Met Gala 2025; മെറ്റ് ഗാലയിൽ വീണ്ടും കേരളത്തിൻ്റെ കയ്യൊപ്പ്! അതിമനോഹരമായ പരവതാനി ഒരുക്കിയത് ആലപ്പുഴയിൽ നിന്നുള്ള ‘നെയ്ത്ത്’ എക്സ്ട്രാവീവ്

Met Gala 2025; ലോക ജനത ഉറ്റുനോക്കുന്ന ഫാഷൻ ഇവൻ്റായ മെറ്റ് ഗാലയിൽ ഇത്തവണയും കേരളത്തിൻ്റെ പങ്കാളിത്തം. നീല നിറത്തിൽ ഡിസൈനോട് കൂടിയ അതിമനോഹരമായ മെറ്റ് ഗാലയിലെ പരവതാനി ഡിസൈൻ ചെയ്തത് കേരളത്തിൽ നിന്നുള്ള സംരഭമായ ‘നെയ്ത്ത്-എക്‌സ്ട്രാവീവ്’ ആണ്. 2022, 2023 മെറ്റ് ഗാലകളിലേയും പരവതാനി ഇവർ തന്നെയാണ് നെയ്‌തെടുത്തിരുന്നത്. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപെറ്റാണ് മെറ്റ് ഗാലയ്ക്കായി ആലപ്പുഴയിലെ ചേർത്തലയിൽ നിന്നുള്ള കമ്പനി നിർമിച്ചുനൽകിയത്. കേരളത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ പരവതാനിയെ കുറിച്ച് മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 480 തൊഴിലാളികൾ 90 ദിവസങ്ങൾകൊണ്ട് നെയ്‌തെടുത്ത കാർപെറ്റുകൾ ലോകത്തിന്റെയാകെ മനം കവർന്നുവെന്നും മന്ത്രി കുറിച്ചു. നേരത്തെ ബെക്കിങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം നെയ്ത്ത് സംരഭം തങ്ങളുടെ കാർപെറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്നാം തവണയും മെറ്റ് ഗാലയിലൂടെ കേരളത്തിൻ്റെ ടെക്‌സ്റ്റൈൽ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ് ‘നെയ്ത്ത്’ സംരഭമെന്നും മന്ത്രി കൂട്ടിച്ചേർത്തു.