Bright Business Kerala

LATEST NEWS SUCCESS STORIES

സാന്ത്വനത്തിന്റെ ജീവിതപാഠങ്ങളിൽ കരുതൽ വെളിച്ചം പകർന്ന്‌ ഡോ. ബോബി സാറ തോമസ്‌

സാന്ത്വനത്തിന്റെ ജീവിതപാഠങ്ങളിൽ കരുതൽ വെളിച്ചം പകർന്ന്‌ ഡോ. ബോബി സാറ തോമസ്‌
  • PublishedJune 10, 2026

ഓർക്കാപ്പുറത്തായിരുന്നു ഡോ. ബോബി സാറ തോമസിനരികിൽ ആ ചോദ്യം എത്തിയത്. നിസ്സഹായതയുടെ അറ്റത്ത് എവിടെയോ ഒരു പ്രതീക്ഷയുടെ നുറുങ്ങുവെട്ടം കാത്തുസൂക്ഷിച്ചൊരു ചോദ്യമായിരുന്നു അത്. “”ഡോക്ടർ എവിടെയെങ്കിലും ഒരു വീടെടുക്ക്, ഞാൻ വന്നു നിൽക്കാം.” ഹോം കെയർ സന്ദർശനത്തിന് പോയപ്പോഴായിരുന്നു അപ്രതീക്ഷിതമായ ആ അനുഭവം. ആ ചോദ്യം ഒരുപാട് പേരുടെ ദുരവസ്ഥ ഡോക്ടർക്ക്‌ മുന്നിൽ കാണിച്ചു കൊടുത്തു. അവിടെ നിന്നാണ്‌ “കാൻകെയർ’ എന്ന സ്ഥാപനത്തിന്റെ തുടക്കം, ഡോ. സാറയുടെ സ്വപ്‌നത്തിലേക്കുള്ള യാത്രയുടെ ആദ്യചുവട്‌ നിസ്സഹായ അവസ്ഥയിലുള്ള ആ ജീവിതത്തിൽ നിന്നായിരുന്നു. കിടപ്പുരോഗികൾക്കും ജീവിതസായാഹ്‌നത്തിലുള്ളവർക്കും ഏറ്റവും മികച്ച പരിചരണം നൽകുന്ന സ്ഥാപനമായി ഇന്ന്‌ കാൻകെയർ തലയുയർത്തി നിൽക്കുന്നു. കുറേയധികം ആളുകൾ ഇപ്പോൾ അവരു‌ടെ ജീവിതത്തെ പ്രത്യാശയോടെ മുറുകെപിടിക്കുന്നതിപ്പോൾ ഡോ. സാറാ തോമസിന്റെയും പരിചരണം നൽകുന്ന നഴ്‌സുമാരുടെയും കൈകൾ ചേർത്തുപിടിച്ചാണ്‌. കരുതലിന്റെയും സ്‌നേഹത്തിന്റെയും ചേർത്തുനിറുത്തൽ അവരെല്ലാം അനുഭവിക്കുന്നു. എറണാകുളം ജില്ലയിലെ കാക്കനാട്, കളമശ്ശേരി, എളമക്കര എന്നിവിടങ്ങളിലെ കാൻകെയർ സെന്ററുകളിൽ ഇപ്പോൾ നൂറ്റമ്പതോളം പേരുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമെത്തിയവർ. അവരെ നോക്കാൻ മിടുക്കരായ നൂറോളം ജീവനക്കാരുമുണ്ട്. കാറ്റും വെളിച്ചവും വൃത്തിയും പ്രതീക്ഷയുമുള്ള മുറികളിൽ അവർ സ്വാസ്ഥ്യത്തിന്റെ ജീവിതസ്‌പന്ദനങ്ങൾ അറിയുന്നു, ആശ്വസിക്കുന്നു.
ഒരു ഡോക്ടറാകണമെന്നതായിരുന്നു കുട്ടിക്കാലം മുതലേയുള്ള ഡോ. സാറയുടെ സ്വപ്‌നം. മംഗലാപുരത്തായിരുന്നു എം.ബി.ബി.എസ് പഠനം. അതിനുശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഒറീസ, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് പോയി. അവിടെ ആദിവാസി മേഖലയിലെ മിഷണറി ഹോസ്പിറ്റലുകളിൽ സേവനമനസോടെ പ്രവർത്തിച്ചു. കഷ്ടപ്പെടുന്നവർക്ക് വേണ്ടി അവരുടെ വേദനയകറ്റാനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അന്നേ കൂടെ ഉണ്ടായിരുന്നു. ഉത്തരേന്ത്യയിലായിരുന്നപ്പോഴാണ്‌ ഡോക്‌ടറുടെ ജീവിതത്തിലെ മറ്റൊരു പ്രധാനഘട്ടം സംഭവിക്കുന്നത്.
അമ്മ മേരി തോമസിന് കാൻസർ രോഗമാണെന്ന്‌ കണ്ടെത്തിയതായിരുന്നു അത്‌. നൊമ്പരപ്പെടുത്തുന്ന ആ കാലം തിരിച്ചറിവിന്റെ കാലം കൂടിയായിരുന്നു. ഡോ. സാറയായിരുന്നു അമ്മയെ ശുശ്രൂഷിച്ചത്‌. ഗുരുതരരോഗങ്ങൾ പിടിപ്പെട്ട രോഗികളുടെ കുടുംബം നേരിടുന്ന അനുഭവങ്ങളിലൂടെ അവർക്കും സഞ്ചരിക്കേണ്ടി വന്നു. അതുവരെ ചികിത്സ മാത്രമായിരുന്നു ഡോക്ടറുടെ ലോകം. രോഗീപരിചരണത്തിൽ അതുവരെ പരിചയമില്ലാത്ത അനുഭവങ്ങളായിരുന്നു. രോഗിയു‌ടെ പ്രയാസങ്ങൾ കണ്ടു നിൽക്കുക, അവരെ ആശ്വസിപ്പിക്കുക, ധൈര്യം പകരുക… ഇതിനൊപ്പം തന്നെ അവർ നേരിടുന്ന അനാരോഗ്യാവസ്തകളായ ഭാരക്കുറവ്‌, മു‌ടികൊഴിച്ചിൽ, അസ്വസ്ഥതകൾ.. ഇതെല്ലാം കൃത്യമായി മനസിലാക്കണം. പുതിയ ഒരു മരുന്ന്‌ ഉപയോഗിക്കാൻ സാധിച്ചതുകൊണ്ട്‌ ആറുവർഷത്തോളം അമ്മ ജീവിതം മുന്നോട്ടു കൊണ്ടുപോയി. അതിനിടയിൽ ഡോ. ബോബി സാറ വിവാഹിതയായി. ഇതിനി‌ടെ മെഡിക്കൽ കോളേജ്‌ ട്യൂട്ടർ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ എന്നീ തസ്‌തികകളിൽ ജോലി ചെയ്‌തു.

