Bright Business Kerala

LATEST NEWS

ചൈനയെ മറികടന്ന് ഇന്ത്യയിലേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ ഒഴുക്ക്; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

ചൈനയെ മറികടന്ന് ഇന്ത്യയിലേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ ഒഴുക്ക്; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്
  • PublishedJune 25, 2026

ന്യൂഡൽഹി: ആഗോളതലത്തിൽ തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന വൻകിട ബഹുരാഷ്ട്ര കമ്പനികൾ ചൈനയ്ക്ക് പകരം ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഏറ്റവും പുതിയ ‘ചീഫ് ഇക്കണോമിസ്റ്റ്സ് ഔട്ട്ലുക്ക്’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശക്തമായ സാമ്പത്തിക വളർച്ച, അനുകൂലമായ സർക്കാർ നയങ്ങൾ, വിപുലമായ ആഭ്യന്തര വിപണി എന്നിവയാണ് ഇന്ത്യയെ ആഗോള കമ്പനികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. ഭൂരാഷ്ട്രീയ സംഘർഷങ്ങളുംവിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം ആഗോള കമ്പനികൾ തങ്ങളുടെ നിർമ്മാണ തന്ത്രങ്ങൾ പുനഃപരിശോധിക്കുകയാണ്. ഉത്‌പാദനത്തിനായി ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്ന രീതിക്ക് പകരം കമ്പനികൾ ഇപ്പോൾ ‘ചൈന പ്ലസ് വൺ’ നയം സ്വീകരിക്കുന്നു. ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നാണ്‌ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്‌.

ലോകത്തിലെ മറ്റ് പ്രമുഖ സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ വരും വർഷങ്ങളിൽ ഇന്ത്യ കൈവരിക്കാൻ പോകുന്ന ദ്രുതഗതിയിലുള്ള വളർച്ചയാണ് കമ്പനികളെ ആകർഷിക്കുന്നത്. രാജ്യത്തെ വലിയൊരു ശതമാനം വരുന്ന യുവജനങ്ങളും വർദ്ധിച്ചുവരുന്ന മധ്യവർഗവും ഉപഭോക്തൃ വിപണിയിൽ വൻ ഡിമാൻഡാണ് സൃഷ്ടിക്കുന്നത്.
ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പി.എൽ.ഐ (Production-Linked Incentive – PLI) പദ്ധതികൾ ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപം ആകർഷിക്കാൻ സഹായിച്ചു. രാജ്യത്തെ ലോജിസ്റ്റിക്സ് സംവിധാനങ്ങൾ, ഇൻഡസ്ട്രിയൽ കോറിഡോറുകൾ, ഡിജിറ്റൽ പൊതുസംവിധാനങ്ങൾ എന്നിവയിലുണ്ടായ പുരോഗതിയും ഇന്ത്യയുടെ മുൻതൂക്കം വർദ്ധിപ്പിക്കുന്നു. നിലവിൽ സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ ഭാഗങ്ങൾ, പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണ മേഖലകളിൽ നിരവധി ആഗോള കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിച്ചു കഴിഞ്ഞു. റെഗുലേറ്ററി നൂലാമാലകളും തൊഴിൽ വൈദഗ്ധ്യമുള്ളവരുടെ കുറവും ഇന്ത്യ നേരിടുന്ന ചില വെല്ലുവിളികളാണെങ്കിലും, വരും ദശകത്തിൽ അന്താരാഷ്ട്ര നിക്ഷേപത്തിന്റെ വലിയൊരു പങ്ക് ഇന്ത്യയിലേക്ക് ഒഴുകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *