വീണ്ടും ഇടിഞ്ഞ് സ്വര്‍ണ്ണം; 4 ദിവസത്തില്‍ പവന് 2680 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയിലും, ഗ്രാമിന് 60 രൂപ താഴ്ന്ന് 8,225 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പവന് 2,680 രൂപയുടെ കുറവാണ് ഉണ്ടായത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളിലും പ്രതിഫലിക്കുന്നത്. ആഗോള വിപണികളില്‍ സ്വര്‍ണ്ണം ഇറക്കം തുടരുന്നു. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 1.38% ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണ്ണം ഔണ്‍സിന് 43.25 ഡോളര്‍ താഴ്ന്ന് 2,994.66 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഇതേസമയം ആഗോള സ്വര്‍ണ്ണവില ഔണ്‍സിന് 3,025.87 ഡോളറായിരുന്നു. പലിശ നിരക്കു കുറയ്ക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപിൻ്റെ നിര്‍ദേശത്തെ ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പരിഗണിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണ്ണത്തെ തളര്‍ത്തുന്ന പ്രധാന ഘടകം. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നാം തിയതി പ്രാദേശിക സ്വര്‍ണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരം രേഖപ്പെടുരത്തിയിരുന്നു. പവന് 68,480 രൂപയായിരുന്നു വില. തുടര്‍ന്ന് സ്വര്‍ണ്ണം തിരുത്തലിൻ്റെ പാതയിലാണ്. ഇന്നലെ പവന് 66,280 രൂപയിലാണ് വ്യാപാരം നടന്നത്. അതായത് 3 ദിവസം കൊണ്ട് പവന് 2,200 രൂപയുടെ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞതോടെ ജുവലറികളുടെ ബുക്കിംഗ് സ്‌കീമുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. നോമ്പിന് ശേഷം വിവാഹ സീസണില്‍ വില കുറയുന്നത് തിരക്കിന് കാരണമാകുന്നുണ്ട്.