Bright Business Kerala

LATEST NEWS

യു.എസ് പണപ്പെരുപ്പ നിരക്ക് പുറത്ത്; സ്വർണവില വീണ്ടും 4,000 ഡോളറിന് മുകളിൽ

യു.എസ് പണപ്പെരുപ്പ നിരക്ക് പുറത്ത്; സ്വർണവില വീണ്ടും 4,000 ഡോളറിന് മുകളിൽ
  • PublishedJune 27, 2026

ന്യൂയോർക്ക്: ആഗോള വിപണിയിൽ വലിയ ഉൽക്കണ്ഠകൾക്ക് വിരാമമിട്ട് സ്വർണവില വീണ്ടും ഔൺസിന് 4,000 ഡോളർ പരിധി കടന്നു. യു.എസിലെ ഏറ്റവും പുതിയ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവന്നതാണ് വിപണിക്ക് അനുകൂലമായത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ പണപ്പെരുപ്പ നിരക്കായതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് വർധിപ്പിച്ചേക്കില്ലെന്ന സൂചനകളാണ് സ്വർണത്തിന് കരുത്തായത്. തുടർച്ചയായ നാല് ആഴ്ചകളിലെ ഇടിവിന് ശേഷമാണ് സ്വർണവിലയിൽ ഈ നിർണായക തിരിച്ചുവരവ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച ഒരു ഘട്ടത്തിൽ സ്പോട്ട് സ്വർണവില 1.7 ശതമാനം വരെ ഉയർന്ന് ന്യൂയോർക്ക് വിപണി ക്ലോസ് ചെയ്യുമ്പോൾ ഔൺസിന് 4,089.80 ഡോളർ എന്ന നിരക്കിലെത്തി.

ഫെഡറൽ റിസർവ് അടുത്ത മാസം പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത വെറും മൂന്നിലൊന്നായി ചുരുങ്ങിയത് പലിശയിതര നിക്ഷേപമായ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിൽ ഉണ്ടായ വലിയ ഇടിവ് കാരണം ആഗോള ഓഹരി വിപണി തകിടം മറിഞ്ഞിരുന്നു. മറ്റ് പോർട്ട്ഫോളിയോകളിലെ നഷ്ടം നികത്താൻ നിക്ഷേപകർ വ്യാപകമായി സ്വർണം വിറ്റഴിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കുത്തനെ ഇടിയാൻ കാരണമായത്.

സ്വർണത്തോടൊപ്പം വെള്ളി വിലയും 2.2 ശതമാനം വർധിച്ച് ഔൺസിന് 59.15 ഡോളറിലെത്തി. പ്ലാറ്റിനം, പലേഡിയം തുടങ്ങിയ ലോഹങ്ങളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പ് നടത്തിയ സ്വർണവില, ഡോളർ ശക്തമായതോടെയാണ് ഈ ആഴ്ച 4,000 ഡോളറിന് താഴേക്ക് പോയത്. എന്നാൽ പണപ്പെരുപ്പ സൂചിക വിപണി വിദഗ്ധർ പ്രവചിച്ച പരിധിക്കുള്ളിൽ നിന്നത് നിക്ഷേപകർക്ക് ആശ്വാസമായി. അസ്ഥിരമായ വിപണി സാഹചര്യങ്ങളിൽ ഇപ്പോഴും സുരക്ഷിത നിക്ഷേപമായി സ്വർണത്തെ തന്നെയാണ് നിക്ഷേപകർ ആശ്രയിക്കുന്നത് എന്നാണ്‌ വിദഗ്‌ദ്ധർ നൽകുന്ന സൂചന.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *