Bright Business Kerala

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 13-ാം പതിപ്പിന് സെപ്റ്റംബര്‍ 24ന് കൊച്ചിയില്‍ തുടക്കമാകും.
സമ്മേളനത്തിന്റെ ഉദ്ഘാടനം കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെയാണ് മാര്‍ട്ടിന്റെ ഭാഗമായ ബിസിനസ് മീറ്റ് നടക്കുകയെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടിലുണ്ടാകും. കേരളത്തിന്റെ ടൂറിസം മേഖലയില്‍ നവീനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേരള ട്രാവല്‍ മാര്‍ട്ടിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ബയേഴ്സിനും സെല്ലേഴ്സിനും കേരളത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനുള്ള മികച്ച അവസരമാണ് കെടിഎം. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ടൂര്‍ ഏജന്റുമാര്‍ക്കും ടൂറിസം മേഖലയില്‍ വലിയ പങ്കാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 400-ലധികം അന്താരാഷ്ട്ര ബയര്‍മാര്‍, 1500-ലധികം ആഭ്യന്തര ബയര്‍മാര്‍, മൈസ്, വെഡ്ഡിംഗ് പ്ലാനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും.
കെടിഎമ്മിന്റെ നവീകരിച്ച വെബ്സൈറ്റ് ടൂറിസം സെക്രട്ടറി കെ. ബിജു പുറത്തിറക്കി. കെടിഎം സെക്രട്ടറി എസ്.സ്വാമിനാഥന്‍, ജോയിന്റ് സെക്രട്ടറി ജോബിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് ഹരികുമാര്‍ സി, ട്രഷറര്‍ ജിബ്രാന്‍ ആസിഫ്, മുന്‍ കെടിഎം പ്രസിഡന്റ് ഇ.എം നജീബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *