കൊച്ചി,: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി യുകെയില്‍ സേവനമനുഷ്ഠിക്കുന്ന കോട്ടയത്തിൽ നിന്നുള്ള മലയാളി നഴ്‌സ് അജിമോൾ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് ഈ വർഷത്തെ വിജയിയായി യുകെയിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായ അജിമോൾ പ്രദീപിനെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്. പുരസ്കാരജേതാവിന് 250,000 യു.എസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയും ലഭിച്ചു. മുഖ്യമന്ത്രി വി. ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് അവാർഡായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് കേരളത്തിലേക്ക് എത്തിയതിൽ അഭിമാനിക്കുന്നു വെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. 2021-ൽ ആരംഭിച്ചതുമുതൽ, നഴ്‌സിംഗ് മേഖലയെ മുന്നോട്ട് നയിക്കുകയും അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നഴ്‌സുമാരെ ആദരിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് മാറികഴിഞ്ഞു. 214 രാജ്യങ്ങളിൽ നിന്നായി ഈ വർഷം ലഭിച്ച 1,34,000 രജിസ്ട്രേഷനുകൾ ഇതിന്റെ തെളിവാണ്. വ്യത്യസ്ത ആരോഗ്യ പരിപാലന മേഖലകളിലും സമൂഹങ്ങളിലും സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരുടെ അനുഭവങ്ങൾ, ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലും സമൂഹത്തിലും നഴ്‌സിംഗ് മേഖല ഉണ്ടാക്കുന്ന ആഗോള സ്വാധീനത്തെയും പ്രാധാന്യത്തെയും ഈ വർഷം ലഭിച്ച മികച്ച പങ്കാളിത്തം അടിവരയിടുന്നു.