പ്രകൃതിയിൽ നിന്ന് ലാഭകരമായ ഉൽപ്പാദനം; മരച്ചീനി സ്റ്റാർച്ച് സ്പ്രേയും തെങ്ങോല സ്ട്രോയും ഉണ്ടാക്കി അവിസ്മരണീയ വിജയം നേടിയ സംരംഭകർ

- PublishedJuly 14, 2025
പുതിയ ബിസിനസ് ആശയങ്ങള്‍ക്ക് വേണ്ടി തലപുകക്കുന്നവര്ക്ക് മുന്നില്‍ മാതൃകയാകുകയാണ് ഇവര്‍. നമ്മുടെ ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ ബിസിനസാക്കി മാറ്റി വിജയിപ്പിച്ചെടുത്ത മലയാളി സംരംഭകര്‍. ഇവര്‍ ദേശീയ തലത്തില്‍ തന്നെ ആദരം ഏറ്റുവാങ്ങിയിരിക്കുന്നു. മരച്ചീനിയില്‍ നിന്ന് സ്റ്റാര്‍ച്ച് സ്പ്രേയും തെങ്ങോലയില്‍ നിന്ന് സ്ട്രോയുമൊക്കെ നിര്‍മിച്ച് സംരംഭകത്വത്തില്‍ അല്ഭുതങ്ങള് സൃഷ്ടിക്കുന്നവര്‍. കേന്ദ്ര സര്‍ക്കാരിന്റെ റാഫ്ത്താര്‍ അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററുകളുടെയും അവയുടെ കീഴിലുള്ള മികച്ച അഗ്രി-സ്റ്റാര്‍ട്ട്അപ്പുകളുടെയും ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള സംരംഭങ്ങള്‍ക്ക് ലഭിച്ചത് മികവിനുള്ള ആദരമാണ്.
ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ നിന്നുളള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി 100 അഗ്രി-ഫുഡ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 300 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശീയ അഗ്രി-സ്റ്റാര്‍ട്ട്അപ്പ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മേഖലയിലെ വളര്‍ച്ചക്ക് വഴികാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ യോഗം നടന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവരുടെ ആശയങ്ങള്‍ ദേശീയതലത്തില്‍ അവതരിപ്പിക്കുന്നതിനും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമുള്ള അസുലഭ വേദിയാണ് ഡല്‍ഹിയില്‍ ലഭിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത കേരള കാര്‍ഷിക സര്‍വ്വകലാശാല അഗ്രിബിസിനസ്സ് ഇന്‍ക്യുബേറ്റര്‍ മേധാവി ഡോ. കെ. പി സുധീര്‍ അഭിപ്രായപ്പെട്ടു. മറ്റ് അഗ്രി-സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി ഇത് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. കേരള കാര്‍ഷിക സര്‍വ്വകലാശാല അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററിനു കീഴിലെ ആറ് മികച്ച അഗ്രി-സ്റ്റാര്‍ട്ട് അപ്പുകളുകളാണ് യോഗത്തില്‍ ശ്രദ്ധാകേന്ദ്രമായത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് പരിശീലനവും ധനസഹായവും ലഭിച്ച വിനീത എ.കെ., മാനസ് മധു, ബ്രിജിത്ത് കൃഷ്ണ, ഡോ. സജി വര്‍ഗീസ്, ടി.ജെ തങ്കച്ചന്, വിദ്യ കെ.എസ് എന്നിവര്‍ അവരുടെ വ്യത്യസ്തങ്ങളായ ആശയങ്ങള്‍ യോഗത്തില്‍ പങ്കുവച്ചു.
