Kochi Metro; കൊച്ചി മെട്രോയിൽ ഇനി യാത്ര മാത്രമല്ല, ചരക്ക് നീക്കവും…

Kochi Metro; ഇനി കൊച്ചി മെട്രോയിൽ യാത്ര മാത്രമല്ല, ചരക്ക് നീക്കവും. മെട്രോയുടെ വരുമാനം വർധിപ്പിക്കാനാണ് പുതിയ തീരുമാനം. കൊച്ചി മെട്രോ ലഘു ചരക്ക് ഗതാഗതം ആരംഭിച്ചാൽ നഗരത്തിലുള്ള ചെറുകിട ബിസിനസുകാർ, കച്ചവടക്കാർ, എന്നിവർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. ചെറുകിട ബിസിനസുകാർ, കച്ചവടക്കാർ എന്നിവർക്ക് നഗരത്തിലുടനീളം ഉത്പ്പന്നങ്ങൾ തടസ്സമില്ലാതെ കൊണ്ടുപോകാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് ആശ്രയിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാനും വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നും കരുതുന്നു. യാത്രക്കാരെ പ്രതികൂലമായി ബാധിക്കാതെ ഇത് നടപ്പാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ വ്യക്തമാക്കി. മെട്രോ സൗകര്യങ്ങൾ ചരക്ക് ഗതാഗതത്തിനായി പ്രയോജനപ്പെടുത്തണമെന്ന കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ലഘു ചരക്ക് മേഖലയിലേക്ക് കടക്കാൻ കൊച്ചി മെട്രോ തീരുമാനിച്ചത്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ, പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലുമായിരിക്കും ചരക്ക് സർവീസുകൾ നടത്തുക. KMRL ഒരു പഠനം നടത്തി ചരക്ക് ഗതാഗതത്തിനുള്ള നിരക്ക് നിശ്ചയിക്കും. ഇത് സംബന്ധിച്ച നിയമ ചട്ടക്കൂടും മാർഗ്ഗനിർദ്ദേശങ്ങളും ഉടൻ തയ്യാറാക്കും. നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം പൂർണ്ണമായും ഇതിനായി ഉപയോഗിക്കാനാണ് പദ്ധതി. കൊച്ചി മെട്രോ, കേരളത്തിലെ ഒരു പ്രധാനപ്പെട്ട യാത്രാ സംവിധാനമാണ്. 2017-ൽ ആരംഭിച്ച ഈ മെട്രോ, കൊച്ചിയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു എന്നുതന്നെ പറയാം. ട്രെയിൻ, റോഡ്, ജലഗതാഗത സൗകര്യങ്ങൾ ഒരുമിപ്പിച്ച് ഉപയോഗിക്കാനുള്ള അവസരം കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്. സുസ്ഥിര ഗതാഗതത്തിനും, എല്ലാവരെയും ഉൾക്കൊള്ളുന്നതിനും, അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനും കൊച്ചി മെട്രോ ഒരു മികച്ച ഉദാഹരണമാണ്.