Bright Business Kerala

ന്യൂഡൽഹി: വാട്സാപ്പ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യതാ അപ്ഡേറ്റുകളിൽ ഒന്നായ ‘യുസർനെയിം’ ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനി മുതൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ വ്യക്തിപരമായ ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി വാട്സാപ്പിൽ ആശയവിനിമയം നടത്താൻ സാധിക്കും. നിലവിൽ ലോകമെമ്പാടുമുള്ള 300 കോടിയിലധികം വരുന്ന ഉപഭോക്താക്കൾക്കായി യുസർനെയിം റിസർവ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് ഘട്ടഘട്ടമായി ലഭ്യമാക്കിത്തുടങ്ങി. പുതിയ ഫീച്ചറിന്റെ പ്രവർത്തനരീതി, ഇത് ഉയർത്തുന്ന വ്യാജ പ്രൊഫൈൽ ഭീഷണികൾ, അവയെ പ്രതിരോധിക്കാൻ വാട്സാപ്പ് ഒരുക്കിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിശോധിക്കാം:

യുസർനെയിം എങ്ങനെ പ്രവർത്തിക്കുന്നു എന്ന്‌ നോക്കാം. അപരിചിതർക്കോ ഗ്രൂപ്പുകളിലോ നിങ്ങളുടെ ഫോൺ നമ്പർ ഒരിക്കലും കാണാൻ സാധിക്കില്ല. പകരം ഒരു യുസർനെയിം (ഉദാഹരണത്തിന്: @name_123) വഴി മറ്റുള്ളവർക്ക് നിങ്ങളെ ബന്ധപ്പെടാം. പബ്ലിക് ഡയറക്ടറി ഉണ്ടാകില്ല, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ എക്സ് (ട്വിറ്റർ) പോലെ ആർക്കും ആരെയും വെറുതെ സെർച്ച് ചെയ്ത് കണ്ടുപിടിക്കാനുള്ള പൊതുവായ ഡയറക്ടറി വാട്സാപ്പിൽ ഉണ്ടാകില്ല. കൃത്യമായ യുസർനെയിം അറിയാവുന്നവർക്ക് മാത്രമേ നിങ്ങളുമായി ചാറ്റ് തുടങ്ങാൻ സാധിക്കൂ. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലുള്ള അതേ യുസർനെയിം തന്നെ വാട്സാപ്പിലും ക്ലെയിം ചെയ്യാനുള്ള പ്രത്യേക ഓപ്ഷനും മെറ്റാ നൽകുന്നുണ്ട്. പരമാവധി 35 ക്യാരക്ടറുകൾ വരെയുള്ള പേരുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. യുസർനെയിം ഫീച്ചർ വലിയൊരു പ്രൈവസി നേട്ടമാണെങ്കിലും, ഇത് വലിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾക്ക് വഴിവെച്ചേക്കാമെന്ന ആശങ്ക വിദഗ്ദ്ധർ പങ്കുവെയ്‌ക്കുന്നുണ്ട്‌. പ്രമുഖ വ്യക്തികളുടെയോ ബ്രാൻഡുകളുടെയോ ബാങ്കുകളുടെയോ ഒഫീഷ്യൽ പേരുകളോട് സാമ്യമുള്ള യുസർനെയിമുകൾ തട്ടിപ്പുകാർ മുൻകൂട്ടി സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെ‌ടുന്നു.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഒഫീഷ്യൽ അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും തമ്മിൽ തിരിച്ചറിയാൻ പ്രയാസമുണ്ടാകും. ഫോൺ നമ്പർ ഇല്ലാത്തതിനാൽ ഇത് ആരുടെ അക്കൗണ്ടാണെന്ന് ട്രാക്ക് ചെയ്യുന്നതും ബുദ്ധിമുട്ടാകും. ഈ വെല്ലുവിളികൾ മുൻകൂട്ടി കണ്ട് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളാണ് വാട്സാപ്പ് വികസിപ്പിച്ചിരിക്കുന്നത്: ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളുള്ള ബ്രാൻഡുകൾക്കും വ്യക്തികൾക്കും തങ്ങളുടെ അതേ പേര് വാട്സാപ്പിലും സുരക്ഷിതമായി നിലനിർത്താൻ അക്കൗണ്ടുകൾ പരസ്പരം ലിങ്ക് ചെയ്യാം.
ആരെങ്കിലും നിങ്ങളെ യുസർനെയിം വഴി ആദ്യമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ നാലക്ക സുരക്ഷാ പിൻ ആവശ്യപ്പെടുന്ന രീതിയിലുള്ള സംവിധാനം വാട്സാപ്പ് ഒരുക്കുന്നുണ്ട്. ഈ പിൻ നമ്പർ അറിയാത്തവർക്ക് നിങ്ങളിലേക്ക് മെസ്സേജുകൾ അയക്കാൻ സാധിക്കില്ല. നിലവിലുള്ള നിങ്ങളുടെ ചാറ്റുകളെയോ, ബ്ലോക്ക് ലിസ്റ്റുകളെയോ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയെയോ ഈ പുതിയ മാറ്റം ഒരു തരത്തിലും ബാധിക്കില്ല. ഫോണിലെ ‘Settings > Account > Username’ എന്ന ക്രമീകരണത്തിൽ ഈ ഫീച്ചർ പരിശോധിക്കാം. വരും ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും അപ്പിൽ ഇതിനായുള്ള നോട്ടിഫിക്കേഷൻ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *