20 ലക്ഷം രൂപ വരെയുള്ള ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രം

കുറഞ്ഞ ഡോക്യുമെന്റേഷനോടെ ഈട് രഹിത ഭവന വായ്പ പദ്ധതിയുമായി കേന്ദ്രം എത്തുന്നു. മൂന്നാം കക്ഷി ഗ്യാരണ്ടി ഇല്ലാതെ 20 ലക്ഷം രൂപ വരെ നൽകാനാണ് നീക്കം. താഴ്ന്ന ഇടത്തരം വരുമാനക്കാർക്കായാണ് ഈ സീറോ കൊളാറ്ററൽ ഹൗസിംഗ് ലോൺ സ്‌കീം സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ലോ ഇൻകം ഹൗസിംഗിനായുള്ള ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടി ഫണ്ട് സ്‌കീമിലെ ഭേദഗതികൾ പദ്ധതിക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പദ്ധതിക്ക് കീഴിൽ വായ്പകൾക്ക് 30 വർഷം വരെ തിരിച്ചടവ് സാവകാശം നൽകുമെന്നും പറയപ്പെടുന്നു. ഇതു സാധാരണക്കാർക്ക് കുറഞ്ഞ തിരിച്ചടവ് ഉറപ്പാക്കും.
നിലവിലെ വ്യവസ്ഥകൾ പ്രകാരം എട്ട് ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് ഗ്യാരണ്ടിയുള്ള പരിരക്ഷയ്ക്ക് അർഹതയുണ്ട്. വായ്പയ്ക്ക് ആവശ്യമായ രേഖകൾ നൽകാൻ ഇല്ലാത്തവരുടെ ഭവനമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് സർക്കാർ ലക്ഷ്യം. രേഖാമൂലമുള്ള വരുമാനമോ, കുറഞ്ഞ അനുബന്ധ രേഖകളോ ഇല്ലാത്തവർക്ക് വീട് വാങ്ങാൻ ക്രെഡിറ്റ് ഈ പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിക്കു കീഴിൽ യോഗ്യമായ വരുമാനം, തുല്യമായ പ്രതിമാസ ഗഡു, അറ്റ പ്രതിമാസ വരുമാന അനുപാതം തുടങ്ങിയ പാരാമീറ്ററുകൾ ഉറപ്പിക്കുന്നതിന് ധനകാര്യ, ഭവന, നഗരകാര്യ മന്ത്രാലയം, നാഷണൽ ഹൗസിംഗ് ബാങ്കും മറ്റ് വാണിജ്യ ബാങ്കുകളുമായി ചർച്ച നടത്തി വരുന്നുവെന്നാണ് വിവരം. ചർച്ചയിൽ ധാരണയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. വായ്പാ തുകയുടെ 70% വരെ ലോ ഇൻകം ഹൗസിംഗിനായുള്ള ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടി ഫണ്ട് സ്‌കീമിന് കീഴിൽ ഗ്യാരണ്ടി നൽകും.
ഗ്യാരണ്ടി, കവറേജ് കാലയളവ് എന്നിവയുടെ വ്യാപ്തിയിലും ചർച്ചകൾ പുരേഗമിക്കുകയാണ്. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗമായി (ഇഡബ്ല്യുഎസ്) കണക്കാക്കുന്നു. വാർഷിക വരുമാനം 3 മുതൽ 6 ലക്ഷം രൂപ വരെയുള്ളവർ ലോ ഇൻകം ഗ്രൂപ്പും, വാർഷിക വരുമാനം 6 മുതൽ 9 ലക്ഷം വരെയുള്ളവർ ഇടത്തരം വരുമാന ഗ്രൂപ്പും ആണ്.
നഗര ഭവന നിർമ്മാണത്തിന് മിതമായ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന് പലിശ സബ്സിഡി പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ജൂലൈയിലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ലോ ഇൻകം കുടുംബങ്ങൾക്ക് താങ്ങാനാവുന്ന ഭവന വായ്പകൾക്ക് ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടിയുടെ ആനുകൂല്യം നൽകാനായി ഓഗസ്റ്റിൽ, ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിന്റെ കോർപ്പസ് ഫണ്ട് 1,000 കോടി രൂപയിൽ നിന്ന് 3,000 കോടി രൂപയായി സർക്കാർ വർദ്ധിപ്പിച്ചിരുന്നു.