Google Beam; ഇനി തൊട്ടടുത്ത് ഇരിക്കാം!!! 3ഡി വീഡിയോ കോൺഫറൻസിങ് സേവനം ‘ബീം’ അവതരിപ്പിച്ച് ഗൂഗിൾ

Google Beam ; 3 ഡി വീഡിയോ കോൺഫറൻസിങ് സംവിധാനമായ ബീം ഔദ്യോഗികമായി അവതരിപ്പിച്ച് ഗൂഗിൾ. കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഗൂഗിൾ I/O യിലാണ് ബീം അവതരിപ്പിച്ചത്. നേരത്തെ പ്രൊജക്ട് സ്റ്റാർലൈൻ എന്ന പേരിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ബീമിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിർമ്മിതബുദ്ധി, 3ഡി ഇമേജിങ് സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. വ്യക്തികളുടെ ദൃശ്യം കൂടുതൽ വലുതായും ഡെപ്തിലും കാണുന്നതിനായി പ്രത്യേക ഡിസ്പ്ലേയും ഇതിൽ ഉപയോഗിക്കും. ഇതുവഴി ദൂരെയിരുന്ന് സംസാരിക്കുന്ന ഒരാൾ യഥാർത്ഥത്തിൽ നമ്മുടെ മുന്നിൽ ഇരുന്ന് സംസാരിക്കുന്നത് പോലെ തോന്നും. ഹെഡ്സെറ്റോ പ്രത്യേക ഗ്ലാസോ ഇതിന് ആവശ്യമില്ല. സ്വാങാവികമായ രീതിയിൽ മുഖാമുഖം സംസാരിക്കാനാവും വിധമാണ് ഇത് ഒരുക്കിയിരിക്കുന്നത്. എഐയുടെ സഹായത്തോടെയാണ് സാധാരണ വീഡിയോയെ വിവിധ കോണുകളിൽ നിന്നു കാണുന്ന 3ഡി ദൃശ്യങ്ങളാക്കി മാറ്റുന്നത്. ഗൂഗിൾ ക്ലൗഡിലാണ് ബീമിന്റെ പ്രവർത്തനം. ഓഫീസ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബീം ഒരുക്കിയിരിക്കുന്നത്. എച്ച്പിയുമായി സഹകരിച്ചാണ് ബീം ഉപകരണങ്ങൾ വിപണിയിലെത്തിക്കുക. വരാനിരിക്കുന്ന ഇൻഫോകോം പരിപാടിയിൽ ഈ ഉപകരണങ്ങൾ പ്രദർശിപ്പിക്കും. ഗൂഗിൾ മീറ്റ്, സൂം എന്നീ പ്ലാറ്റ്ഫോമിലും ബീം എത്തിക്കാനുള്ള ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ട്. ഇതുവഴി സോഫ്റ്റ് വെയർ മാറാതെ തന്നെ ബീം ഉപയോഗിക്കാനാവും. സൂം, ഡൈവേഴ്സിഫൈഡ്, എവിഐ-എസ്പിഎൽ എന്നീ കമ്പനികളുമായി സഹകരിച്ച് ബീം കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഡിലോയിറ്റ്, സേയിൽസ്ഫോഴ്സ്, സിറ്റാഡെൽ, എൻഇസി, ഹാക്കെൻസാക്ക് മെരിഡിയൻ ഹെൽത്ത്, ഡൂലിംഗോ എന്നീ കമ്പനികൾ ഇതിനകം ബീം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.