കൊച്ചി: ജനങ്ങളെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍രക്ഷാ ഇടപെടലുകള്‍ക്ക് പ്രാപ്തരാക്കാന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും (ബി.എം.എച്ച്) കേരള സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബായ ഫോഴ്സ കൊച്ചിയും ഒന്നിക്കുന്നു. ‘ലൈഫ്ല് ലൈനര്‍ 365’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രഥമശുശ്രൂഷാ പരിശീലനം നല്കുവാനാണ് ലക്ഷ്യമിടുന്നത്. ബി.എം.എച്ചും ഫോഴ്സ കൊച്ചിയും സംയുക്തമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അടിസ്ഥാന പ്രഥമ ശുശ്രൂഷ, സി.പി.ആര്, ചോക്കിങ് (ശ്വാസതടസ്സം) നേരിടാനുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ എന്നിവയ്ക്കൊപ്പം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അത്യാഹിതങ്ങള്‍ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ഇടപെടാനുള്ള പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. ഫോഴ്സ കൊച്ചിയിലെ കളിക്കാരും ഹെഡ് കോച്ചും ‘ലൈഫ്ല് ലൈനര്‍ 365’ പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കും. ഫോഴ്സ കൊച്ചി ഫുട്ബോള്‍ ക്ലബിന്റെ കളിക്കാര്‍, പരിശീലകര്‍, ആരാധകര്‍ എന്നിവര്‍ക്ക് പ്രഥമശുശ്രൂഷാ പരിശീലനം നല്‍കും. ക്ലബ്ബിന്റെ മത്സര വേദികളും ഇതിനായി ഉപയോഗപ്പെടുത്തും. മത്സര ദിവസങ്ങളില്‍ ലൈഫ്ല് ലൈനര്‍ ഫാന്‍ സോണുകളും അടിയന്തര പ്രതികരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളും സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം സമൂഹത്തിലെ വിവിധ തുറകളിലുള്ളവരിലേക്ക് ജീവന്‍രക്ഷാ പരിശീലനം എത്തിക്കുന്നതിനായി സ്കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, പൊതുവേദികള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. സാധാരണക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകളിലേക്ക് അടിയന്തര രക്ഷാപ്രവര്‍ത്തന പരിശീലനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ലൈഫ്ലൈനര്‍’ പദ്ധതി ആരംഭിച്ചതെന്ന് ബി.എം.എച്ച് ഡയറക്ടര്‍ ഡോ. വിനീത് എബ്രഹാം പറഞ്ഞു. ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുക എന്നത് വലിയൊരു ലക്ഷ്യമാണെങ്കിലും, ഈ കൂട്ടായ്മയിലൂടെ സമൂഹത്തിന്റെ സുരക്ഷാ ഒരുക്കങ്ങളില്‍ വലിയൊരു മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.എം.എച്ച് കോഴിക്കോട് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. ഫാബിത്ത്, ഫോഴ്സ കൊച്ചി പ്രസിഡന്റും ഡയറക്ടറുമായ നസ്സി മുഹമ്മദ്, സെക്രട്ടറിയും ഡയറക്ടറുമായ ഷമീം ബക്കര്‍, ഫോഴ്സ കൊച്ചി പരിശീലകന് വിറ്റല്‍ ബോര്‍ക്കല്‍മാന്‍സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.