Kochi water metro; രണ്ട് വർഷം കൊണ്ട് 40 ലക്ഷത്തിലധികം യാത്രക്കാർ; കൊച്ചിക്ക് അഭിമാനമായി വാട്ടർ മെട്രോ

Kochi water metro; രാജ്യത്തിന് തന്നെ മാതൃകയായ കൊച്ചി വാട്ടർ മെട്രോയിൽ ഇതുവരെ സഞ്ചരിച്ചത് 40 ലക്ഷത്തിലധികം പേർ. സർവ്വീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോഴാണ് 40 ലക്ഷത്തിലധികം യാത്രക്കാരെന്ന നേട്ടം വാട്ടർ മെട്രോ സ്വന്തമാക്കിയത്. കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി സർവ്വീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമം. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർ മെട്രോ വിനോദസഞ്ചാരികൾക്ക് പുറമേ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാ സമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർ മെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ അന്തർദേശീയ വ്ലോഗർമാരടക്കം വ്ലോഗ് ചെയ്യുന്നതിനായി എത്തുന്ന നമ്മുടെ വാട്ടർ മെട്രോ മാതൃക ഇന്ത്യയിലെ 17 സ്ഥലങ്ങളിൽ കൂടി ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിക്കൊണ്ടിരിക്കുകയാണന്നതും മലയാളികളെ സംബന്ധിച്ച് അഭിമാനകരമായ ഒരു വസ്തുതയാണെന്ന് മന്ത്രി പറഞ്ഞു. വാട്ടർ മെട്രോ ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതൽ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും നമുക്ക് സാധിച്ചിരുന്നു. പരിസ്ഥിതി സൗഹൃദമായ, എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ കേന്ദ്രസർക്കാർ പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കുന്നു എന്നതിൻ്റെ ഉദാഹരണമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വേദിയിൽ കേന്ദ്രമന്ത്രി ജയന്ത് ചൗധരി കൊച്ചി വാട്ടർ മെട്രോ ഉത്തർ പ്രദേശ് മാതൃകയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെത്തിയ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോനോവാൾ, അതുല്യമായ യാത്രാ അനുഭവമാണ് കൊച്ചി വാട്ടർ മെട്രോയിലേത് എന്നും ജല യാത്രയ്ക്ക് ഇത്രയേറെ വ്യത്യസ്തയും ആസ്വാദ്യതയും ആവേശവും സുഖവും പ്രാദനം ചെയ്യുന്ന മറ്റൊന്നില്ല എന്നുമാണ് സന്ദർശക രജിസ്റ്ററിൽ എഴുതിയത്. ജി 20 ഉദ്യോഗസ്ഥ ഉച്ചകോടിക്കെത്തിയവരും നമ്മുടെ വാട്ടർ മെട്രോയെ പ്രശംസിച്ചിരുന്നുവെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.