Bright Business Kerala

LATEST NEWS

എൽ.പി.ജി ഉപഭോക്താക്കൾക്ക് പുതിയ ’30 ദിവസത്തെ’ നിബന്ധന; കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി

എൽ.പി.ജി ഉപഭോക്താക്കൾക്ക് പുതിയ ’30 ദിവസത്തെ’ നിബന്ധന; കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി
  • PublishedJune 26, 2026

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ഉപഭോക്താക്കൾക്കായി കേന്ദ്ര സർക്കാർ പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചു. ‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’ എന്ന നയം കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതി. ഇതനുസരിച്ച് വീടുകളിൽ പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിദത്ത വാതക കണക്ഷൻ ലഭിക്കുന്നവർ 30 ദിവസത്തിനകം തങ്ങളുടെ എൽ.പി.ജി (സിലിണ്ടർ) കണക്ഷൻ തിരികെ നൽകണം. കേന്ദ്ര സർക്കാർ മെയ് 25-ന് വിജ്ഞാപനം ചെയ്ത പുതിയ ഭേദഗതി ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഇൻഡേൻ, ഭാരത്‌ ഗ്യാസ്‌, എച്ച്.പി ഗ്യാസ് എന്നീ പ്രമുഖ കമ്പനികളുടെയെല്ലാം ഉപഭോക്താക്കൾക്ക് ഈ നിയമം ബാധകമായിരിക്കും.

പ്രധാന മാറ്റങ്ങളും നിബന്ധനകളും താഴെ പറയുന്നവയാണ്

30 ദിവസത്തെ സമയപരിധി

വീട്ടിൽ പി.എൻ.ജി (PNG) കണക്ഷൻ നിലവിൽ വന്ന് 30 ദിവസത്തിനകം എൽ.പി.ജി കണക്ഷൻ സറണ്ടർ ചെയ്യണം. ഉദാഹരണത്തിന്, ജൂൺ 6-നാണ് പി.എൻ.ജി ലഭിച്ചതെങ്കിൽ ജൂലൈ 6-നകം സിലിണ്ടർ കണക്ഷൻ റദ്ദാക്കിയിരിക്കണം.
പി.എൻ.ജി കണക്ഷൻ സജീവമാകുന്നതോടെ ആ വീട്ടിലേക്ക് പിന്നീട് പുതിയ എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യാനോ വാങ്ങാനോ അനുവാദമുണ്ടായിരിക്കില്ല. ഡ്യൂപ്ലിക്കേറ്റ് കണക്ഷനുകൾ ഒഴിവാക്കാനും സബ്‌സിഡി ദുരുപയോഗം തടയാനുമാണ് ഈ നീക്കം.

സഹായിക്കാൻ ‘ട്രാൻസ്ഫർ വൗച്ചർ’

ഭാവിയിൽ പൈപ്പ് ലൈൻ ഗ്യാസ് സൗകര്യമില്ലാത്ത മറ്റേതെങ്കിലും സ്ഥലത്തേക്ക് താമസം മാറേണ്ടി വന്നാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഒരു സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എൽ.പി.ജി കണക്ഷൻ സറണ്ടർ ചെയ്യുമ്പോൾ ലഭിക്കുന്ന ‘ട്രാൻസ്ഫർ വൗച്ചർ’ ഉപയോഗിച്ച് പിന്നീട് പുതിയൊരു കണക്ഷനുള്ള നടപടിക്രമങ്ങളില്ലാതെ തന്നെ എൽ.പി.ജി കണക്ഷൻ പുനഃസ്ഥാപിക്കാൻ സാധിക്കും.

ഒ.ടി.പി നിർബന്ധം

ഇനി മുതൽ എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ ഒ.ടി.പി വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി ഡെലിവറി ജീവനക്കാരന് കൈമാറിയാൽ മാത്രമേ സിലിണ്ടർ ലഭിക്കൂ. അതിനാൽ മൊബൈൽ നമ്പർ ഗ്യാസ് അക്കൗണ്ടുമായി കൃത്യമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണം.

ഇ-കെ.വൈ.സി (eKYC) കാലാവധി ജൂൺ 30

പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾ ജൂൺ 30-നകം തങ്ങളുടെ ഇ-കെ.വൈ.സി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം സബ്‌സിഡി ആനുകൂല്യങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. മൊബൈൽ ആപ്പ് വഴിയോ വിതരണക്കാർ വഴിയോ ഇത് ചെയ്യാവുന്നതാണ്. പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ലഭ്യമായ നഗരങ്ങളിലെ സിലിണ്ടറുകൾ ഒഴിവാക്കി, അവ പാചകവാതക സൗകര്യം കുറഞ്ഞ ഗ്രാമീണ-അർദ്ധനഗര മേഖലകളിലേക്ക് തിരിച്ചുവിടുകയാണ് പുതിയ പരിഷ്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *