10 രൂപയ്ക്ക് പുതിയ പാനീയവുമായി റിലയൻസ്; വിപണി പിടിക്കാൻ പുതിയ തന്ത്രവുമായി അംബാനി

രാജ്യത്തെ പാനീയ വിപണിയിൽ ചുവടുവെച്ച് അംബാനി. പെപ്സി, കൊക്കക്കോള, ടാറ്റ, ഡാബർ എന്നീ വൻകിട കമ്പനികൾ വിപണിയിൽ അരങ്ങ് വാഴുമ്പോഴാണ് റിലയൻസ് കൂടി ഈ വിപണിയിലേക്ക് ചുവട് വെക്കുന്നത്. റാസ്കിക്ക് ഗ്ലൂക്കോ എനർജി എന്ന പേരിലാണ് പുതിയ പാനീയം വിപണിയിലെത്തിക്കുന്നത്. അതും വെറും 10 രൂപയ്ക്ക്. എന്തായാലും വേനൽക്കാലത്ത് ശീതള പാനീയങ്ങൾ വിപണിയിൽ ഇടം പിടിക്കുമ്പോൾ അംബാനിയുടെ റാസ്കിക്ക് ഗ്ലൂക്കോ ഇടം പിടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട! ഇലക്‌ട്രോലൈറ്റുകൾ, ഗ്ലൂക്കോസ്, നാരങ്ങ നീര് എന്നിവയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഊർജവും ജലാംശവും ആവശ്യമുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കോ ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്നവർക്കോ അനുയോജ്യമാണ് ഈ പാനീയം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിയർപ്പിലൂടെ നഷ്‌ടപ്പെടുന്ന ധാതുക്കൾ ലഭിക്കാൻ സഹായകരമായ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളും ഗ്ലൂക്കോസും പാനീയത്തിൽ അടങ്ങിയിരിക്കുന്നു.
റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള റിലയൻസ് കഴിഞ്ഞ വർഷമാണ് കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡ് പാനീയ ബ്രാൻഡായ റാസ്കിക്കിനെ ഏറ്റെടുത്തത്. തെക്ക് – കിഴക്കൻ യൂറോപ്പിലെ കൊക്കക്കോളയുടെ മേധാവിയായിരുന്ന വികാസ് ചൗള 2019 ലാണ് റാസ്കിക്ക് എന്ന പേരിലുള്ള പാനീയ ബ്രാൻഡ് ആരംഭിക്കുന്നത്. 2022ൽ സമാനമായ രീതിയിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്സ് ലിമിറ്റഡിൽ നിന്ന് കാംബ കോളയും റിലയൻസ് വാങ്ങിയിരുന്നു. നിലവിൽ കാംബ കോള 200 മില്ലി പാക്കിന് പത്ത് രൂപക്കാണ് റിലയൻസ് വിൽക്കുന്നത്. അതേസമയം കൊക്കക്കോള, പെപ്സി, ഡാബർ, ടാറ്റ തുടങ്ങിയവയുടെ സമാന ഉൽപ്പന്നങ്ങൾ ഇതേ അളവിലുള്ള പാക്കിന് 20 രൂപയാണ് വില.
രാജ്യത്തെമ്പാടും റാസ്കിക്ക് ഗ്ലൂക്കോ എനർജി ലഭ്യമാക്കാൻ ആണ് റിലയൻസിൻറെ പദ്ധതി. 10 രൂപയുടെ പാക്കിന് പുറമേ 750 മില്ലിയുടെ വലിയ ബോട്ടിലും കമ്പനി പുറത്തിറക്കും. മാമ്പഴം, ആപ്പിൾ, മിക്സഡ് ഫ്രൂട്ട്, കരിക്ക്, എന്നീ വിഭാഗങ്ങളിലാണ് റാസ്കിക്ക് ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. രാജ്യത്തെ ആൾക്കഹോൾ ഇതര പാനീയ വിപണിയുടെ വാർഷിക വളർച്ച 8.7 ശതമാനമാണ്. മാമ്പഴം, ആപ്പിൾ, മിക്‌സഡ് ഫ്രൂട്ട്സ്, തേങ്ങാവെള്ളം, നാരങ്ങ എന്നീ വ്യത്യസ്ത രുചിയിൽ റാസ്‌കിക്ക് ലഭ്യമാകും.