ഉത്തരങ്ങൾ നൽകിയ ആ ചോദ്യം
2016ലായിരുന്നു ഡോ. സാറയു‌ടെ നേതൃത്വത്തിൽ രോഗീപരിചണത്തിനായുള്ള ഒരു ഹോം കെയർ യൂണിറ്റ് തുടങ്ങിയത്. ഇങ്ങനെ ഒരു സ്ഥാപനം എന്തിനു വേണ്ടിയാണ് തുടങ്ങുന്നതെന്ന് ഒരുപാട് പേർ ചോദിച്ചു. വീടുകളിൽ പോയി രോഗികളെ പരിചരിക്കുന്നത് അത്ര സുരക്ഷിതമാണോ എന്ന ചിന്തയിൽ നിന്നായിരുന്നു ആ ചോദ്യം. പക്ഷേ, ഡോ. സാറയ്‌ക്ക്‌ ആ കാര്യത്തിൽ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു, രോഗികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. അതുമാത്രമായിരുന്നു മനസിൽ. വലിയ പബ്‌ളിസിറ്റി ഒന്നും ഇല്ലാതെയായിരുന്നു തുടക്കം. ആദ്യത്തെ ആറുമാസം രോഗികൾ അത്രയധികം ഉണ്ടായിരുന്നില്ല. പിന്നെ കേട്ടറിഞ്ഞാണ് ആളുകൾ വന്നുതുടങ്ങിയത്. കോവിഡിന് ശേഷം ഇങ്ങനെ പരിചരണത്തിനായി ഒരു വീട്ടിൽ പോയപ്പോഴുള്ള അനുഭവം ഡോക്ടറെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ പറയാം. മൂത്രത്തിന്റെ ട്യൂബ് ഒട്ടും വൃത്തിയില്ലാത്ത കിടക്കുന്നത് കണ്ടപ്പോൾ അത് എങ്ങനെ ചെയ്യണമെന്ന് വീട്ടിലെ സഹായിയായ സ്ത്രീയെ ഡോക്ടർ പഠിപ്പിച്ചു. അടുത്ത തവണ സന്ദർശനത്തിന് പോയപ്പോഴും അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. സഹായിയെ മാറ്റണമെന്ന് രോഗിയുടെ മകളോട് ആവശ്യപ്പെട്ടപ്പോൾ പുതിയൊരാളെ നോക്കുന്നത് അത്ര എളുപ്പമല്ലെന്ന അനുഭവമാണ് അവർക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്. ആലോചിച്ചപ്പോൾ ഇങ്ങനെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരുണ്ടെന്ന് മനസിലായി. തിരക്കിന്റെ ലോകത്ത്‌ ആരെയാണ് കുറ്റം പറയാൻ സാധിക്കുക. അപ്പോഴാണ് ഡോക്ടർക്ക് വീടെടുത്ത് ഞങ്ങളെ പോലുള്ളവരെ താമസിപ്പിച്ചു കൂടേ എന്ന് ആ അമ്മ ചോദിച്ചത്. ഒരുപാട് ദിവസം ആ ചോദ്യത്തിലൂടെ യാത്ര ചെയ്താണ് ഡോക്ടർ തന്റെ ലക്ഷ്യം ഒന്നുകൂടെ ഉറപ്പിച്ചത്‌. മറ്റൊരു വീട്ടിൽ ആരോടും സംസാരിക്കാനില്ലാതെ കണ്ണാടിയോട് എന്തോ ഉണ്ടെടാ എന്ന്‌ ചോദിക്കുന്ന ഒരച്‌ഛനെയും ഡോക്‌‌ടർ കണ്ടിട്ടുണ്ട്‌. മക്കൾ ഒരു സഹായിയെ വച്ചിട്ടുണ്ട്. പക്ഷേ, ഡിമൻഷ്യ ബാധിച്ച രോഗിയെ നോക്കി തളർന്നിരിക്കുകയാണ് ആ സഹായി. വീട് മുഴുവൻ ഓടി നടന്ന് മൂത്രമൊഴിക്കും, ഇറങ്ങിപ്പോകും. മക്കളെല്ലാം ദൂരെ സ്ഥലത്താണ്. അച്ഛനോട് അത്ര സ്‌നേഹവുമുണ്ട്. അങ്ങനെയുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയ്‌ക്കൊടുവിലാണ് ആദ്യത്തെ സെന്റർ ഒന്നു കൂടെ വിപുലമാക്കിയത്. ഇത്തരം കേസുകളിൽ സോഷ്യൽ സ്റ്റിഗ്മ പ്രധാനഘടകമാണ്. അമ്മമാരെയും അച്ഛൻമാരെയും ജീവിതസാഹചര്യങ്ങൾ കൊണ്ട് കെയർഹോമിലാക്കിയ മക്കളെ കാണുമ്പോൾ മിണ്ടാത്തവരുണ്ട്. പക്ഷേ, അവർക്കും സഹായിക്കൻ വയ്യ.

കരുതലിന്റെ പുതിയ അറിവുകൾ
2006ൽ അമ്മ മരിച്ചപ്പോൾ തന്നെ കാൻസർരോഗികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന കാര്യം ഡോ. സാറയുടെ മനസിലുണ്ടായിരുന്നു. 2010ൽ റേഡിയോ തെറാപ്പി റേഡിയേഷനിൽ അമൃത ആശുപത്രിയിൽ നിന്നും പി.ജി കഴിഞ്ഞു. കുറച്ചുകാലം ആശുപത്രിയിൽ ഓങ്കോളജിസ്റ്റായി ജോലി ചെയ്തു. കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും ഇക്കാലയളവിൽ ജോലി ചെയ്തിരുന്നു. ഇതിന്റെയെല്ലാം അനുഭവങ്ങളുമായാണ് 2016ൽ തന്നെ ഡി.ഡി.ആർ.സി കാൻസർ ഡിറ്റക്ഷൻ സെന്ററിലും മറ്റു മൂന്നുദിവസം വീടുകൾ തോറുമുള്ള പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലും സജീവമായത്. 2018ൽ വെണ്ണലയിൽ ഒരു വീടെടുത്ത് 10 കിടക്കകളുമായാണ് കെയർ ഹോമിന് തുടക്കം കുറിക്കുന്നത്. തുടർന്ന് 2019ൽ കളമശ്ശേരിയിൽ 15 കിടക്കക്കളുമായി പുതിയ സെന്റർ തുടങ്ങി. കൊവിഡ് കാലത്തായിരുന്നു സെന്ററിനെ തേടി ആളുകൾ ഒഴുകി തുടങ്ങിയത്. 10 കിടക്കകളുള്ള ഒരു സെന്റർ പ്രവർത്തനക്ഷമമായാൽ തിരികെ ജോലിയിലേക്ക് പ്രവേശിക്കണമെന്നായിരുന്നു ഡോ. സാറയുടെ ആഗ്രഹം. എന്നാൽ ഏറ്റവും കൃത്യമായ പരിചരണം നൽകുന്ന സെന്റർ എന്ന ഖ്യാതി, കൂടുതൽ രോഗികളെ സെന്ററിലേക്ക് എത്തിച്ചു. ബിസിനസ് എന്ന നിലയിൽ സ്ഥാപനത്തെ കണ്ടിട്ടില്ലെങ്കിൽ പോലും ലോണിനായി ഒരു ബാങ്കിനെ സമീപിച്ചപ്പോഴാണ് നാളേക്ക് വേണ്ടി സാധാരണക്കാരായ ആളുകൾക്കായി സ്ഥാപനം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാനേജർ പറഞ്ഞത്. അങ്ങനെ വെണ്ണലയിലെയും കളമശ്ശരിയിലെയും ആദ്യസെന്ററുകൾ നിറുത്തി കുറച്ചു കൂടെ സൗകര്യത്തിൽ കാക്കനാട്ടേക്ക് സെന്റർ പറിച്ചുനട്ടു. പിന്നീ‌ട്‌ 2021ൽ കാൻകെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തു. രോഗികളുടെ എണ്ണം അമ്പതായി. പിന്നീട് 60 രോഗികളുമായി കളമശ്ശേരിയിലും 2025 സെപ്തംബറിൽ എളമക്കരയിലും പുതിയ സെന്ററുകളായി. കാക്കനാട് തീരെ അവശരായ കിടപ്പുരോഗികളെയും കളമശ്ശേരിയിൽ ഡിമൻഷ്യ രോഗികളെയുമാണ് താമസിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുളള രോഗികൾ കാൻകെയർ പരിചരണത്തിന്റെ ശ്രദ്ധയിൽ ഇവിടെ സന്തോഷത്തോടെ കഴിയുന്നു.

സേവന മനസോടെ ജീവനക്കാർ
സ്ഥാപനത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് കൂടെ നിൽക്കുന്ന ജീവനക്കാരാണ് തന്റെ കരുത്തെന്ന് ഡോ. ബോബി സാറ പറയും. കോവിഡ് കാലത്ത് സ്ഥാപനത്തിലുള്ള രോഗികളെ നിലനിർത്താനും പറഞ്ഞുവിടാനും പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോൾ കട്ടക്ക് കൂടെ നിന്നത് കൂടെ ജോലി ചെയ്യുന്നവരാണ്. ഓരോ ആഴ്ച ഓരോ ടീമായി മാറി മാറി ജോലി ചെയ്തു. ഓരോ സെന്ററിലും നഴ്‌സ് മാനേജർ ഉണ്ടാകും. അവർക്കാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല. അവരോടൊപ്പം കെയർ ഗിവേഴ്‌സുമുണ്ട്. അവരാണ് രോഗികളെ കൃത്യമായി പരിചരിക്കുന്നത്. രോഗികൾക്കുള്ള ആക്ടിവിറ്റീസ് കോ ഓർഡിനേറ്റ് ചെയ്യുന്നതും ഇവരാണ്. കളമശ്ശേരി സെന്റർ കൂടുതലും ഡിമെൻഷ്യയിൽ ഫോക്കസ് ചെയ്യുന്നത് കൊണ്ട് നല്ലൊരു ആക്ടിവിറ്റി റൂമും അവിടെ സജ്ജമാണ്. പസിൽസ്, കളറിംഗ്, പെയിന്റിംഗ് എന്നിവയെല്ലാമുണ്ട്. കുഞ്ഞുങ്ങളെ പോലെയാണ് പ്രായമായവരും. ചെറിയ എന്തെങ്കിലും കാര്യം മതി വിഷമിക്കാൻ. അതുകൊണ്ട് അത്രയും കരുതലോടെയാണ് കാൻകെയർ ടീം ഓരോ രോഗികളോടും ഇടപെടുന്നത്.

കുടുംബമുണ്ട് കൂടെ തന്നെ
ഒരു സ്ത്രീ സംരംഭകത്വത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ പിന്തുണ വേണ്ടത് കുടുംബത്തിൽ നിന്നാണെന്ന് ഡോ. ബോബി സാറ പറയും. കൊച്ചി ഇൻഫോ പാർക്കിലെ ഒരു ഐ.ടി കമ്പനിയിൽ സീനിയർ വൈസ് പ്രസിഡണ്ടായ ജീവിതപങ്കാളിയായ ദിലീപ് ജേക്കബ് തുടക്കം മുതലേ കൂടെ തന്നെ നിന്നു. സംരംഭമായി ഫണ്ടിന്റെ കാര്യത്തിൽ കെയർഫുളാവണം എന്നൊരു നിർദ്ദേശം മാത്രമേ ദിലീപ് നൽകിയുള്ളൂ. സ്ഥാപനത്തിന്റെ സോഫ്റ്റ് വെയർ കാര്യങ്ങളൊക്കെ ആദ്യഘട്ടത്തിൽ ചെയ്‌തത്‌ ദിലീപായിരുന്നു. സിവിൽ എൻജിനിയർ ആയതുകൊണ്ട് സ്ഥാപനത്തിന്റെ നിർമ്മാണവേളയിലൊക്കെ വരുപാട് സഹായങ്ങൾ ലഭിച്ചു. മക്കളായ എൻജിനിയറിംഗ്‌ വിദ്യാർത്ഥിനി ഷാന ജുവലും ഹോട്ടൽ മാനേജ്‌മെന്റ്‌ വിദ്യാർത്ഥിയായ ജോയലും അമ്മയ്‌ക്ക്‌ പിന്തുണയുമായി കൂടെ തന്നെയുണ്ട്‌.

ഒപ്പം നിന്ന സ്ത്രീ സംരംഭകർ
തുടക്കത്തിൽ ഏതൊരു സംരംഭത്തിലുമെന്നതു പോലെ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. പ്രമുഖ സംരംഭകയായ ഷീലാ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിലുള്ള WEN (Women Entrepreneur Network) എന്ന വനിതാ സംരംഭക കൂട്ടായ്മ അതിനെല്ലാമുള്ള ഉത്തരം നൽകി. ഏത്‌ സംശയത്തിനും ഉത്തരം നൽകാൻ ഓരോ മേഖലയിലും സ്‌പെഷ്യലിസ്റ്റായ സംരംഭകർ അവിടെയുണ്ടായിരുന്നു. ഏതു പ്രശ്‌നത്തിനും അവർ മുന്നോട്ടേക്കുള്ള കൃത്യമായ വഴി പറഞ്ഞു തരും. ആദ്യമായി സംരംഭം തുടങ്ങി വീണു വീണ്‌ ധൈര്യത്തോടെ എഴുന്നേറ്റ്‌ നടന്ന്‌ പിന്നെ വിജയത്തിലേക്ക്‌ പറന്നവരാണ്‌ കൂട്ടായ്‌മയിലുള്ളവർ. തെറ്റ്‌ തിരുത്തി മുന്നോട്ടേക്ക്‌ പോയതുകൊണ്ട്‌ തന്നെ അവർക്ക്‌ നല്ല അനുഭവപരിജ്ഞാനവുമുണ്ട്‌. നിന്നു പോയി എന്ന് തോന്നിയിടത്തു നിന്നൊക്കെ മുന്നോട്ടേക്കുള്ള ഊർജ്ജം നൽകിയത് ആ കൂട്ടായ്മയിലെ മിടുക്കരായ സ്ത്രീകളാണെന്നും ഡോ. ബോബി സാറ പറയുന്നു.

മുന്നോട്ടുള്ള സ്വപ്നങ്ങൾ
രോഗീപരിചരണമേഖലയിൽ സംരംഭങ്ങൾക്ക്‌ താത്പര്യമുള്ളവരുണ്ടെങ്കിൽ ജോയിന്റ് വെൻച്വർ, ഫ്രാഞ്ചൈസി രൂപത്തിൽ സെന്ററുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഡോ. സാറ. ആവശ്യത്തിന്‌ സൗകര്യമുള്ള ബിൽഡിംഗ് ലഭ്യമാകുക എന്നതാണ് ഏറ്റവും പ്രധാനം. അതിനുള്ള പരിശ്രമത്തിലാണിപ്പോൾ ഡോക്‌ടറും ടീമും. കെട്ടിടത്തിൽ വീതിയുള്ള കോറിഡോർ, പാർക്കിംഗ്, അറ്റാച്ച്ഡ് ബാത്ത്‌റൂം, വീൽ ചെയർ കടന്നുപോകാൻ പാകത്തിലുള്ള 90 സെന്റി മീറ്റർ വീതിയുള്ള അറ്റാച്ച്ഡ് ബാത്ത്‌റൂം, രോഗികൾക്ക് നടക്കാനുള്ള ഇത്തിരി മുറ്റം എന്നിങ്ങനെ ചില പ്രാഥമിക സൗകര്യങ്ങൾ അതിനായി വേണം. കാക്കനാട്ടെ കാൻകെയർ സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം കെയർ യൂണിറ്റ് ഇപ്പോൾ ലഭ്യമാണ്. ഇത് മറ്റു സ്ഥലങ്ങളിലേക്ക്‌ കൂടി വ്യാപിപ്പിക്കണമെന്ന ആഗ്രഹവും ഡോ. സാറയ്‌ക്കുണ്ട്‌. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള കെയർ ഗിവിംഗ് പരിശീലന കേന്ദ്രം കൂടിയാണ് കാൻകെയർ. രണ്ടുവർഷം മുമ്പാണ്‌ കോഴ്‌സ്‌ പരിശീലിപ്പിക്കാൻ തുടങ്ങിയത്‌. ഇതും കുറേ കൂടി വിപുലമാക്കണമെന്ന ലക്ഷ്യവും ഡോ. സാറയ്‌ക്കുണ്ട്‌. ഒറ്റയ്‌ക്കായി പോയി എന്ന തോന്നലില്ലാതെ കുറേ മനുഷ്യർക്ക്‌ ആശ്വാസത്തോടെ ജീവിതസായാഹ്‌നത്തെ അഭിമുഖീകരിക്കാനുള്ള ഇടം ഒരുക്കി ഡോ. ബോബി സാറ പുഞ്ചിരിക്കുമ്പോൾ അതിന്‌ തിളക്കമേറെയുണ്ട്‌.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *