Bright Business Kerala

BUSINESS NEWS LATEST NEWS

GOLD ATM; ഗോൾഡ് എടിഎം ; 30 മിനിറ്റിനുള്ളിൽ ആഭരണങ്ങൾ വിറ്റഴിച്ച് പണം നേടാം

GOLD ATM; ഗോൾഡ് എടിഎം ; 30 മിനിറ്റിനുള്ളിൽ ആഭരണങ്ങൾ വിറ്റഴിച്ച് പണം നേടാം
  • PublishedApril 23, 2025

GOLD ATM; ഇനി സ്വർണ്ണം വിൽക്കാൻ കടകളിൽ പോയി സമയം ചിലവഴിക്കണ്ട. എടിഎമ്മിൽ പോയാൽ മതി. വെറും 30 മിനുറ്റിനുള്ളിൽ കയ്യിലെ സ്വർണ്ണം മുഴുവൻ എളുപ്പത്തിൽ വിറ്റഴിക്കാൻ സാധിക്കും. പക്ഷെ അങ്ങ് ചൈനയിലാണെന്ന് മാത്രം. ഷാങ്ഹായിലെ ഒരു മാളിലാണ് ഉപയോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ വിൽക്കാനും പേപ്പർവർക്കുകൾ ഇല്ലാതെ 30 മിനിറ്റിനുള്ളിൽ പണം സ്വീകരിക്കാനും കഴിയുന്ന എടിഎം സ്ഥാപിച്ചത്. ലോകത്തിലെ തന്നെ ആദ്യ ഗോൾഡ് എടിഎം ആണിതെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞത് 50 ശതമാനം പരിശുദ്ധിയുള്ള മൂന്ന് ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണ്ണാഭരണങ്ങളാണ് ഗോൾ‍ഡ് മെഷീൻ സ്വീകരിക്കുന്നത്. ഗോൾഡ് എടിഎം വികസിപ്പിച്ചത് ചൈനയിലെ കിംഗ്ഹുഡ് ഗ്രൂപ്പാണ്. 2006ലാണ് കിംഗ്‌ഹുഡ് ഗ്രൂപ്പ് ചൈനീസ് കമ്പനി തുടങ്ങിയത്. മുഴുവൻ സ്വർണ്ണാഭരണ വിപണിയെയും ഉൾക്കൊള്ളുന്ന വ്യാവസായിക സേവന ദാതാവാ‌ണ് കമ്പനി. സ്വർണ്ണാഭരണങ്ങളുടെ റീസൈക്ലിങ് രംഗത്തുൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. സ്വർണ്ണാഭരണങ്ങൾ തൂക്കിനോക്കാനും, ഉരുക്കാനും, പരിശുദ്ധി നിർണ്ണയിക്കാനും എല്ലാം എടിഎമ്മിന് സാധിക്കും. തുക വിൽപ്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാനാകുന്ന രീതിയിലാണ് എടിഎമ്മിൻ്റെ രൂപകൽപ്പന. 40 ഗ്രാം സ്വർണ മാല വരെ മെഷീനിലൂടെ വിറ്റഴിച്ചവരുണ്ട്. ഗ്രാമിന് 785 യുവാനാണ് ലഭിച്ചത്. സ്വർണ എടിഎം സ്ഥാപിച്ചതോടെ നാളുകളായി കൈവശം വെച്ചിരിക്കുന്ന സ്വർണം വിൽക്കാനും ആളുകൾ എത്തി തുടങ്ങി. പരമ്പരാഗതമായി ലഭിച്ച സ്വർണവും പഴയ സ്വർണവും ഒക്കെ വിൽക്കാൻ എത്തുന്നവരുടെ ക്യൂ ചെറുതല്ല. മെഷീൻ ഉപയോഗിക്കുന്നതിനായി സ്ലോട്ട് ബുക്ക് ചെയ്യേണ്ടതുണ്ട്. ഉയർന്ന ഡിമാൻഡുള്ളതിനാൽ എല്ലാ സ്ലോട്ടുകളും മെയ് വരെ ബുക്ക് ചെയ്തിട്ടുണ്ട്. പേപ്പർ വർക്ക് ഇല്ലാതെ തൽക്ഷണം പണം നേടാം എന്നതാണ് ആക‍ർഷണം. 30 മിനിറ്റിനുള്ളിൽ തന്നെ ആഭരണങ്ങൾ വിൽക്കാൻ സാധിക്കും എന്നതിനാൽ പെട്ടെന്ന് പണവും ലഭിക്കും. ആഗോളതലത്തിൽ സ്വർണ വില കുതിച്ചുയരുന്നതിനാൽ ഗോൾഡ് എടിഎമ്മും ശ്രദ്ധേയമാകുന്നുണ്ട്. സ്വർണ്ണത്തിൻ്റെ മൂല്യം ഉയരുന്നതിനാൽ കൂടുതൽ പേ‍ർ സ്വർണം വിറ്റ് പണമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇത്തരം ആളുകൾക്കെല്ലാം ഗോൾഡ് എടിഎമ്മുകൾ ഗുണകരമാകും. ഡിമാൻഡ് ഉയർന്നാൽ സ്മാർട്ട് ഗോൾഡ് എടിഎമ്മുകൾ കൂടുതൽ വ്യാപകമായേക്കും. കേന്ദ്ര ബാങ്കുകളും സ്ഥാപന നിക്ഷേപകരും സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നതും സ്വർണ്ണത്തിന് അനുകൂലമാകുന്നുണ്ട്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *