ലാറി ഫിങ്ക്: മസ്‌കിനേക്കാൾ ആസ്തിയുള്ള കോടീശ്വരൻ

കെ എം ജീബു
ലോക കോടീശ്വരൻ ഇലോൺ മസ്‌കിനെ വെല്ലുന്ന കോടീശ്വരനെ പറ്റി നാം ആരും അധികം കേട്ടുകാണില്ല. ടെസ്ല, സ്‌പേസ് എക്‌സ് തുടങ്ങി നിരവധി ആഗോള പ്രശസ്ത സ്ഥാപനങ്ങളുടെ ഉടമയായ മസ്‌ക് എന്നും ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായി കൊണ്ടിരിക്കുകയാണ്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപിൻ്റെ വിജയത്തിന് ശേഷം മസ്‌കിൻ്റെ ആസ്തിയിൽ വൻ വർധവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇലോൺ മസ്‌ക്, ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ് തുടങ്ങിയ പേരുകൾ സമ്പന്നരുടെ തലക്കെട്ടുകളിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ സമ്പത്ത് മാനേജ്‌മെന്റിൽ ഇവരെയൊക്കെ നിഷ്പ്രഭമാക്കുന്ന മറ്റൊരാളുണ്ട്. ബ്ലാക്ക് റോക്കിൻ്റെ സിഇഒ ലാറി ഫിങ്ക് ആണ് ഈ അപൂർവ്വ വ്യക്തി. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ തലവനാണ് ഇദ്ദേഹം. നിലവിൽ ഫിങ്ക് കൈകാര്യം ചെയ്യുന്നത് 11.5 ട്രില്യൺ ഡോളറിൻ്റെ ആസ്തിയാണ്. ലാറി ഫിങ്കും, അദ്ദേഹത്തിൻ്റെ ഏഴ് പങ്കാളികളും ചേർന്ന് 1988 ലാണ് ബ്ലാക്ക്റോക്ക് സ്ഥാപിച്ചത്. ഇന്ന് നിക്ഷേപത്തിലും, സാങ്കേതിക പരിഹാരങ്ങളിലും ആഗോള നേതാവായി ഈ സ്ഥാപനം മാറികഴിഞ്ഞു. ലോകമെമ്പാടുമുള്ള മ്യൂച്വൽ ഫണ്ടുകളിലൂടെയും, നിക്ഷേപങ്ങളിലൂടെയും മികച്ച സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാൻ വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിച്ചു വരികയാണ് ഈ സ്ഥാപനം ചെയ്തു വരുന്നത്.
ബ്ലാക്ക് റോക്ക് മാനേജ്മെൻ്റിന് കീഴിലുള്ള ആസ്തികൾ ഇന്ന് അമേരിക്കയുടെ ജിഡിപിയുടെ പകുതിയോളം വരും. പലരും ഫിങ്കിനെ അമേരിക്കയുടെ പകുതി ഉടമ എന്ന് വിശേഷിപ്പിക്കാൻ കാരണവും ഇതു തന്നെ. അതേസമയം, ഫോർബ്സ് കണക്കുകൾ പ്രകാരം ഫിങ്കിൻ്റെ വ്യക്തിഗത ആസ്തി 1.3 ബില്യൺ ഡോളർ മാത്രമാണ്. ബ്ലാക്ക് റോക്കിലെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് അപ്പുറമാണ് ലാറി ഫിങ്കിൻ്റെ നേട്ടങ്ങൾ. വേൾഡ് ഇക്കണോമിക് ഫോറം, മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ഇൻ്റർനാഷണൽ റെസ്‌ക്യൂ കമ്മിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ ബോർഡ് അംഗം കൂടിയാണ് ഇദ്ദേഹം. ബെയ്ജിംഗിലെ സിംഗ്വാ സർവകലാശാലയുടെ ഉപദേശക സമിതിയിലും ഫിങ്ക് ഉണ്ട്. എൻ വൈ യു ലാങ്കോൺ മെഡിക്കൽ സെൻ്റർ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെ സഹ ചെയർമാനാണ്.
യുസിഎൽഎ പൂർവ്വ വിദ്യാർത്ഥിയായ ഫിങ്ക് ഇവിടെ നിന്ന് ബിഎ യും, എംബിഎയും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 18 -ന് യേൽ സിഇഒ ഉച്ചകോടിയിൽ ഫിങ്കിനെ യേൽ ലെജൻഡ് ഇൻ ലീഡർഷിപ്പ് അവാർഡ് നൽകി ആദരിച്ചിരുന്നു. സാമ്പത്തിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു ഈ അംഗീകാരം. എന്നാൽ പരമ്പരാഗത ശത കോടീശ്വരന്മാരുടെ പട്ടികയിൽ ഫിങ്കിന് ഇടം നേടാൻ സാധിച്ചിട്ടില്ല. അതേസമയം ആഗോള സമ്പദ് വ്യവസ്ഥയെ, പ്രത്യേകിച്ച് യുഎസ് സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് അനിഷേധ്യമാണ്. ബ്ലാക്ക്റോക്ക് ഇന്ന് പല രാജ്യങ്ങളുടെയും ജിഡിപിയെ മറികടക്കുന്ന സമ്പത്ത് കൈകാര്യം ചെയ്യുന്നുതിന് കാരണം ഫിങ്കിൻ്റെ നേതൃപാടവം കൂടിയാണ്.