Bright Business Kerala

BUSINESS NEWS INDUSTRIAL NEWS

‘വിഴിഞ്ഞം പോർട്ട്’; ലഘു സംരംഭകർക്ക് സമാനതകളില്ലാത്ത അവസരങ്ങൾ

‘വിഴിഞ്ഞം പോർട്ട്’; ലഘു സംരംഭകർക്ക് സമാനതകളില്ലാത്ത അവസരങ്ങൾ
  • PublishedApril 2, 2025

ടി എസ് ചന്ദ്രൻ
മുൻ ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്

വിഴിഞ്ഞം പോർട്ട് ഏറെക്കുറെ പ്രവർത്തനസജ്ജമായിരിക്കുന്നു. നിരവധി ഷിപ്പുകൾ വന്നു തുടങ്ങിയിരിക്കുന്നു. എം എസ് സി കമ്പനികളുടെ ഷിപ്പുകളാണ് ഇപ്പോൾ തീരം തെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ബിസിനസ് സാധ്യതകളാണ് കേരളീയർക്ക് മുന്നിൽ തുറന്നു നൽകുന്നത്. സിംഗപ്പൂർ പോലെ മാതൃകാപരമായ പോർട്ടിലുള്ള സൗകര്യങ്ങൾ എല്ലാം തന്നെ കേരളത്തിലെ വിഴിഞ്ഞം പോർട്ടിലും ഉണ്ടാകേണ്ടതുണ്ട്. ഇവിടെ വലിയ തോതിലുള്ള നിക്ഷേപ സാധ്യതകളാണ് ചെറു സംരംഭകർക്ക് മുമ്പിൽ തുറന്നു നൽകുന്നത്. സംഗപ്പൂർ പോർട്ടിലെ എല്ലാ അനുബന്ധ (ആൻസിലറി) പ്രവർത്തികളെക്കുറിച്ച് പഠിച്ചാൽ അവ എല്ലാം തന്നെ വിഴിഞ്ഞത്തേക്കും കൊണ്ടുവരാൻ ആകും എന്ന് മനസ്സിലാകും. യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാവുകയും ചിലവ് വളരെ കുറയുകയും ചെയ്യും എന്നുള്ളതാണ് വിഴിഞ്ഞം പോർട്ടിന്റെ പ്രധാന സവിശേഷത. സിംഗപ്പൂർ പോർട്ടിനെക്കാൾ മികച്ച രീതിയിലേക്ക് വിഴിഞ്ഞം മാറും എന്നുള്ളതാണ് വാണിജ്യ ലോകത്തിൻ്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ വലിയ സാധ്യതകളും അവസരങ്ങളുമാണ് വിഴിഞ്ഞം പോർട്ട് ചെറുകിട ബിസിനസുകാർക്ക് തുറന്ന് നൽകുന്നത്.

  1. ഡ്രൈ സ്റ്റോറുകൾക്കുള്ള അവസരങ്ങൾ

ഡ്രൈ സ്റ്റോറുകൾ എന്ന് മൊത്തമായി അറിയപ്പെടുന്ന നിരവധി ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള വലിയ സാഹചര്യം ഇവിടെ ഒരുങ്ങുകയാണ്. പ്രൊവിഷൻ സാധന സാമഗ്രികൾ, മാംസം, പച്ചക്കറികൾ, ഡ്രൈഫ്രൂട്ട്സ്, ഭക്ഷ്യ എണ്ണകൾ, ധാന്യങ്ങൾ, വെജിറ്റബിൾസ്, പഴങ്ങൾ അങ്ങനെ നിരവധി നിരവധി ആയിട്ടുള്ള ഉത്പന്നങ്ങൾ വിഴിഞ്ഞം കേന്ദ്രീകരിച്ച് വിൽക്കുന്നതിനുള്ള സാഹചര്യങ്ങൾ തുറക്കുകയാണ്. സ്വകാര്യ വ്യക്തികൾക്കും സംരംഭങ്ങൾക്കും ഇവിടെ വലിയ തോതിലുള്ള അവസരങ്ങളാണ് വരാൻ പോകുന്നത്. ഇവ സ്റ്റോക്ക് ചെയ്യുന്നതിനും, പ്രിസർവ് ചെയ്യുന്നതിനും ട്രാൻസ്പോർട്ട് ചെയ്യുന്നതിനും ഒക്കെയുള്ള സൗകര്യങ്ങൾ ഇതിനോട് അനുബന്ധിച്ച് ഉണ്ടാകേണ്ടതുണ്ട്. ഇവിടെയെല്ലാം തന്നെ ലഘു സംരംഭകർക്ക് ധാരാളമായ നിക്ഷേപ സാധ്യതകൾ ഉണ്ട്.

  1. സേഫ്റ്റി എക്യൂപ്മെൻ്റുകളുടെ വിതരണം

സേഫ്റ്റി എക്യുമെൻ്റുകൾക്ക് വലിയ ഡിമാൻഡ് ആണ് ഈ പ്രദേശം കേന്ദ്രീകരിച്ച് ഉണ്ടാകാൻ പോകുന്നത്. ഹെൽമറ്റുകൾ, എയർ മട്സ്, ബോയിലർ സ്യൂട്സ്, (ഓവറോൾ സ്യൂട്സ്) ഗൗണുകൾ, ഗ്ലൗസുകൾ അങ്ങനെ അങ്ങനെ നിരവധി ആയിട്ടുള്ള സേഫ്റ്റി എക്യുമെന്റുകൾ വിൽക്കുന്നതിനും ആയത് എത്തിച്ചു നൽകുന്നതിനും കഴിയുന്ന സൗകര്യങ്ങൾ ഒരുക്കുക എന്നത് വ്യാപാര മേഖലയ്ക്ക് വലിയ അവസരമാണ്.

  1. മെഷിനറി പാർട്സുകൾ

ഒരു ഷിപ്പിൻ്റെ പ്രവർത്തനത്തിന് ആവശ്യമായിട്ടുള്ള നിരവധി എഞ്ചിനീയറിങ് പാർട്സുകൾക്ക് വൻ സാധ്യതകളാണ് ഉള്ളത്. ഷിപ്പ് പാർട്സുകൾ, എഞ്ചിൻ പാട്സുകൾ, മെക്കാനിക്കൽ പാർട്സുകൾ അങ്ങനെയങ്ങനെ നീളുന്ന നിരവധി എഞ്ചിനീയറിങ് ഉത്പന്നങ്ങൾക്ക് ഇവിടെ സാധ്യതകളുണ്ട്. ചെറിയ എഞ്ചിനീയറിങ് യൂണിറ്റുകൾക്ക് പോലും വലിയ തോതിലുള്ള പ്രവർത്തനങ്ങൾ ഇവിടെ കാഴ്ചവെയ്ക്കാൻ കഴിയും. ആധുനിക വത്കരിച്ച മെഷിനറികൾ അധിഷ്ഠിത മായിട്ടുള്ള എഞ്ചിനീയറിങ് യൂണിറ്റുകൾ സ്ഥാപിച്ച് കൊണ്ട് ഇത്തരം മെക്കാനിക്കൽ വർക്കുകളും ഏറ്റെടുത്ത് ചെയ്യാനാകും.

  1. സേഫ്റ്റി എക്യുപ്മെൻ്റുകളുടെ സർവ്വീസിംഗ്

എഞ്ചിൻ പ്രവർത്തനം, ഫയർ ഫൈറ്റിങ് എക്യുമെൻ്റുകളുടെ പ്രവർത്തനം, അതിൻ്റെ സർവ്വേ, അതിൻ്റെ ത്രൈമാസ – വാർഷിക മെയിന്റനൻസുകൾ ഇവയ്ക്കെല്ലാം തന്നെ സ്ഥിരം കോൺട്രാക്ടർമാരെയും സ്ഥിരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനങ്ങളെയും ആവശ്യമായി വരുന്നു. ഇത് സമയാസമയങ്ങളിൽ നടത്തേണ്ടത് ഷിപ്പ് കമ്പനികളുടെ ഉത്തരവാദിത്വം കൂടിയാണ്.

  1. ക്രൂ മാനേജ്മെൻ്റ്

ഷിപ്പിംഗ് ഏജൻസി സർവീസസ്, ഷിപ്പ് മാനേജ്മെൻ്റ് എന്നീ ഘടകങ്ങളിലും സംരംഭസാധ്യതകൾ ഉണ്ട്. വിസ, ഫ്ലൈറ്റ്, റിപ്പർഹേഷൻ മാനേജ്മെൻ്റ്
(പകരക്കാരെ നൽകൽ), മെഡിക്കൽ സേവനങ്ങൾ, വിവരസാങ്കേതികവിദ്യ ലഭ്യമാക്കൽ, തുടങ്ങി നൂറുകണക്കിന് ഷിപ്പ് മാനേജ്മെൻ്റ് സേവനങ്ങൾ നൽകുന്നതിന് സംരംഭങ്ങൾക്ക് വൻ സാധ്യതകൾ ഉണ്ട്. സൈൻ ഓൺ (ഷിപ്പിൽ കയറ്റൽ ) സൈയിൻ ഓഫ് (ഷിപ്പിൽ ഇറക്കൽ ) ഇതിനിടയിൽ വരുന്ന ക്രൂ സംബന്ധിച്ച മാറ്റങ്ങൾ നിയന്ത്രിക്കുന്നതിന് കൃത്യമായ ബദൽ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്.

  1. ബംഗർ സപ്ലൈ (ഇന്ധനവിതരണം)

ഇന്ധനങ്ങൾ, ഡീസൽ, ഓയിൽ/ ലൂബ്രിക്കേറ്റിങ്ങോയിൽ, ഹൈ ഫ്ലൂയിഡ് ഓയിൽ, ഫ്രഷ് വാട്ടർ സപ്ലൈ തുടങ്ങി നിരവധി ആയിട്ടുള്ള ബംഗർ സർവീസ് സേവനങ്ങൾക്ക് ഇവിടെ സാധ്യതകളുണ്ട്. കൂടുതൽ കമ്പനികൾ ഇതുമായി ബന്ധപ്പെട്ട് രംഗപ്രവേശനം ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ വിഴിഞ്ഞം തുറമുഖം സുഖമുഖമായി സുഗമമായി പ്രവർത്തിക്കുകയുള്ളൂ.

  1. ബംഗർ സർവ്വേ

ബംഗർ സർവ്വേ എന്നാൽ ഇന്ധനം സംബന്ധിച്ച വിലയിരുത്തൽ റിപ്പോർട്ട് ആണ്. ഒരു ഷിപ്പിൽ എത്ര ഇന്ധനം ഉണ്ട്, എത്ര ഉപയോഗിച്ചു, എത്ര നൽകി, ഇനിയെത്ര വേണം ഇതിൻറെ കാൽക്കുലേഷനുകൾ സമയാസമയങ്ങളിൽ എടുത്ത് നൽകുക എന്നത് മികച്ച ഒരു പ്രൊഫഷണൽ സർവ്വീസാണ്. വിഴിഞ്ഞം തുറമുഖം പ്രവർത്തന പദത്തിൽ വരുമ്പോൾ മുതൽ ഇത്തരം സർവ്വീസുകൾ ഒഴിച്ചുകൂടാൻ ആകില്ല. നിരവധി സാങ്കേതിക / പ്രൊഫഷണൽ സ്ഥാപനങ്ങൾക്ക് ഈ രംഗത്ത് സാധ്യതകൾ ഉണ്ട്.

  1. ഡ്രാഫ്റ്റ് സർവേയർ കമ്പനികൾ

ട്രാഫ്റ്റ് സർവെയർ എന്നത് ഒരു പ്രൊഫഷണൽ കമ്പനികളുടെ പ്രവർത്തിയാണ്. ഇത് ചരക്കുമായി ബന്ധപ്പെട്ട് കിടക്കുന്നു. കപ്പലിലെ ചരക്കിന്റെ അളവ് നോക്കുക എന്നുള്ളതാണ് ഇതിൻ്റെ ഒരു പ്രവർത്തന രീതി. എത്ര കയറ്റി, എത്ര ഇറക്കി, ഇനിയെത്ര, എത്ര ഏരിയ ഉപയോഗിക്കുന്നു, എത്ര ഏരിയ ബാക്കി കിടക്കുന്നു, ഇൻവോയ്സിൽ പറയുന്ന അളവ് ഉറപ്പുവരുത്തിയിട്ടുണ്ടോ ഇത്തരം കാര്യങ്ങളൊക്കെ വിലയിരുത്തുന്നത് ഡ്രാഫ്റ്റ് സർവേയർമാരാണ്. പ്രൊഫഷണൽ യോഗ്യതയുള്ള ഇത്തരം സർവ്വേ സ്ഥാപനങ്ങൾക്ക് വലിയ സാധ്യതകളാണ് വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് തുറക്കാൻ പോകുന്നത്. വിലയിരുത്തലുകൾ മാത്രമല്ല അവയുടെ സർട്ടിഫിക്കേഷനുകളും ഒഴിച്ചുകൂടാനാവാത്തതാണ്.

  1. ധനകാര്യ സ്ഥാപനങ്ങൾ

അന്താരാഷ്ട്ര തലത്തിൽ പണം കൈകാര്യം ചെയ്യുന്നതിന് നിരവധിയായ സംവിധാനങ്ങൾ ആവശ്യമുണ്ട്. മണി എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള ഇൻ്റർനാഷണൽ ബാങ്കിംഗ് സേവനങ്ങൾ, വിദൂരങ്ങളിലേക്ക് പണം അയക്കൽ, ഇൻഷുറൻസ് സേവനങ്ങൾ എന്നിവയെല്ലാം തന്നെ ഇതിൻ്റെ ഭാഗമായി പ്രത്യേകം ഉണ്ടാകേണ്ടതുണ്ട്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ട അനുബന്ധ സേവനങ്ങളും നൽകുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇവിടെയും ചാർട്ടേഡ് അക്കൗണ്ടർമാർ പോലുള്ള വിദഗ്ദരുടെ സേവനങ്ങൾ കൂടുതലായി വേണ്ടിവരും.

  1. മെഡിക്കൽ സേവനങ്ങൾ

ഏതൊരു പ്രദേശത്തെയും പോലെ തന്നെ തുറമുഖ രംഗത്തും വലിയ സാധ്യതകളുള്ള ഒന്നാണ് മെഡിക്കൽ സേവനം. ആയുർവേദം, അലോപ്പതി എന്നിവയ്ക്ക് എല്ലാം തന്നെ ഇവിടെ സാധ്യതകളുണ്ട്. വൻകിട ഹോസ്പിറ്റലുകൾ മാത്രമല്ല ചെറിയ ചെറിയ നഴ്സിങ് ഹോമുകൾ, ഡോക്ടർ / ഫാർമസിസ്റ്റ് /എക്സ് റേ ടെക്നീഷ്യന്മാർ അവരുടെ സേവനങ്ങൾ, എന്നീ മേഖലകളിലെല്ലാം തന്നെ അവസരങ്ങളുണ്ട്. ചെറിയ അസുഖങ്ങൾക്ക് വേഗത്തിൽ വന്നു കണ്ടു ചികിത്സിച്ച് തിരിച്ചു പോകാൻ കഴിയുന്ന സംവിധാനങ്ങളാണ് കൂടുതലായി കൊടുക്കേണ്ടി വരിക. ആരോഗ്യ സേവന രംഗത്ത് പുതു സാധ്യതകൾ വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് വന്നു ചേരുകയാണ്.

ഇങ്ങനെ നോക്കിയാൽ ഉപ്പുതൊട്ട് കർപ്പൂരം വരെയും പ്രൊഫഷണൽ/ കൺസൾട്ടൻസി മുതൽ എഞ്ചിനീയറിങ് യൂണിറ്റുകൾ വരെയും നിരവധി ചെറുതും വലുതുമായ സംരംഭങ്ങൾക്ക് സാധ്യതകൾ തുറന്ന് നൽകുകയാണ് വിഴിഞ്ഞം പോർട്ട്.

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *