milma icecream; ഉപഭോക്താക്കളുടെ അഭിരുചികൾക്കനുസരിച്ച് പുതിയ രുചിയിലും രൂപത്തിലും കൂടുതൽ ഗുണമേന്മയോടെ വൈവിധ്യമാർന്ന പാക്കിംഗിൽ മിൽമ ഐസ്ക്രീം റീ ലോഞ്ച് ചെയ്തു. റി-പൊസിഷനിംഗ് മിൽമ 2023 പദ്ധതിയുടെ ഭാഗമായാണ് വിപുലമായ ക്രമീകരണങ്ങളും നവീകരണവും വരുത്തി മിൽമ ഐസ്ക്രീം വിപണി കീഴടക്കാനെത്തുന്നത്. മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി പുതിയ ലേബൽ ഐസ്ക്രീം പുറത്തിറക്കി. പരമ്പരാഗത വിപണന തന്ത്രം കൊണ്ട് മാത്രം മുന്നോട്ടു പോകാനാകില്ലെന്ന തിരിച്ചറിവിൻ്റെ ഭാഗമായാണ് പരിഷ്കരണ നടപടികൾ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റിപൊസിഷനിംഗ് മിൽമ 2023 പദ്ധതി പ്രകാരം ആദ്യ ഘട്ടത്തിൽ പാൽ, തൈര്, നെയ്യ്, ഫ്ലേവേഡ് മിൽക്ക് എന്നീ ഉത്പന്നങ്ങളും തുടർന്ന് വെണ്ണ, പനീർ, പേഡ, സംഭാരം എന്നിവയുടെയും ഗുണനിലവാരവും പായ്ക്കിംഗുമാണ് ഏകീകരിച്ചതെന്ന് കെ എസ് മണി ചൂണ്ടിക്കാട്ടി. ഈ പദ്ധതി ഐസ്ക്രീം ഉത്പന്നങ്ങളിലേക്കും കൊണ്ടു വരുന്നതിൻ്റെ ഭാഗമായാണ് പുതിയ പരിഷ്കാരം വരുത്തിയത്. മിൽമ ഉപഭോക്താക്കളുടെ ഇഷ്ട ഫ്ലേവറുകളായ വാനില, സ്ട്രോബെറി, ചോക്ലേറ്റ്, മാംഗോ, ബട്ടർസ്കോച്ച് തുടങ്ങിയ്ക്കൊപ്പം മറ്റ് ഫ്ലേവറുകളും ഒരേ രുചി, ഗുണനിലവാരം, പാക്കിംഗ്, എന്നിവയിലൂടെ വിപണിയിലേക്കെത്തുമെന്നും അദ്ദേഹം അറിയിച്ചു.

പ്ലാൻ്റ് പരിഷ്കരണം, അസംസ്കൃത വസ്തുക്കളുടെ ഏകീകരണം, കേന്ദ്രീകൃത പർച്ചേസ് സംവിധാനം തുടങ്ങിയവ നടപ്പാക്കിയാണ് ഐസ്ക്രീമിൻ്റെ ഏകീകരണം മിൽമ സാധ്യമാക്കിയത്. കാലത്തിനൊത്ത മാറ്റങ്ങൾ, കെട്ടിനും മട്ടിലും വരുത്തിയാണ് ഐസ്ക്രീമിൻ്റെ റീ ലോഞ്ച് മിൽമ നടത്തിയതെന്നും ചെയർമാൻ വ്യക്തമാക്കി. മിൽമ ഐസ്ക്രീമിന് ആവശ്യക്കാരേറെ ഉണ്ടെങ്കിലും ശീതീകരണ ശൃംഖലയുടെ അഭാവം മുൻകാലങ്ങളിൽ ബാധിച്ചിരുന്നു. ഇത് മറി കടക്കാൻ മേഖലാ യൂണിയനുകൾ മുൻകയ്യെടുത്ത് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്ന നടപടി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ക്ലാസിക്, പ്രീമിയം, റോയൽ (ഹൈ പ്രീമിയം) എന്നീ വിഭാഗങ്ങളിലാണ് മിൽമ ഐസ്ക്രീം വിപണിയിലിറക്കുന്നത്. ഇതിൽ റെഡ് വെൽവെറ്റ്, അറേബ്യൻ ഡേറ്റ്സ് തുടങ്ങിയ റോയൽ ഫ്ലേവറുകളുടെ ഗവേഷണങ്ങൾ അവസാനഘട്ടത്തിലാണ്. രാജ്യമൊട്ടാകെ മിൽമ ഐസ്ക്രീമുകൾ ഒരേ രൂപത്തിലും സ്വാദിലുമായിരിക്കും ഇനി മുതൽ ലഭിക്കുന്നത്. മിൽമ ഫെഡറേഷൻ എംഡി ആസിഫ് കെ യൂസഫ്, എറണാകുളം മേഖലായൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മലബാർ മേഖലാ യൂണിയൻ എം ഡി കെ സി ജെയിംസ്, ഇആർസിഎംപിയു എം ഡി വിൽസൺ ജെ പുറവക്കാട്ട് എന്നിവർ സംസാരിച്ചു.