Bright Business Kerala

ന്യൂഡൽഹി: രാജ്യത്ത് വ്യാജനോട്ടുകളുടെ വർദ്ധിച്ചുവരുന്ന പ്രചാരം തടയുന്നതിനായി കർശന നടപടികളിലേക്ക് കടന്ന്‌ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS). റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി (RBI) സഹകരിച്ച് നോട്ട് തരംതിരിക്കുന്ന യന്ത്രങ്ങൾക്കായി പുതിയ ഇന്ത്യൻ സ്റ്റാൻഡേർഡ് ‘IS 18663:2024’ ബി.ഐ.എസ് ആണ്‌ ഇതിനായി പുറത്തിറക്കിയത്‌. കള്ളനോട്ടുകൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുള്ള യന്ത്രങ്ങൾക്ക് മാത്രമായിരിക്കും ഇനി മുതൽ രാജ്യത്ത് അനുമതി നൽകുക. ബാങ്കിംഗ് ഇടപാടുകളിൽ സുരക്ഷിതത്വവും ഏകീകൃതതയും കൊണ്ടുവരുന്നതിനാണ് പുതിയ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകൾ ഉപയോഗിക്കുന്ന നോട്ട് സോർട്ടിംഗ് യന്ത്രങ്ങൾക്ക് 2025 മേയ് 1 മുതൽ ബി.ഐ.എസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

ആർ.ബി.ഐയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം വിപണിയിൽ പ്രചാരത്തിലുള്ള നോട്ടുകളിൽ 85.5 ശതമാനവും 500 രൂപ നോട്ടുകളാണ്. അതുകൊണ്ടുതന്നെ വ്യാജൻമാരുടെ പ്രധാന ലക്ഷ്യവും ഈ ഡിനോമിനേഷനാണ്. തൊട്ടുപിന്നാലെ 200 രൂപ നോട്ടുകളുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്ത് 2.29 ലക്ഷത്തിലധികം വ്യാജനോട്ടുകൾ കണ്ടെത്തിയിരുന്നു. ഇതിൽ 95 ശതമാനവും കണ്ടെത്തിയത് ആർ.ബി.ഐ ഇതര ബാങ്കുകളിൽ നിന്നും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിൽ (NBFC) നിന്നുമാണ്.

എന്താണ് പുതിയ മാനദണ്ഡം?

നോട്ടുകൾ തരംതിരിക്കാനും അവയുടെ ആധികാരികത പരിശോധിക്കാനുമുള്ള യന്ത്രങ്ങളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിനുള്ള ചുരുങ്ങിയ മാനദണ്ഡങ്ങളാണ് ഇതിൽ നിഷ്കർഷിക്കുന്നത്. മനുഷ്യസഹായമില്ലാതെ തന്നെ നോട്ടുകൾ തനിയെ തരംതിരിക്കാനും കള്ളനോട്ടുകൾ വേർതിരിക്കാനും ഈ അത്യാധുനിക യന്ത്രങ്ങൾക്ക് സാധിക്കും.

പരിശോധന ബി.ഐ.എസ് ലാബിൽ
നോട്ട് സോർട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷയും പരിശോധിക്കുന്നതിനായി റിസർവ് ബാങ്ക് അംഗീകരിച്ച ഏക ഔദ്യോഗിക ലാബ് സാഹിബാബാദിലുള്ള ബി.ഐ.എസ് സെൻട്രൽ ലബോറട്ടറി മാത്രമാണ്. ആർ.ബി.ഐ നൽകിയിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി മാത്രമായിരിക്കും ഇവിടെ യന്ത്രങ്ങളുടെ ഗുണനിലവാര പരിശോധന നടക്കുക. ഇതുവരെ ഇത്തരം യന്ത്രങ്ങൾ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചിരുന്നില്ല. എന്നാൽ പുതിയ നിർദ്ദേശങ്ങൾ വന്നതോടെ നിലവിൽ 5 ആഭ്യന്തര നിർമ്മാതാക്കൾക്കും 4 അന്താരാഷ്ട്ര നിർമ്മാതാക്കൾക്കും ഈ അത്യാധുനിക യന്ത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ലൈസൻസ് ബി.ഐ.എസ് നൽകിക്കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. വിപണിയിലെ കള്ളനോട്ടുകളുടെ ഒഴുക്ക് പൂർണ്ണമായും തടയാൻ ഈ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *