Resto Cafe; കൊച്ചി ഇനി വേറെ ലെവൽ! 270 കോടി രൂപ ചിലവിൽ വരുന്നു പുതിയ പദ്ധതി

Resto Cafe; കൊച്ചി നഗരത്തിൻ്റെ ഹൃദയഭാഗത്ത് 270 കോടി രൂപ ചിലവിൽ പുതിയ പദ്ധതി വരുന്നു. നഗരത്തിൽ 25 റെസ്റ്റോ കഫേകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ബുധനാഴ്ച നടന്ന കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗം ചർച്ച ചെയ്തു. സ്വകാര്യ ടൗൺ പ്ലാനിംഗ് കൺസൾട്ടൻസിയായ അർബൻ സൊല്യൂഷൻസ് അവതരിപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. കഫേകൾക്കൊപ്പം പൊതുശൗചാലയവും 24 മണിക്കൂർ ക്യാമറ നിരീക്ഷണവും ഉണ്ടാകും. നഗരത്തിന്റെ ഹൃദയഭാഗത്ത് നടപ്പാക്കുന്ന ഈ പദ്ധതിക്ക് 270 കോടി ചെലവാണ് പ്രതീക്ഷിക്കുന്നത്. 900 സക്വയർഫീറ്റ് വീതം വരുന്ന റെസ്റ്റോ കഫേകളിൽ വർക്ക് സ്പേസ്, റെസ്റ്റ് റൂം, ഫുഡ് ഔട്ട്ലെറ്റ്, ചാർജിങ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. പദ്ധതിക്കായി 75 സെന്റ് സ്ഥലമാണ് ആവശ്യമായി വരിക. റെസ്‌റ്റോ കഫെ നിർമിക്കുന്നതിന് പകരമായി നഗരത്തിൽ 3500 സ്‌ക്വയർ മീറ്റർ സ്ഥലം കമ്പനിക്ക് പരസ്യം സ്ഥാപിക്കാൻ നൽകണം. വർക്ക് സ്പെയ്‌സ്, വാട്ടർ കിയോസ്‌ക് ഉൾപ്പെടെ സജ്ജമാക്കി അവയിലായിരിക്കും പരസ്യം. പരസ്യവരുമാന നികുതി കോർപ്പറേഷന് ലഭിക്കും. ഓപ്പറേഷൻസ്, മെയിന്റനൻസ് അടക്കമുള്ള ചിലവാണ് 270 കോടി രൂപ. കോർപ്പറേഷൻ ഇതിനായി പണം മുടക്കേണ്ടതില്ല. 20 വർഷത്തിനുശേഷം കോർപ്പറേഷന് ഇവ കൈമാറുമെന്നും കമ്പനി പ്രതിനിധി പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിലെ ചില പ്രദേശങ്ങളിൽ ആരംഭിക്കുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. ഇത് വിജയമായാൽ ബാക്കി ഇടങ്ങളിൽ റെസ്റ്റോ കഫേയും റെസ്റ്റ് റൂമും അടക്കമുള്ളവ നിർമിക്കാനുളള അനുമതി നൽകുമെന്നും മേയർ കൂട്ടിച്ചേർത്തു. ചർച്ചയ്ക്ക് പിന്നാലെ പദ്ധതിയുടെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനും വിശദാംശങ്ങൾ അവതരിപ്പിക്കുന്നതിനും മേയർ എം അനിൽകുമാർ സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരീക്ഷണാടിസ്ഥാനത്തിൽ ഒന്നോ രണ്ടോ സ്ഥാപിച്ച്, അവയുടെ പ്രകടനം വിലയിരുത്തി, ബാക്കിയുള്ളവയുമായി മുന്നോട്ടുപോകുന്നതാണ് ഉചിതം. സ്ഥലങ്ങൾ, നിയമപരമായ വശങ്ങൾ, കരാറുകൾ, പരസ്യങ്ങൾക്കുള്ള സ്ഥലം, ജോലിസ്ഥലങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഘടനകൾ എന്നിവ പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കി.