Bright Business Kerala

BUSINESS NEWS LATEST NEWS

boycott turkish products; തുർക്കിയെ ബഹിഷ്കരിച്ച് ഇന്ത്യൻ വ്യാപാരികൾ; കോഫിയും ചോക്ലേറ്റും വേണ്ട

boycott turkish products; തുർക്കിയെ ബഹിഷ്കരിച്ച് ഇന്ത്യൻ വ്യാപാരികൾ; കോഫിയും ചോക്ലേറ്റും വേണ്ട
  • PublishedMay 22, 2025

boycott turkish products; ഇന്ത്യാ – പാക്ക് സംഘർഷത്തിൽ പാക്കിസ്ഥാന് തുറന്ന പിന്തുണ നൽകിയ തുർക്കിയോട് കടുത്ത പ്രതിഷേധം രാജ്യത്തുയരുകയാണ്. തുർക്കിയോടുള്ള വാണിജ്യബന്ധങ്ങൾ പരമാവധി വെട്ടിക്കുറയ്ക്കുന്നതിൻ്റെ ഭാഗമായി തുർക്കി ഉത്പന്നങ്ങളായ ചോക്ലേറ്റുകൾ, കാപ്പി, ജാം, സൗന്ദര്യവർദ്ധകവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ഇന്ത്യൻ പലചരക്ക് കടകളും പ്രമുഖ ഓൺലൈൻ ഫാഷൻ റീട്ടെയിലർമാരും ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ഇന്ത്യ ഔദ്യോഗികമായി ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അനൗദ്യോഗിക പ്രചാരണം ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ വർഷം തുർക്കിയിൽ നിന്നുള്ള ഇറക്കുമതി 2.7 ബില്യൺ ഡോളറായിരുന്നു. പ്രധാനമായും ധാതു ഇന്ധനങ്ങളും അമൂല്യ ലോഹങ്ങളുമായിരുന്നു ഇവ. വസ്ത്ര ഇറക്കുമതി മാത്രം 81 ദശലക്ഷം ഡോളറായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റീട്ടെയിൽ മേഖലയ്ക്ക് പുറമെയും ബഹിഷ്കരണം വ്യാപിക്കുന്നുണ്ട്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു, തുർക്കി ആപ്പിൾ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞു. 2024-ൽ ഏകദേശം 60 ദശലക്ഷം ഡോളറിൻ്റെ തുർക്കി ആപ്പിൾ ഇറക്കുമതിയാണ് നടന്നത്. ഇന്ത്യയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിലിനിടെയാണ് ഇന്ത്യൻ റീട്ടെയിലർമാരും ഓൺലൈൻ പ്ലാറ്റ്ഫോമുകളും തുർക്കി ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, യാത്രാ സേവനങ്ങൾ എന്നിവയെല്ലാം ബഹിഷ്കരണത്തിൻ്റെ പരിധിയിൽ വരും. 13 ദശലക്ഷം പലചരക്ക് കടകൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ തുർക്കി ഉത്പന്നങ്ങൾക്ക് അനിശ്ചിതകാലത്തേയ്ക്ക് പൂർണ്ണമായ ബഹിഷ്കരണം പ്രഖ്യാപിച്ചു. ചോക്ലേറ്റ്, വേഫറുകൾ, ജാം, ബിസ്കറ്റ്, ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ എന്നിവയെ ഇത് ബാധിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു. ഏകദേശം 2000 കോടി രൂപയാണ് ഇത് വഴി തുർക്കിയ്ക്ക് നഷ്ടമാവുക. പ്രമുഖ ഇന്ത്യൻ ഓൺലൈൻ ഫാഷൻ റീട്ടെയിലർമാരും ബഹിഷ്കരണത്തിൽ പങ്കുചേർന്നിട്ടുണ്ട്. ഫ്ലിപ്കാർട്ടിൻ്റെ ഫാഷൻ വിഭാഗമായ മിന്ത്ര, ട്രെൻഡിയോൾ, എൽസി വൈകികി, മാവി തുടങ്ങിയ തുർക്കി ബ്രാൻഡുകൾ ഒഴിവാക്കിയതായി റിപ്പോർട്ടുണ്ട്. റിലയൻസിൻ്റെ ഫാഷൻ പ്ലാറ്റ്ഫോമായ അജിയോ, ട്രെൻഡിയോൾ, കോട്ടൺ തുടങ്ങിയ പ്രമുഖ തുർക്കി ബ്രാൻഡുകളെ ലിസ്റ്റിംഗുകളിൽ നിന്ന് നീക്കം ചെയ്തു. പല ഉൽപ്പന്നങ്ങൾക്കും ‘സ്റ്റോക്കില്ല’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ യാത്രക്കാർ തുർക്കിയിലേക്കുള്ള യാത്രകൾ റദ്ദാക്കുകയും സർക്കാർ തുർക്കി ഏവിയേഷൻ സർവീസസ് കമ്പനിയായ സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കുകയും ചെയ്തിരുന്നു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *