തത്സുകിയുടെ പ്രവചനം പാളി; കൂപ്പുകുത്തി ജപ്പാന്‍ ടൂറിസം മേഖല, 3000 കോടിയുടെ നഷ്ടം

- PublishedJuly 14, 2025
ഇന്ന് ജൂലൈ 5, ജാപ്പനീസ് ബാബാ വാന്‍ഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം സത്യമാകേണ്ട ദിവസം, പക്ഷെ അത് ചെറുതായിട്ടൊന്ന് പാളി. ജപ്പാനില്‍ ഇന്ന് പുലര്‍ച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കും മഹാ നഗരങ്ങള്‍ കടലില്‍ വീഴുമെന്നായിരുന്നു തത്സുകിയുടെ പ്രവചനം. എന്നാല്‍ ജപ്പാനില്‍ ഇന്ന് ഒന്നും സംഭവിച്ചില്ല. റിയോ തത്സുകിയുടെ പ്രവചന സമയം പിന്നിട്ടിട്ടും ജപ്പാനില്‍ എവിടേയും വലിയ ദുരന്തങ്ങളൊന്നും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങള്‍ എല്ലായിടത്തും സുരക്ഷിതരാണെന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രവചനം സത്യാമാകുമോ എന്ന ആശങ്ക ജനങ്ങളില്‍ നിറയുമ്പോഴാണ് ശക്തമായ ഭൂകമ്പങ്ങള്‍ ജപ്പാനെ പിടിച്ച് കുലുക്കിയത്. പ്രവചനം വന്നതിന് പിന്നാലെ അഞ്ഞൂറിലധികം ചെറു ചലനങ്ങള്‍ തെക്കുപടിഞ്ഞാറന്‍ ടൊകാര ദ്വീപിനെ പിടിച്ചുലച്ചത് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആശങ്ക പരത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ജപ്പാനില്‍ 1,000ല്‍പരം ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതുമൂലം എവിടെയും സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയ്തു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി. വ്യാഴാഴ്ചയും തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായതായാണ് കണക്ക്. ടോകര ദ്വീപ് ആണ് പ്രകമ്പനത്തിന്റെ കേന്ദ്രം. ടോക്കിയോയില്‍ നിന്ന് ഏകദേശം 1200 കിലോമീറ്റര്‍ അകലെയാണിത്. തോഷിമ ഗ്രാമത്തില്‍ 6 തീവ്രതയുള്ള ഒരു ഭൂചലനം രേഖപ്പെടുത്തി. 1919 മുതലുള്ള കണക്ക് പരിശോധിച്ചപ്പോള്‍ ഇവിടെ ഇത്ര തീവ്രതയുള്ള ഭൂചലനം ആദ്യമാണെന്ന് ജപ്പാന്‍ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
എന്നാല്‍ തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ജപ്പാന്‍ ടൂറിസത്തിന് എട്ടിന്റെ പണിയാണ് കിട്ടിയത്. ലക്ഷകണക്കിന് വിനോദ സഞ്ചാരികളാണ് ജപ്പാനിലേക്കുള്ള വിനോദ സഞ്ചാരം റദ്ദാക്കിയത്. കോടികളുടെ നഷ്ടമാണ് ഇതിലൂടെ ജപ്പാന്‍ ടൂറിസത്തിന് സംഭവിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടത്തോടെ വിമാനയാത്ര ഉപേക്ഷിച്ചതിനെ തുടര്‍ന്ന വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഏകദേശം 390 കോടി ഡോളര്‍ നഷ്ടം ഇതില്‍ നിന്ന് മാത്രം ജപ്പാനുണ്ടായെന്നാണ് കണക്കുകള്‍.
2011ലേയും 1999ലേയും ഭൂകമ്പം പ്രവചിച്ചതാണ് റിയോയെ ശ്രദ്ധേയയാക്കിയത്. കോമിക് ഇല്ലുസ്‌ട്രേറ്ററായ റിയോ തത്സുകിയുടെ ‘ദ് ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകത്തിലൂടെയാണ് ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പുസ്തകത്തിലുള്ള ഒരു പ്രവചനം. ഇതിനെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടന്നത്. തത്സുകിയുടെ പ്രവചനം പറയുന്നത് വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്ന് ചിലര്‍ വാദിച്ചു. കടല്‍ തിളച്ചുമറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്നുമുള്ള തരത്തിലും ആളുകള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. മഹാദുരന്തങ്ങള്‍ ഉണ്ടാകുമെന്ന പ്രവചനം നടത്തി ലോകത്തെയാകെ ഞെട്ടിച്ച റിയോ തത്സുകി എന്ന ജപ്പാന്‍കാരിയെ ആ രാജ്യത്തെ ഭരണാധികാരികള്‍ എന്തു ചെയ്യും എന്നതാണ് ഇനി അറിയേണ്ടത്.