സപ്ലൈകോ ജില്ലാ ഓണം ഫെയറിന് തുടക്കമായി

സപ്ലൈകോ ജില്ലാ ഓണം ഫെയറിന് കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ തുടക്കമായി. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഫെയർ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും നല്ല രീതിയിൽ ഓണം ആഘോഷിക്കുന്നതിനുള്ള ക്രമീകരണം സർക്കാർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ആനുകൂല്യങ്ങളും അതത് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാനുള്ള നടപടികൾ സർക്കാർ എടുത്തു. ഓണവിപണിയിൽ വലിയ ഉണർവ് ഉണ്ടാക്കാൻ ഇത്തരം സർക്കാർ നടപടികൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വെളിച്ചെണ്ണ വില അനിയന്ത്രിതമായി ഉയർന്നപ്പോൾ സർക്കാരിന്റെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും ഇടപെടൽ വളരെ കാര്യക്ഷമമായിരുന്നു. ഓണത്തിന് ലിറ്ററിന് 600 രൂപ വരെ വെളിച്ചെണ്ണ വില ഉയരുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ വെളിച്ചെണ്ണ വിതരണക്കാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം, സപ്ലൈകോ വഴി വിലകുറച്ചു നൽകാനും അങ്ങനെ മാർക്കറ്റിലെ വെളിച്ചെണ്ണ വിലവർദ്ധന തടയാനും കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
സെപ്റ്റംബർ നാലുവരെ രാവിലെ 10 മുതൽ രാത്രി എട്ടുമണി വരെയാണ് ജില്ലാ ഓണം ഫെയർ പ്രവർത്തിക്കുക. ഞായറാഴ്ചയും പ്രവർത്തിക്കും. സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.
സപ്ലൈകോ മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ എം ആർ ദീപു അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, ജില്ലാ സപ്ലൈ ഓഫീസർ എസ് ഒ ബിന്ദു, സപ്ലൈകോ ഭരണവിഭാഗം അഡീഷണൽ ജനറൽ മാനേജർ പി. ടി. സൂരജ് , സപ്ലൈകോ മേഖല മാനേജർ ടി. ജെ. ജയദേവ് തുടങ്ങിയവർ സംസാരിച്ചു.
സപ്ലൈകോ ശബരി ബ്രാൻഡിലുള്ള സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 339 രൂപയ്ക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 389 രൂപയ്ക്കുമാണ് ഓണത്തിന് നൽകുന്നത്. പരമാവധി വില്പന വില 529 രൂപയുള്ള കേര വെളിച്ചെണ്ണ 100 രൂപ കുറച്ചു 429 രൂപയ്ക്കാണ് നൽകുക. ഓണക്കാലത്ത് സബ്സിഡി അരിയ്ക്കു പുറമേ, കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി സപ്ലൈകോ നൽകും. സബ്സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റ് പ്രമുഖ റീറ്റെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ് എം സി ജി ഉത്പന്നങ്ങളുടെ ഒരു നിര തന്നെ ഓണച്ചന്തകളിൽ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്.