ആര്യവേദിക്ക് നാച്വറല്‍സ് പ്രൈവറ്റ് ലിമിറ്റഡ്
മരച്ചീനി സ്റ്റാര്‍ച്ചില്‍ നിന്നും പ്രക്യതി-സൗഹ്യദ ഫാബ്രിക് കെയര്‍ സ്പ്രേ (Aryavedic Naturals Starch Spray) വികസിപ്പിച്ചെടുത്ത് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ വുമണ്‍ ഇന്‍ ചേഞ്ച് അവാര്‍ഡ് കരസ്ഥമാക്കിയ സ്ത്രീ സംരംഭകയാണ് വിനീത എ.കെ. തികച്ചും പ്രകൃതിദത്തമായ അസംസ്കൃത വസ്തുക്കളിലൂടെ വസ്ത്രവ്യാപാര രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ് വിനീത നേതൃത്വം നല്കുന്ന ബയോ ആര്യവേദിക്ക് നാച്വറല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (Aryavedic Naturals private Ltd). കാര്‍ഷിക മേഖലയിലേക്കുള്ള സ്ത്രീ സംരംഭകരുടെ പുതിയ ചുവടുവെപ്പുകള്‍ക്ക് പ്രചോദനമാവുകുന്നതുമാണ് ഈ സംരംഭം. മരച്ചീനി കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം നേടികൊടുക്കാനും വിനീതക്ക് കഴിയുന്നു.
ബിയോണ്ട് സനാക്
കായ വറുത്തതിനെ വ്യത്യസ്തമായ രുചിക്കൂട്ടുകളില്‍ സ്വാദിഷ്ടമായി സമന്വയിപ്പിച്ചാണ് ബിയോണ്ട് സനാക് (beyond snack) എന്ന ബ്രാന്‍ഡിലൂടെ എം.ബി.എ ബിരുദധാരിയായ മാനസ് മധുവിന്റെ ഡോ.ജാക്ക് ഫ്രൂട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റിഡ് വിപണിയില്‍ ജനപ്രീതി നേടുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സ്വീകാര്യമാകുന്ന വിധത്തില്‍ കായവറുത്തതിന്റെ പുതിയ നിര്‍വചനമായി മാറിയ ബിയോ സ്നാകിന് ഷാര്‍ക്ക് ടാങ്ക് ഇന്ത്യയിലൂടെ 50 ലക്ഷം മൂലധന നിക്ഷേപവും 2.5 ശതമാനം ഓഹരിയും നേടിയെടുക്കാന്‍ കഴിഞ്ഞു.
ഈറ്ററി മലബാറിക്കസ്
മുളപ്പിച്ച കശുവണ്ടിയില്‍ നിന്നുള്ള ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളിലൂടെ വരുമാനം കണ്ടെത്തുന്ന ബ്രിജിത്ത് കൃഷ്ണയുടെ ഈറ്ററി മലബാറിക്കസും (Eatery malabarikas) ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. വീട്ടില്‍ സൂക്ഷിച്ച കശുവണ്ടിയുടെ വില്പന മുടങ്ങിയപ്പോഴാണ് കശുവണ്ടിയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ എന്ന ആശയത്തെ കുറിച്ച് ബ്രിജിത്ത് കൃഷ്ണ ആലോചിച്ചു തുടങ്ങിയത്. മുളച്ചു തുടങ്ങിയ കശുവണ്ടിയില്‍ നിന്ന് തുടങ്ങിയ ആ പരീക്ഷണം ഇന്ന് കെ.എ.യു അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററിലൂടെ സംരംഭകത്വ പടവുകള്‍ കയറി മുന്നേറുകയാണ്. ഭുവനേശ്വരില്‍ 2023 ല്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മികച്ച കശുമാങ്ങ സംരംഭകനുള്ള അവാര്‍ഡും ഐ സി എ ആര് ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചിന്റെ ഇന്നവേറ്റീവ് സംരംഭകനുള്ള അവാര്‍ഡും നേടിയെടുക്കാന്‍ ബ്രിജിത്ത് കൃഷ്ണക്ക് സാധിച്ചു.
സാഫോണ്‍ റിപര്‍പ്പസ്
പാഴ്വസ്തുക്കളില് നിന്നും അധികാദായം നേടുകയെന്ന ആശയത്തില്‍, തെങ്ങോലയില്‍ നിന്നും സണ്‍ബേഡ്സ് എന്ന ബ്രാന്‍ഡില്‍ സ്ട്രോ വികസിപ്പിച്ചെടുത്ത് ഇരുപത്തഞ്ചോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വിപണിയില്‍ തിളങ്ങുകയാണ്, സ്വിറ്റ്സര്‍ലാന്‍ഡ് മാസ് ചലഞ്ച് അവാര്‍ഡ് ജേതാവായ ഡോ. സജി വര്‍ഗീസിന്റെ സാഫോണ്‍ റിപര്‍പ്പസ് (zaphonrepurpose).
