ഒന്നിലധികം അമേരിക്കൻ കമ്പനികളിൽ ഒരേസമയം ജോലിയുമായി ഇന്ത്യക്കാരൻ; സോഹം പരേഖിന്റെ ‘മൂൺലൈറ്റിങ്’ വിവാദം എന്താണ്?

ഇന്ത്യക്കാരനായ സോഹം പരേഖ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചാവിഷയമായി. ഒരേസമയം ഒന്നിലധികം വിദേശ കമ്പനികളിൽ ജോലി ചെയ്ത് തൊഴിൽദാതാക്കളെ തെറ്റിദ്ധരിപ്പിച്ച വിവരം പുറത്തുവന്നതോടെയാണ് ഈ ഇന്ത്യൻ ടെക്കി വൈറലായത്.
മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദവും ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ഡിഗ്രിയും സമ്പാദിച്ച പരേഖ് പ്രമുഖ ടെക് കമ്പനികളായ ഡൈനാമോ എഐ, യൂണിയൻ എഐ, സിന്തേഷ്യ, അലൻ എഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മിക്സ്പാനൽ സ്ഥാപകൻ സുഹൈൽ ദോഷി എക്‌സിലൂടെ സോഹത്തിനെതിരെ മുന്നറിയിപ്പ് നൽകിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. തന്റെ കമ്പനിയിൽ സോഹം പരേഖ് ജോലി ചെയ്തിരുന്നതായും ‘മൂൺലൈറ്റിങ്’ നടത്തുന്നതായി കണ്ടെത്തിയതോടെ ഏഴു ദിവസത്തിനുള്ളിൽ പുറത്താക്കിയതായും ദോഷി വെളിപ്പെടുത്തി. ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ‘മൂൺലൈറ്റിങ്’ എന്താണെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു.
മൂൺലൈറ്റിങ് എന്താണ്?
ഒരാൾ തന്റെ പ്രധാന ജോലിക്ക് അധികമായി, ജോലി സമയത്തിന് ശേഷമോ അവധി ദിവസങ്ങളിലോ തൊഴിൽദാതാവിന്റെ അറിവില്ലാതെ മറ്റ് ജോലികളിൽ ഏർപ്പെടുന്നതിനെയാണ് ലളിതമായി മൂൺലൈറ്റിങ് എന്ന് വിളിക്കുന്നത്. അധിക വരുമാനം ഉണ്ടാക്കുക, പുതിയ വൈദഗ്ധ്യം നേടുക, അല്ലെങ്കിൽ ഇഷ്ടമുള്ള മേഖലയിൽ പ്രവർത്തിക്കുക എന്നിവയൊക്കെയാണ് ആളുകൾ മൂൺലൈറ്റിങ് ചെയ്യുന്നതിനുള്ള പ്രധാന കാരണങ്ങൾ.
പ്രധാന ജോലിക്ക് പുറത്ത് സ്വന്തം താൽപ്പര്യങ്ങൾക്കും ഹോബികൾക്കും സമയം കണ്ടെത്താൻ ചിലർ ഇത്തരം അധിക ജോലികളെ കാണാറുണ്ട്. മിക്ക സമയങ്ങളിലും പ്രധാന തൊഴിൽദാതാവിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ആളുകൾ ഇത് ചെയ്യുന്നത്. ഇത് ചിലപ്പോൾ തൊഴിൽ കരാറുകളുടെ ലംഘനമായി മാറാം. ഒന്നിലധികം ജോലികൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോൾ, പ്രധാന ജോലിയിലെ ഉത്പാദനക്ഷമതയെയും ശ്രദ്ധയെയും ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
സോഹം പരേഖിന്റെ വിശദീകരണം
തനിക്ക് മൂൺലൈറ്റിങ് ചെയ്തതിൽ കുറ്റബോധം അനുഭവപ്പെടുന്നുണ്ടെന്നും എന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് താൻ ഇത് ചെയ്തതെന്നുമാണ് സോഹം പരേഖിന്റെ വിശദീകരണം. ഇതിനിടെ സോഹത്തിന് ജോലി ഓഫറുമായി നിരവധി സ്റ്റാർട്ട്അപ് കമ്പനികൾ രംഗത്ത് എത്തിയിട്ടുണ്ട്. ഒന്നിലധികം തൊഴിൽ ചെയ്യുമ്പോഴും ഒന്നിലും സോഹം വീഴ്ച വരുത്തിയിട്ടില്ലെന്നും രണ്ടാമത് ഒരവസരം കൂടി സോഹത്തിന് നൽകണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.