Bright Business Kerala

LATEST NEWS

ആഗോള കാന്‍സര്‍ സമ്മേളനം കൊച്ചിയില്‍

ആഗോള കാന്‍സര്‍ സമ്മേളനം കൊച്ചിയില്‍
  • PublishedApril 30, 2026

കൊച്ചി: ആഗോള കാന്‍സര്‍ സമ്മേളനത്തിന് മെയ് 02, 03 തീയതികളില്‍ കൊച്ചി വേദിയാകുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ എറണാകുളം ക്രൗണ്‍ പ്ലാസയില്‍ വെച്ചാണ് ആഗോള കാന്‍സര്‍ രോഗ വിദഗ്ദരുടെ സമ്മേളനം. വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗത്തിനെതിരെ അവബോധം വളര്‍ത്തുക, അത്യാധുനിക കാന്‍സര്‍ ചികില്‍സാരീതികള്‍ ചര്‍ച്ച ചെയ്യുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. വി ലൂയിസ്, ഡോ. ശ്യാം വിക്രം, ഡോ. വരുണ്‍ രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. ഒരു ലക്ഷം പേരില്‍ 170 പേര്‍ കാന്‍സര്‍ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വര്‍ഷത്തില്‍ ഏകദേശം 85,000 നും 90,000 നുമിടയില്‍ പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കാന്‍സറിനെതിരെ അവബോധം കൂടുതല്‍ ശക്തമാക്കുന്നതിനായി ആഗോള സമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഡോ. പി. വി ലൂയിസ് പറഞ്ഞു.
കാന്‍സര്‍ ചികില്‍സയില്‍ പുതിയ നയരൂപീകരണം എങ്ങനെ സാധ്യമാക്കാം എന്നതും സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്. സമ്മേളനത്തില്‍ രൂപപ്പെടുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. കാന്‍സര്‍ ചികില്‍സയിലെ വിവിധ മേഖലകള്‍ സംബന്ധിച്ച് വിദഗ്ദര്‍ നയിക്കന്ന സെമിനാറുകള്‍, ക്രോസ് റോഡ്‌സ് എന്ന പേരില്‍ കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ആരോഗ്യവിദഗ്ധര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംവാദം എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും. കാന്‍സര്‍ ചികില്‍സയിലും ട്രാന്‍സ്പ്ലാന്റ് വലിയ ഘടകമായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്പ്ലാന്റ് ഓങ്കോളജി എന്ന പ്രത്യേക സെക്ഷനും സമ്മേളനത്തില്‍ ഉണ്ടാകും. വിദേശ രാജ്യങ്ങളിലെ കാന്‍സര്‍ ചികില്‍സയിലെ നിലവാരം എങ്ങനെ ഇവിടെ സാധ്യമാക്കാം എന്നത് സംബന്ധിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *