ചതെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു’. ഇതോടെ പ്രാഡ കോലാപുരി വിവാദം വീണ്ടും ചര്‍ച്ചയായി.
അതിനിടെ പ്രാഡ മറ്റൊരു ന്യായീകരണവും നല്കി, തങ്ങള്‍ അവതരിപ്പിച്ച ചെരിപ്പ് ഡിസൈന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ‘ഡെവലപ്മെന്റ്’ ഘട്ടത്തിലാണെന്നുമായിരുന്നു അത്. ഷോയിൽ മോഡലുകൾ ധരിച്ചിരിക്കുന്ന ചെരിപ്പുകളും വസ്ത്രങ്ങളും വിൽപനയ്ക്കായി പുറത്തിറക്കുമോ എന്നതിൽ പോലും തീരുമാനമായിട്ടില്ലെന്നും പ്രാഡ വക്താവ് അറിയിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയില്‍ കോലാപുരി നിര്‍മിക്കുന്നവരുമായി ഫലപ്രദമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രാഡ തങ്ങളുടെ ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാക്കി.
പ്രാഡയും സാംസ്കാരിക അപഹരണവും
പ്രാഡ എന്ന ബ്രാന്‍ഡിനെതിരേ ഉയര്‍ന്ന ആരോപണം, മറ്റൊരു സംസ്കാരത്തില്‍ നിന്ന് ഡിസൈനുകള്‍ എടുത്ത് ഉപയോഗിച്ചു എന്നതാണ്. ഇതിനെ സാംസ്കാരിക അപഹരണം എന്ന് വിളിക്കുന്നു. അതായത്, ഒരു ഫാഷന്‍ കമ്പനി മറ്റൊരു സംസ്കാരത്തിന്റെ ഡിസൈനുകള്‍ അനുവാദമില്ലാതെ അവരുടെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നു. ഇത് അറിയാതെ ചെയ്തതാണെന്ന് പലപ്പോഴും അവര്‍ അവകാശപ്പെടുന്നത്. പാശ്ചാത്ത്യ ഫാഷന്‍ ഹൗസുകള്‍ ഇങ്ങനെ ചെയ്യുന്നത് ആദ്യമായല്ല. കുര്‍ത്തയോട് സാമ്യമുള്ള ലിനന്‍ കഫ്താന് വന്‍ വിലയ്ക്ക് വിറ്റതിന് ഗൂച്ചിയും കെഫിയ സ്റ്റൈല്‍ സ്കാര്‍ഫ് വില്പന നടത്തിയതിന്റെ പേരില്‍ ലൂയി വിറ്റോണും മുന്‍പ് പ്രതികൂട്ടിലായിട്ടുണ്ട്. മറ്റ് സംസ്കാരങ്ങളില്‍ നിന്നും കടമെടുക്കുന്നത് ഫാഷന്റെ ഭാഗമാണെങ്കിലും അതിന് അനുവാദം വാങ്ങുകയും, ആ സംസ്കാരത്തിന് അംഗീകാരമോ നഷ്ടപരിഹാരമോ നല്‍കുകയും വേണം.
അതേസമയം പ്രാഡ അവതരിപ്പിച്ച ചെരിപ്പിന് കോലാപുരി എന്ന് പേരിടുകയോ അതിന്റെ നിര്‍മാണ രീതി പിന്തുടരുകയോ ചെയ്യാത്തിടത്തോളം കോലാപുരിയിലെ ചെരിപ്പ് നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം. നിയമപരമായി നീങ്ങിയാലും ഡിസൈന്‍ ക്രെഡിറ്റ് അവകാശപ്പെടാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

പ്രതിസന്ധിയില്‍ കോലാപുരി
അടുത്തിടെയായി കോലാപുരി ചെരിപ്പ് വ്യവസായവും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തുകലിന്റെ ലഭ്യതക്കുറവും മാര്‍ക്കറ്റ് ഡിമാന്‍ഡ് ഇടിഞ്ഞതും ഗോവധ നിരോധനവും തുകല്‍ സംസ്കാരണശാലകള്ക്കുള്ള നിയന്ത്രണങ്ങളുമെല്ലാമാണ് കോലാപുരി വ്യവസായത്തിന് തിരിച്ചടിയായത്. മാര്‍ക്കറ്റ് ഡിമാന്‍ഡ് കുറഞ്ഞതും വ്യാജന്മാര് മാര്ക്കറ്റിലിറങ്ങുന്നതും യഥാര്‍ഥ കോലാപുരി നിര്‍മാണത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതിനാല്‍ തന്നെ രാജ്യത്തെ കോലാപുരി ചെരിപ്പ് നിര്‍മാണത്തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കോലാപുരി നിര്‍മാണ മേഖലയില്‍ ഇപ്പോള്‍ പരമാവധി ഇരുപതിനായിരം പേരാണുള്ളത്. മുന്‍പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവാണിത്.
കോലാപുരി പോലെയുള്ള സാംസ്കാരിക സൃഷ്ടിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രാഡ പോലുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുമ്പോള്‍ യഥാര്‍ഥ തൊഴിലാളികള്‍ അവഗണിക്കപ്പെടുകയും കുറഞ്ഞ വരുമാനത്തില്‍ നട്ടം തിരിയുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് യഥാര്‍ഥ കോലാപുരിയുമായി കൈകോര്‍ക്കാന്‍ പ്രാഡ തയ്യാറാവണമെന്നും കോലാപുരിയെ ആഗോള മാര്‍ക്കറ്റിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നുമാണ് തൊഴിലാളി സംഘങ്ങളുടെ ആവശ്യം.