Bright Business Kerala

KSEB; സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. അതിരപ്പിള്ളി പദ്ധതി ടൂറിസം പദ്ധതിയായി പരിഷ്‌കരിക്കാനും ആദിവാസി സ്‌കൂൾ, ആദിവാസി ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുമാണ് കെഎസ്ഇബി നടത്തിയ ഉന്നതതല യോഗത്തിൽ നിർദേശം ഉയർന്നത്. പരിസ്ഥിതി പ്രവർത്തകരുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിഷേധത്തെത്തുടർന്ന് ഒരു പതിറ്റാണ്ട് മുമ്പ് നിർത്തിവച്ചിരുന്നതാണ് 163 മെഗാവാട്ട് അതിരപ്പിള്ളി പദ്ധതി.

സെന്റർ ഫോർ എൻവയോൺമെന്റ് ആർക്കിടെക്ചർ ആൻഡ് ഹ്യൂമൻ സെറ്റിൽമെന്റ്‌സ് (സി-എർത്ത്) മലങ്കര അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ബാണാസുരസാഗർ അണക്കെട്ട് എന്നിവിടങ്ങളിലെ ടൂറിസം വികസനത്തെക്കുറിച്ച് 2025 ജനുവരി 17 ന് ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിൽ നിർദേശം ഉയർന്നതായി, ഏപ്രിൽ 24 ന് കെഎസ്ഇബി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 70 ശതമാനവും നിറവേറ്റാൻ കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് അതിരപ്പള്ളി പദ്ധതി പുനഃപരിശോധിക്കാൻ കെഎസ്ഇബി നിർബന്ധിതരായതെന്നും ബിജു പ്രഭാകർ പറഞ്ഞു. സംസ്ഥാനത്തിന്റെ പീക്ക്-അവർ ഡിമാൻഡ് 5,800 മെഗാവാട്ട് ആണെങ്കിലും, ജലവൈദ്യുത പദ്ധതികളിൽ നിന്ന് 1,800 മെഗാവാട്ട് മാത്രമേ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സോളാർ പവർ പ്രോജക്ടുകളിൽ നിന്ന് ബോർഡിന് ഏകദേശം 1,500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും, പകൽ സമയത്ത് മാത്രമേ ഇത് ലഭ്യമാകൂ, പീക്ക്-അവർ ഡിമാൻഡ് നിറവേറ്റാൻ ഇത് സഹായിക്കുന്നില്ല. ഡിമാൻഡ് വർദ്ധിക്കുന്നതോടെ, അമിത വിലയ്ക്ക് പുറത്തു നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നിർബന്ധിതരാകുന്നുവെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *