സ്റ്റോക്ക്‌ഹോം: ആന്റിട്രസ്റ്റ് (കുത്തകവിരുദ്ധ) നിയമങ്ങൾ ലംഘിച്ചതിന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് സ്വീഡിഷ് കോടതി വൻ തുക പിഴ ചുമത്തി. പ്രമുഖ വിലവിവര താരതമ്യ പ്ലാറ്റ്‌ഫോമായ ‘പ്രൈസ് റണ്ണറിന്’ നഷ്ടപരിഹാരമായി 14.3 ബില്യൺ സ്വീഡിഷ് ക്രോൺ (ഏകദേശം 1.5 ബില്യൺ ഡോളർ/ 12,500 കോടിയിലധികം ഇന്ത്യൻ രൂപ) നൽകാനാണ് സ്റ്റോക്ക്‌ഹോം പേറ്റന്റ് ആൻഡ് മാർക്കറ്റ് കോടതി ഉത്തരവിട്ടത്. തങ്ങളുടെ സ്വന്തം വിലവിവര താരതമ്യ സർവീസുകളെ സെർച്ച് റിസൾട്ടുകളിൽ വർഷങ്ങളായി നിയമവിരുദ്ധമായി ഗൂഗിൾ പിന്തുണച്ചതുവഴി പ്രൈസ് റണ്ണറിന് വൻ സാമ്പത്തിക നഷ്ടമുണ്ടായതായി കോടതി കണ്ടെത്തി. നിലവിൽ പ്രമുഖ ഫിൻടെക് കമ്പനിയായ ‘ക്ലാർന’യുടെ ഉടമസ്ഥതയിലുള്ളതാണ് പ്രൈസ് റണ്ണർ.
ഓൺലൈൻ സെർച്ചിംഗ് രംഗത്തെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്ത് ഗൂഗിൾ മറ്റ് എതിരാളികളെ ബോധപൂർവ്വം തഴഞ്ഞു എന്ന് കാണിച്ച് 2022-ലാണ് പ്രൈസ് റണ്ണർ കോടതിയെ സമീപിക്കുന്നത്. ഏകദേശം 2.4 ബില്യൺ ഡോളറാണ് അവർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിലെ ഭൂരിഭാഗം വാദങ്ങളും തള്ളിയ കോടതി, യൂറോപ്യൻ യൂണിയന്റെ മുൻ കണ്ടെത്തലുകൾ കൂടി കണക്കിലെടുത്താണ് 1.5 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഗൂഗിളിന്റെ ഇത്തരം ഏകപക്ഷീയമായ പ്രവർത്തനങ്ങൾ കമ്പനിയുടെ വരുമാനത്തെ ബാധിക്കുക മാത്രമല്ല, ഉപഭോക്താക്കൾക്ക് കൂടുതൽ പണച്ചെലവ് ഉണ്ടാക്കാൻ കാരണമായതായും ക്ലാർന വ്യക്തമാക്കി. 2017-ൽ യൂറോപ്യൻ കമ്മീഷൻ ഗൂഗിളിന് ചുമത്തിയ 2.4 ബില്യൺ യൂറോയുടെ പിഴയുമായി ബന്ധപ്പെട്ടാണ് ഈ കേസിന്റെ തുടക്കം. ഇതിനെതിരെ ഗൂഗിൾ നൽകിയ അപ്പീൽ 2024-ൽ യൂറോപ്പിലെ പരമോന്നത കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഗൂഗിളിനെതിരെ യൂറോപ്പിലെ മറ്റ് പ്രാദേശിക കമ്പനികൾക്കും നിയമപോരാട്ടം എളുപ്പമായത്. കഴിഞ്ഞ വർഷം ജർമ്മനിയിലെ ഒരു കോടതി സമാനമായ കേസിൽ 573 മില്യൺ യൂറോ ഗൂഗിളിന് പിഴ ചുമത്തിയിരുന്നു. യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളിലും ഗൂഗിളിനെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.