ഓയോ ഇന്ത്യയിൽ പിന്നോട്ട്; ഏറ്റവും വലിയ വിപണിയായി മാറി യു.എസ്
ന്യൂഡൽഹി: ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ഇന്ത്യൻ ബ്രാൻഡായ ഓയോയുടെ (OYO) ആകെ ആഗോള വരുമാനത്തിൽ ഇന്ത്യയിൽ നിന്നുള്ള വിഹിതം 12 ശതമാനത്തിൽ താഴെയായി കുറഞ്ഞതായി റിപ്പോർട്ട്. കമ്പനിയുടെ വിദേശ വിപണികളിലെ അതിവേഗത്തിലുള്ള വളർച്ചയെത്തുടർന്നാണ് അമേരിക്ക യു.എസ് ഇപ്പോൾ ഓയോയുടെ ഏറ്റവും വലിയ വിപണിയായി മാറിയത്. ഓയോയുടെ മാതൃ കമ്പനിയായ പ്രിസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ റിതേഷ് അഗർവാൾ അടുത്തിടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഈ വിവരം പങ്കുവെച്ചത്.
ഓയോയുടെ ആകെ വരുമാനത്തിൽ ഇന്ത്യയുടെ പങ്കാളിത്തം 12 ശതമാനത്തിൽ താഴെയായി. നിലവിൽ ഓയോയ്ക്ക് ഏറ്റവും കൂടുതൽ ആഗോള വിൽപ്പന നടക്കുന്നത് അമേരിക്കയിലാണ്.
നോർത്ത് അമേരിക്കയിലെ പ്രമുഖ ഇക്കണോമി ഹോട്ടൽ ശൃംഖലയായ ‘മോട്ടൽ 6’ (Motel 6) അതിന്റെ മാതൃ കമ്പനിയായ ജി6 ഹോസ്പിറ്റാലിറ്റിയിൽ നിന്ന് 525 മില്യൺ ഡോളറിന് ഓയോ ഏറ്റെടുത്തിരുന്നു. ഇതാണ് യു.എസിലെ ഒന്നാം സ്ഥാനത്തിന് കമ്പനിയെ സഹായിച്ചത്. ബോളിവുഡിനും ഐ.ടി മേഖലയ്ക്കും അപ്പുറത്തേക്ക് ഇന്ത്യൻ കോർപ്പറേറ്റുകൾ അമേരിക്കൻ വിപണിയിൽ വലിയ ഉപഭോക്തൃ ബ്രാൻഡുകളായി മാറാൻ പ്രാപ്തരാണെന്ന് റിതേഷ് അഗർവാൾ വ്യക്തമാക്കി. ഇന്ത്യൻ ബ്രാൻഡുകൾ അമേരിക്കൻ ഉപഭോക്താക്കൾ നേരിട്ട് ഉപയോഗിക്കുന്ന കാലമാണിത്. യു.എസിലെ ഏറ്റവും വലിയ എക്കണോമി ഹോട്ടൽ ബ്രാൻഡ് ഉടമയായി ഓയോ മാറിക്കഴിഞ്ഞു. ഇത് മറ്റ് ഇന്ത്യൻ കമ്പനികൾക്കും ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള വഴിതുറക്കുമെന്നും ഓയോ സ്ഥാപകൻ
റിതേഷ് അഗർവാൾ പറഞ്ഞു.
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് ഹോട്ടലുകളുടെ അഗ്രഗേറ്ററായി തുടങ്ങി, വിവിധ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ഓയോ, നിലവിൽ തങ്ങളുടെ ശ്രദ്ധ അന്താരാഷ്ട്ര ഫ്രാഞ്ചൈസി ബിസിനസുകളിലേക്കും യു.എസ് വിപണിയിലേക്കും ശക്തമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്തിടെ കമ്പനി തങ്ങളുടെ മാതൃപേര് ‘പ്രിസം’ എന്ന് പുനർനാമകരണം ചെയ്യുകയും ഓഹരി വിപണിയിലേക്ക് (IPO) കടക്കാനുള്ള സെബി (SEBI) അനുമതി നേടുകയും ചെയ്തിട്ടുണ്ട്.