Bright Business Kerala

Goan Feni; സംസ്ഥാനത്ത് ആ​ദ്യമായി കഴുമാങ്ങയിൽ നിന്ന് മ​ദ്യം (ഫെ​നി) ഉത്പാ​ദി​പ്പിക്കാൻ സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാരം ലഭിച്ചു. ഡിസംബറോടെ ‘കണ്ണൂർ ഫെനി’ വിപണിയിലെത്തും. ഫെനി ഉത്പാദിക്കുന്നതിന് പയ്യാവൂർ സർവ്വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചതോടെയാണ് ഗോവൻ മാതൃകയിൽ കേരളത്തിലും ഫെനി ഉത്പാദനത്തിന് കളമൊരുങ്ങുന്നത്. കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്. ഫെനി ഉത്പാദിപ്പിക്കാൻ ലൈസൻസ് നൽകണമെന്നത് കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഫെനി ഉത്പാദിപ്പിച്ചാൽ സർക്കാരിനും കർഷകർക്കും നല്ല വരുമാനമാകുമെന്നാണ് പയ്യാവൂർ സഹകരണ ബാങ്ക് സർക്കാരിന് സമർപ്പിച്ച പദ്ധതി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു ലിറ്റർ ഫെനി ഉണ്ടാക്കാൻ 200 രൂപ ചെലവ് വരും. അത് ബിവറേജസ് കോർപ്പറേഷന് വിൽക്കും. കോർപ്പറേഷന് ഇത് 500 രൂപയ്ക്ക് വിൽക്കാമെന്നാണ് നിർദേശം. വിലയും പേരും സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. അനുമതി ലഭിച്ചാൽ ഒരു മാസത്തിനകം തന്നെ ഉത്പാദനം ആരംഭിക്കാൻ ബാങ്ക് തയാറെടുത്തിരുന്നു. എന്നാൽ കശുമാങ്ങ സീണൺ അല്ലാത്തതാണ് ഡിസംബറിൽ ഉത്പാദനം ആരംഭിക്കാനാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. പയ്യാവൂർ ടൗണിന് സമീപം രണ്ടേക്കർ സ്ഥലം കശുമാങ്ങ സംസ്‌കരിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഉത്പാദനം സംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ മാർഗ നിർദേശങ്ങൾ കൂടി ലഭ്യമായാൽ പദ്ധതി ആരംഭിക്കാനാകും. 2019 ൽ തന്നെ ബാങ്ക് പദ്ധതിയുടെ വിശദമായ രൂപരേഖ സർക്കാരിന് സമർപ്പിച്ചെങ്കിലും നിയമക്കുരുക്കുകൾ മൂലം അനുമതി വൈകുകയായിരുന്നു. ഫെനി ഡിസ്റ്റിലറി ആരംഭിക്കാൻ ബാങ്കിന് സർക്കാരിൽനിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങൾ ആവിഷ്‌കരിക്കാൻ വൈകിയതിനാൽ കഴിഞ്ഞ സീസണിൽ ഉത്പാദനം നടത്താനായില്ല. തുടർന്ന് ജൂൺ 30നാണ് അന്തിമാനുമതി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *