സുസ്ഥിര നഗര ഗതാഗതം-ഗവേഷണത്തിനായി കൊച്ചി മെട്രോയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണാപത്രം ഒപ്പുവച്ചു
- PublishedFebruary 7, 2026
സുസ്ഥിര നഗര ഗതാഗതവും പൊതു ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (ഐഐഎസ്സി), ബെംഗളൂരും തമ്മിൽ ബുധനാഴ്ച ധാരണാപത്രം ഒപ്പുവച്ചു. ബഹുമുഖ നഗര ഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്ന കെഎംആർഎല്ലിന്റെ പ്രായോഗിക പരിചയവും, ഡാറ്റയെ ആധാരമാക്കിയ ആധുനിക ഗവേഷണ രംഗത്തെ ഐഐഎസ്സിയുടെ വൈദഗ്ധ്യവും ഒരുമിച്ച് ഉപയോഗപ്പെടുത്തുകയാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിര ഗതാഗത ആസൂത്രണം, ഗതാഗത പ്രവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക്ചെയിൻ, സിമുലേഷൻ മോഡലിംഗ്, തുടങ്ങിയ നവീന സാങ്കേതികവിദ്യകളുടെ പ്രയോഗം എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ.
”നഗര ഗതാഗതം ഒരു നഗരത്തിന്റെ ജീവിത യോഗ്യതയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. വായു ഗുണനിലവാരം, പൊതുആരോഗ്യം, എല്ലാവർക്കും തുല്യമായ പ്രവേശനം, ജീവിത നിലവാരം എന്നിവയെല്ലാം ഗതാഗതവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. ഐഐഎസ്സിയുമായി ആരംഭിച്ച ഈ സഹകരണത്തിലൂടെ ശാസ്ത്രീയവും സമഗ്രവുമായ സമീപനം സ്വീകരിച്ച് കൊച്ചിയിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുകയാണ് കെഎംആർഎല്ലിന്റെ ലക്ഷ്യം ” കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. മെട്രോ റെയിൽ, വാട്ടർ മെട്രോ, കനാൽ വികസന പദ്ധതികൾ തുടങ്ങിയ വിവിധ സംരംഭങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുന്ന സംയോജിത പരിഹാരങ്ങളാണ് ഇതിലൂടെ രൂപപ്പെടുക, എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സഹകരണം യഥാർത്ഥ നഗര പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഐഐഎസ്സി ബെംഗളൂരുവിലെ ഗതാഗത ആസൂത്രണ-നയ വിഭാഗം പ്രൊഫസർ പ്രൊ. ആശിഷ് വർമ്മ പറഞ്ഞു,
“യഥാർത്ഥ ഡാറ്റയെ അടിസ്ഥാനമാക്കി വ്യവസ്ഥാപിതമായ സൌകര്യങ്ങളിലൂടെ സ്വീകരിക്കുന്ന ഗവേഷണ രീതികളിലൂടെയും എഐ അധിഷ്ഠിത സിമുലേഷൻ മോഡലുകളിലൂടെയും ഗതാഗത ഇടപെടലുകൾ എങ്ങനെ നഗരത്തിന്റെ സമഗ്ര വളർച്ചയെ സ്വാധീനിക്കുന്നു എന്ന് വിലയിരുത്താനാകും. സുസ്ഥിരവും ജീവിത യോഗ്യവുമായ നഗര ഗതാഗതത്തിന് കൊച്ചി ഒരു ദേശീയ മാതൃകയായി മാറണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,” പ്രൊ. ആശിഷ് വർമ്മ പറഞ്ഞു.
ഗതാഗത ഇടപെടലുകൾ നടപ്പാക്കുന്നതിന് മുൻപ് അവയുടെ പ്രതിഫലനം വിർച്വൽ അന്തരീക്ഷത്തിൽ വിലയിരുത്താൻ സഹായിക്കുന്ന ആധുനിക സിമുലേഷൻ മോഡലുകളും ബുദ്ധിപരമായ ഉപകരണങ്ങളും ഐഐഎസ്സി വികസിപ്പിച്ചിട്ടുണ്ടെന്നും, പൊതുഗതാഗത ശൃംഖലകളുടെ രൂപകൽപ്പന, സർവീസ് ഫ്രീക്വൻസി, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ സ്ഥാനം, ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ സങ്കീർണ്ണ വിഷയങ്ങളിൽ ഇവ നിർണായകമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ സഹകരണം കെഎംആർഎല്ലിന്റെ നിലവിലുള്ളതും ഭാവിയിലേതുമായ പദ്ധതികൾക്ക് ശാസ്ത്രീയവും സാങ്കേതികവുമായ പിന്തുണ നൽകുന്നതോടൊപ്പം, ഇന്ത്യയിലെ മറ്റ് നഗരങ്ങൾക്കും അന്താരാഷ്ട്ര തലത്തിലും അനുകരിക്കാവുന്ന സുസ്ഥിര നഗര ഗതാഗത മാതൃകയായി കൊച്ചിയെ ഉയർത്തിക്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെഎംആർഎൽ ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം. പി. രാംനവാസ് പഞ്ഞു.
ധാരണാപത്രത്തിന്റെ ഭാഗമായി പ്രായോഗിക ഗവേഷണ പദ്ധതികൾ, അപൂർവ ഡാറ്റാസെറ്റുകളുടെ വികസനം, വിദ്യാർത്ഥികൾക്കായുള്ള ഗവേഷണ സഹകരണം, ശേഷിവികസന പരിപാടികൾ എന്നിവയും നടപ്പാക്കും. പൊതുഗതാഗതം, കാൽ നടപ്പാത, സൈക്ലിംഗ് തുടങ്ങിയ സുസ്ഥിര ഗതാഗത മാർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും സ്വകാര്യ വാഹന ആശ്രയം കുറയ്ക്കുകയും ചെയ്യുന്ന ദീർഘകാല ഗതാഗത ആസൂത്രണത്തിന് ഈ സഹകരണം വഴിയൊരുക്കും.