karachibakery; ഇന്ത്യ- പാക് സംഘർഷം കൊടുംപിരി കൊള്ളുമ്പോൾ രാജ്യത്ത് കറാച്ചി ബേക്കറി വലിയ ചർച്ചയാവുകയാണ്. രാജ്യത്ത് നിരവധി ആരാധകരുള്ള ബിസിനസ് സംരംഭമാണ് കറാച്ചി ബേക്കറി. വ്യത്യസ്തമായ രുചിഭേദങ്ങളിൽ ബിസ്‌ക്കറ്റുകൾക്ക് പേരുകേട്ട ബ്രാൻഡാണ്. വിശേഷ ദിവസങ്ങളിലും, സന്ദർഭങ്ങളിലും പലരും സമ്മാനങ്ങൾ നൽകാൻ കറാച്ചി ബിസ്‌ക്കറ്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പാകിസ്താന്റെ പഹൽഗാം ആക്രമണവും, അതിന് ശേഷമുള്ള ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നൽകിയ മറുപടിയും, തുടർന്ന് ഉടലെടുത്ത യുദ്ധ സമാന സാഹചര്യവും ഈ ഇന്ത്യൻ ബിസിനസ് സംരംഭത്തെ സാരമായി ബാധിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പേരിലെ കറാച്ചി എന്ന പദമാണ് ഇവരെ പ്രശ്നത്തിലേക്ക് കൊണ്ട് എത്തിച്ചത്. ബ്രാൻഡിന്റെ പാകിസ്ഥാൻ ബന്ധത്തെ പറ്റിയുള്ള കിംവദന്തികൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷംഷാബാദിലെ കറാച്ചി ബേക്കറിയുടെ ശാഖയാണ് ആക്രമിച്ചത്. ശനിയാഴ്ച ഉച്ചയോടെ മുദ്രാവാക്യവുമായി എത്തിയ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തി. ബേക്കറിയുടെ നെയിംബോർഡ് തകർന്നു. ഇന്ത്യ-പാക്ക് സംഘർഷത്തിൻറെ ഭാഗമായി ഇതാദ്യമായല്ല കറാച്ചി ബേക്കറിക്കെതിരെ ആക്രമണം നടക്കുന്നത്. കറാച്ചി ബേക്കറിയുടെ കഥയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം തന്നെ പഴക്കമുണ്ട്. നിലവിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബിസിനസ് സംരംഭമാണ് കറാച്ചി ബേക്കറി. ഇതിന് പാകിസ്ഥാൻ ബന്ധമുള്ള പേര് എങ്ങനെ വന്നു എന്ന് നോക്കിയാലോ? 1947-ലെ ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിന്റെ അന്തരഫലങ്ങളിൽ ഒന്നാണ് കറാച്ചി ബേക്കറി. സ്ഥാപനത്തിന്റെ സ്ഥാപകനായ ഖാൻചന്ദ് രാംനാനി വിഭജന സമയത്ത് പാകിസ്ഥാനിലെ കറാച്ചിയിലെ തന്റെ ചെറുകിട ബിസിനസ് ഉപേക്ഷിച്ച് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് മാറാൻ തീരുമാനിച്ചു. അന്ന് കൂടെ കൂട്ടിയത് തന്റെ കുടുംബത്തെയും, താൻ പഠിച്ചെടുത്ത പാചക കുറിപ്പുകളും മാത്രമായിരുന്നു. അങ്ങനെ അദ്ദേഹം തന്റെ 4 ആൺമക്കൾക്കൊപ്പം ഹൈദരാബാദിലെത്തി. തന്റെ ബേക്കറി ബിസിനസ് വീണ്ടും ആരംഭിച്ചു. കറാച്ചിയിലെ തന്റെ ജീവിതത്തിന്റെ സ്മരണയ്ക്കായി ഹൈദരാബാദിലെ ബിസിനസിന് ‘കറാച്ചി ബേക്കറി’ എന്ന് പേരിട്ടു. മൂന്നാം കക്ഷികളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളായിരുന്നു ആദ്യം ഇവർ വിറ്റിരുന്നത്. 1960 കളിൽ അവർ സ്വന്തം പാചക കുറിപ്പുകൾ പരീക്ഷിച്ചു. അതിൽ അവർ വിജയിച്ചു. വർഷങ്ങൾക്കു ശേഷം, 2007 ലാണ് ഇവർ ബഞ്ചാര ഹിൽസിൽ രണ്ടാമത്തെ കറാച്ചി ബേക്കറി സ്റ്റോർ തുറക്കുന്നത്. അതായത് ലോകം മുഴുവൻ ആരാധകരുള്ള കറാച്ചി ബേക്കറി 100 ശതമാനം ഒരു ഇന്ത്യൻ കമ്പനിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ചില ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കറാച്ചി ബേക്കറി എന്നത് ഒരു പേരല്ല, ചരിത്രം ആണെന്നു കൂടി ഇവർ മനസിലാക്കേണ്ടതുണ്ട്. ‘കറാച്ചി ബേക്കറി 100 ശതമാനം ഇന്ത്യൻ ബ്രാൻഡാണ്. 1953 -ൽ ഇന്ത്യയിലെ ഹൈദരാബാദിൽ സ്ഥാപിതമായി. ഞങ്ങളുടെ പേര് ഞങ്ങളുടെ ദേശീയതയുടെ ഭാഗമല്ല, ചരിത്രത്തിന്റെ ഭാഗമാണ്.’- കറാച്ചി ബേക്കറി വിശദീകരിക്കുന്നു. ഇന്ന് രാംനാനി കുടുംബത്തിലെ മൂന്നാം തലമുറയാണ് ഇ, സംരംഭത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഗുണനിലവാരമുള്ള ബേക്കിംഗിന്റെ യഥാർത്ഥ ഐക്കൺ കുടിയാണ് ഈ സംരംഭം. ഹൈദരാബാദിലും സെക്കന്തരാബാദിലുമായി 15 ഔട്ട്‌ലെറ്റുകളുണ്ട്. കൂടാതെ ഡൽഹിയും മുംബൈയും ബെംഗളൂരുവുമടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകളുമുണ്ട് കറാച്ചിക്ക്. ഒരു ദിവസം എല്ലാ ശാഖകളിലുമായി ഒന്നര ടണ്ണോളം ബിസ്ക്കറ്റും എണ്ണൂറോളം ബ്രഡും വിൽക്കുന്നുണ്ടെന്നാണ് ബേക്കറിയുടെ കണക്ക്. രുചിയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതാണ് വിജയരഹസ്യമെന്ന് ബേക്കറി അധികൃതരും വ്യക്തമാക്കുന്നു.
.