‘ആയുർവേദ’ ഉൽപ്പന്ന നിർമ്മാതാക്കൾക്കായി പിടിവലി!

ടാറ്റയും (Tata) ഐടിസിയും (ITC) വീണ്ടും നേർക്കുനേർ. ചിംഗ്സ് സീക്രട്ടിന്റെ മാതൃ കമ്പനിയായ ക്യാപിറ്റൽ ഫുഡ്‌സിന്റെ (Capital Foods) ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമം ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ നീക്കം നെസ്‌ലെ ഇന്ത്യ (Nestle India), ഐടിസി എന്നീ കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ മറ്റൊരു കമ്പനിക്കാൻ ടാറ്റയും, ഐടിസിയും നേർക്കുനേർ മത്സരിക്കുന്നുവെന്നാണ് മറ്റൊരു റിപ്പോർട്ട്. ടാറ്റയുടെ ഉപഭോക്തൃ ഉൽപ്പന്ന വിഭാഗമായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് ( Tata Consumer Products) തന്നെയാണ് ഇവിടെയും ശ്രദ്ധ നേടുന്നത്.
ഫാബ് ഇന്ത്യയ്ക്കു (Fab India) കീഴിൽ പ്രവർത്തിക്കുന്ന ഓർഗാനിക് ഇന്ത്യയുടെ (Organic India) ഭൂരിപക്ഷം ഓഹരികൾക്കു വേണ്ടിയാണ് നിലവിൽ വമ്പൻമാർ കൊമ്പുകോർക്കുന്നത്. ആയുർവേദ ആരോഗ്യ ഉൽപന്നങ്ങളിൽ വൈദഗ്ധ്യം നേടിയ കമ്പനിയാണ് ഓർഗാനിക് ഇന്ത്യ. കമ്പനിയിലെ നിയന്ത്രിത ഓഹരികൾക്കു വേണ്ടി ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സും, ഐടിസിയും കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നതെന്നു റിപ്പോർട്ടുണ്ട്.

ഡിസംബർ 20 വരെയുള്ള കണക്കനുസരിച്ച് ടാറ്റ കൺസ്യൂമർ പ്രൊഡക്സിന്റെ വിപണി മൂലധനം 90,671 കോടി രൂപയാണ്. ഓർഗാനിക് ഇന്ത്യയിൽ 64 ശതമാനം ഓഹരി പങ്കാളിത്തമാണ് ഫാബ് ഇന്ത്യയ്ക്കുള്ളത്. 17 ശതമാനം ഓഹരികൾ സ്ഥാപക പ്രൊമോട്ടർമാരുടെ പക്കലും, 15 ശതമാനം പ്രേംജി ഇൻവെസ്റ്റിന്റെ കൈയ്യിലും, ബാക്കി ജീവനക്കാരുടെയും ഇഎസ്പിഎസ് ട്രസ്റ്റിന്റെയും ഉടമസ്ഥതയിലാണ്. ടാറ്റ കൺസ്യൂമറും ഓർഗാനിക് ഇന്ത്യയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് വിവരം.

ഐടിസിക്കെതിരായ ബിഡ് യുദ്ധത്തിൽ ടാറ്റയ്ക്കാണ് മുൻതൂക്കം എന്നും റിപ്പോർട്ടുണ്ട്. ആരോഗ്യ- ഓർഗാനിക് ഉൽപ്പന്ന വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് നീക്കങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം സിഗരറ്റ് ഇതര പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഐടിസി. ടാറ്റയുടെയും, ഓർഗാനിക് ഇന്ത്യയുടെയും നിക്ഷേപ ലക്ഷ്യങ്ങൾ യോജിച്ചു പോകുന്നതാണെന്നാണു വിലയിരുത്തൽ. ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ വിപുലമായ ഘട്ടത്തിലാണെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ഇടപാടിനെ പറ്റിയോ, ധാരണകളെ പറ്റിയോ ഔദ്യോഗിക സ്ഥിരികരണങ്ങൾ ഒന്നും ഇല്ല. ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെ മാനേജിംഗ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുനിൽ ഡിസൂസ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുവെന്നാണ് വിവരം. കമ്പനിയെ കൂടെ കൂട്ടാൻ സാധിച്ചാൽ ദീർഘകാലത്ത് ടാറ്റയ്ക്കു മികച്ച നേട്ടമാകും. ഓർഗാനിക് ഇന്ത്യയുടെ ശക്തമായ ആരാധക പിന്തുണയും ടാറ്റയ്ക്കു ലഭിക്കും.

അതേസമയം മറ്റു വരുമാന മാർഗങ്ങൾ തേടുന്ന ഐടിസി ടാറ്റയ്ക്കു കടുത്ത മത്സരം ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. ഐടിസിയുടെ ഭാവി ലക്ഷ്യങ്ങളുമായും ഓർഗാനിക് ഇന്ത്യ യോജിച്ച് പോകുന്നതാണ്. ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, ഐടിസി നിക്ഷേപകരെ സംബന്ധിച്ച് വാർത്ത നിലവിൽ ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ്. ടാറ്റ കൺസ്യൂമർ ഓഹരികൾ നിലവിൽ 976 രൂപ റേഞ്ചിലും, ഐടിസി ഓഹരികൾ 450 രൂപ റേഞ്ചിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!