രാസവസ്തുക്കളുടെ ഉപയോഗം കൂടാതെ തന്നെ ഒരു പട്ടയില്‍ നിന്നും ഏകദേശം 200 സ്ട്രോ വരെ നിര്‍മ്മിച്ചെടുക്കാന്‍ സാഫോണ്‍ റിപര്പ്പസിന് കഴിയുന്നു. തെങ്ങോല ചുരുട്ടിയെടുക്കുന്നതിനും മറ്റുമായി എട്ടോളം യന്ത്രങ്ങളും ഇതിനോടകം ഡോ.സജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ ഉപയോഗിക്കുന്നതിനുള്ള പരിശീലനം വിവിധ സ്ത്രീ കൂട്ടായ്മകള്‍ക്ക് നല്കി കൂടുതല്‍ വരുമാനം കണ്ടെത്താന്‍ അവരെ പിന്തുണക്കുന്നു.
ടി.എം.ജെ ഫുഡ്സ് ഇന്ത്യ
ആരോഗ്യകരമായ നൂതന ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, വൈറ്റമിന്‍ ഡി2 ധാരാളമായി അടങ്ങിയിട്ടുള്ള മഷ്റൂം ന്യൂട്രി ഹെല്‍ത്ത് ഡ്രിങ്ക് എന്ന വ്യത്യസ്തവും പുതുമയുള്ളതുമായ ആശയം അവതരിപ്പിച്ചാണ് ടി.ജെ തങ്കച്ചന്റെ ടി.എം.ജെ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (TMJ foods India Pvt,Ltd) ജനശ്രദ്ധ നേടിയത്. കൂണ് കര്‍ഷകര്‍ക്ക് അധികാദായം നേടികൊടുക്കുാനും തങ്കച്ചന് കഴിയുന്നു.
സ്വോജാസ് ഫാംസ്
ആധുനികലോകം മറന്നുതുടങ്ങിയ മില്ലറ്റുകളുടെ ആരോഗ്യ ഗുണങ്ങള്‍ നൂതന ഉല്‍പ്പന്നങ്ങളായി ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്ന സ്ത്രീ സംരംഭകയാണ് വിദ്യ കെ.എസ്. സുസ്ഥിരമായ ജൈവകൃഷിയിലൂടെ ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങള്‍ വീണ്ടെടുക്കുകയാണ് വിദ്യ സഹസ്ഥാപകയായ സ്വോജാസ് ഫാംസിന്റെ (svojasfarms) ലക്ഷ്യം. മില്ലറ്റ് അവല്, പുട്ട് പൊടി, ദോശ മിക്സുകള്‍, ന്യൂഗ്രിബാറുകള് എന്നീ നൂതന ഉല്‍പ്പന്നങ്ങളിലൂടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബേക്കറികളിലും മറ്റും ലഭ്യമായ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് മില്ലറ്റിലൂടെ ആരോഗ്യകരമായ ബദലാണ് സ്വോജാസ് ഫാംസ് കണ്ടെത്തിയിരിക്കുന്നത്
ആഗോള വിപണിയിലേക്ക് കാല്‍വെപ്പ്
തദ്ദേശീയ അഗ്രി-സ്റ്റാര്‍ട്ട് അപ്പ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മേഖലയിലെ വളര്‍ച്ചക്ക് ദിശ നിര്‍ദ്ദേശിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാനലക്ഷ്യം. വിവിധ മേഖലകളിലെ വിദഗ്ധരും നയനിര്‍മ്മാതാക്കളും പങ്കെടുത്ത വേദി, പുതിയ സംരംഭകര്‍ക്ക് ആഗോള വിപണിയിലേക്കുളള കാല്വെപ്പിന് പ്രചോദനമായതായി കേരള കാര്‍ഷിക സര്‍വ്വകലാശാല അഗ്രിബിസിനസ്സ് ഇന്‍ക്യുബേറ്റര്‍ മേധാവി ഡോ.കെ.പി സുധീര്‍ അഭിപ്രായപ്പെട്ടു.