Bright Business Kerala

ന്യൂഡൽഹി: പ്രമുഖ ടാക്സി വിളി സേവന ശൃംഖലയായ യൂബറിന്റെ ഇന്ത്യ, ദക്ഷിണേഷ്യൻ മേഖലകളുടെ പ്രസിഡന്റ് പ്രഭ്‌ജീത് സിംഗ് സ്ഥാനം ഒഴിഞ്ഞു. യൂബറിൽ 11 വർഷത്തോളം നീണ്ട സേവനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ ആഗോള ഭീമന്മാരായ ഓപ്പൺ എഐ യുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടർ ആയി പ്രഭ്‌ജീത് സിംഗ് ഉടൻ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യൂബർ വക്താവ് പ്രഭ്‌ജീത് സിംഗിന്റെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. യൂബറിനെ സംബന്ധിച്ച് ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം പ്രഭ്‌ജീത് നൽകിയ മികച്ച നേതൃത്വത്തിനും സംഭാവനകൾക്കും കമ്പനി നന്ദി അറിയിക്കുന്നതായി വക്‌താവ്‌ പ്രസ്‌താവനയിൽ അറിയിച്ചു.
മക്കിൻസി ആൻഡ് കമ്പനിയിൽ അസോസിയേറ്റ് പാർട്ണറായിരുന്ന പ്രഭ്‌ജീത് സിംഗ് 2015 ഓഗസ്റ്റിലാണ് യൂബറിൽ ചേരുന്നത്. തുടർന്ന് വിവിധ ലീഡർഷിപ്പ് പദവികൾ കൈകാര്യം ചെയ്ത അദ്ദേഹം 2020 ജൂലൈയിലാണ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റായി നിയമിതനാകുന്നത്. യൂബറിൽ സേവനങ്ങളുടെ വൈവിധ്യവൽക്കരണം ന‌ടന്നത്‌ പ്രഭ്‌ജീത് സിംഗിൻ്റെ കാലത്താണ്‌. കാർ റൈഡുകൾക്ക് പുറമെ യൂബർ ഓട്ടോ, യൂബർ മോട്ടോ (ബൈക്ക് ടാക്സി), യൂബർ ഷട്ടിൽ (ബസ് സർവീസ്) എന്നിവ ഇന്ത്യയിൽ വൻതോതിൽ വ്യാപിപ്പിച്ചു.

ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെയും കമ്പനിയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. പൊതുഗതാഗത സംവിധാനങ്ങളുമായും ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുമായും യൂബറിനെ വിജയകരമായി കോർത്തിണക്കി. യൂബർ ഇന്ത്യയിൽ വലിയ നിക്ഷേപങ്ങളും തന്ത്രപരമായ മാറ്റങ്ങളും നടത്തുന്നതിനിടയിലാണ് പ്രഭ്‌ജീതിന്റെ ഈ അപ്രതീക്ഷിത മാറ്റം. റാപിഡോ ഉൾപ്പെടെയുള്ള ആഭ്യന്തര എതിരാളികളിൽ നിന്നുള്ള മത്സരം കടുത്തതോടെ, ഈ വർഷം ഫെബ്രുവരിയിൽ യൂബർ തങ്ങളുടെ ഇന്ത്യൻ സബ്‌സിഡിയറിയിലേക്ക് 3,000 കോടി രൂപയുടെ (ഏകദേശം 330 മില്യൺ ഡോളർ) വൻ നിക്ഷേപം നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് യൂബർ സിഇഒ ധാരാ ഖൊസ്രോഷാഹി ഇന്ത്യ സന്ദർശിക്കുകയും അദാനി ഗ്രൂപ്പുമായി സഹകരിച്ച് രാജ്യത്തെ കമ്പനിയുടെ ആദ്യ ഡാറ്റാ സെന്റർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചാറ്റ്ജിപിറ്റിയുടെ (ChatGPT) നിർമ്മാതാക്കളായ ഓപ്പൺഎഐ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പ്രഭ്‌ജീത് സിംഗിനെ പോലൊരു പ്രമുഖനെ തലപ്പത്തേക്ക് എത്തിക്കുന്നതെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറോടെ അദ്ദേഹം ഓപ്പൺഎഐയിൽ ചുമതലയേറ്റെടുക്കുമെന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *