LATEST NEWS ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകർഷിച്ച് കേരള പവലിയൻ Byadmin@brightbusinesskerala PublishedJanuary 22, 2026 ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന 56-ാമതു ലോക സാമ്പത്തിക ഫോറത്തിലെ കേരള പവലിയൻ ശ്രദ്ധയാകർഷിക്കുന്നു. കേരളം ഇന്ത്യയുടെ ആഗോള ബിസിനസിനുള്ള കവാടം എന്നതാണ് പവലിയന്റെ പ്രമേയം. വ്യവസായ മന്ത്രി പി. രാജീവ് പവലിയൻ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി, സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവർ സന്നിഹിതരായിരുന്നു.വിജ്ഞാനാധിഷ്ഠിത വ്യാവസായിക കേന്ദ്രമായും സുസ്ഥിര വ്യാപാരത്തിനും ബിസിനസുകൾക്കും അനുകൂല ആവാസവ്യവസ്ഥ ലഭ്യമാക്കുന്ന ഇടമായും കേരളത്തെ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പവലിയൻ. കേരളത്തിന്റെ ഉന്നത പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി രാജീവ് ഡബ്ല്യു.ഇ.എഫിന്റെ തുടക്കദിവസം മുതൽ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ചകൾ നടത്തി.