Bright Business Kerala

LATEST NEWS

ഇന്ത്യൻ കു‌ടുംബങ്ങളിലെ കോടികളുടെ സ്വത്ത്‌; വിൽപത്രം ഔട്ട് ഒഫ് ഫോക്കസ്‌; ‘വെൽത്ത് മാനേജർമാർക്ക്‌ വൻഡിമാൻഡ്‌

ഇന്ത്യൻ കു‌ടുംബങ്ങളിലെ കോടികളുടെ സ്വത്ത്‌; വിൽപത്രം ഔട്ട് ഒഫ് ഫോക്കസ്‌; ‘വെൽത്ത് മാനേജർമാർക്ക്‌ വൻഡിമാൻഡ്‌
  • PublishedJuly 8, 2026

ന്യൂഡൽഹി: ഇന്ത്യൻ കു‌ടുംബങ്ങൾ അതിസമ്പന്നരായി അ‌ടിമുടി മാറുമ്പോൾ അതിനൊപ്പം നീങ്ങാൻ വെൽത്ത്‌ മാനേജർമാരെ നിയമിക്കുന്ന ‌ട്രെൻഡ്‌ വൈറലാകുന്നു. ഫൈനാൻഷ്യൽ അഡ്വൈസറി സ്ഥാപനമായ ‘1 ഫിനാൻസ്’ പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങളിൽ നിന്നാണ്‌ ഈ സൂചനകൾ. കേവലം ഓഹരി വിപണിയിലെ നിക്ഷേപങ്ങളെക്കുറിച്ചോ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചോ ഉപദേശം നൽകുന്ന പഴയ രീതിയിൽ നിന്നും വെൽത്ത് മാനേജർമാരുടെ പങ്കാണ്‌ ഇന്ന് വലിയ രീതിയിൽ മാറിയത്‌. വലിയ ബിസിനസ്സ് സാമ്രാജ്യങ്ങളും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുമുള്ള കുടുംബങ്ങളിലെ സങ്കീർണ്ണമായ തർക്കങ്ങൾ ഒഴിവാക്കി, സുരക്ഷിതമായി അടുത്ത തലമുറയിലേക്ക് സ്വത്ത് കൈമാറാൻ സഹായിക്കുന്ന ‘ആർക്കിടെക്റ്റുകളായി’ ഇവർ മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മൊത്തം ജനനനിരക്ക്  1.9 ആയി കുറഞ്ഞിരിക്കുകയാണ്. ഒരു കുടുംബത്തിൽ കുട്ടികളുടെ എണ്ണം ചുരുങ്ങുമ്പോൾ, വരുംതലമുറകളിൽ സ്വത്ത് പലർക്കായി വീതിക്കപ്പെടാതെ ഒന്നോ രണ്ടോ പേരിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു. സ്വത്തിന്റെ മൂല്യം ഉയരുമ്പോൾ അതുമായി ബന്ധപ്പെട്ട നിയമപരമായ അവകാശത്തർക്കങ്ങളും സങ്കീർണ്ണതകളും കൂ‌ടുന്ന പ്രവണതയുമുണ്ട്‌.  ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ രണ്ടാം വിവാഹങ്ങൾ, പുനർവിവാഹങ്ങൾ, ബ്ലെൻഡഡ് ഫാമിലികൾ എന്നിവ വർദ്ധിച്ചുവരികയാണ്. ഒന്നിലധികം വിവാഹങ്ങളിലെ കുട്ടികൾ, വിദേശത്ത് സ്ഥിരതാമസമാക്കിയ കുടുംബാംഗങ്ങൾ എന്നിവരുള്ള സാഹചര്യങ്ങളിൽ കുടുംബ സ്വത്തോ ബിസിനസ്സോ എങ്ങനെ തുല്യമായി വീതിക്കണം എന്നത് വലിയ ചോദ്യചിഹ്നമായി മാറുന്ന സാഹചര്യവുമുണ്ട്‌. 


പഴയതുപോലെ ഒരു വിൽപത്രം  എഴുതിവെച്ചതുകൊണ്ട് മാത്രം ഇന്നത്തെ കാലത്ത് സ്വത്തുതർക്കങ്ങൾ ഒഴിവാക്കാനാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആധുനിക കുടുംബങ്ങൾക്ക് വിദേശ നിക്ഷേപങ്ങൾ, ഡിജിറ്റൽ അസറ്റുകൾ, പല മതനിയമങ്ങൾക്ക് കീഴിൽ വരുന്ന ബിസിനസ്സ് ഘടനകൾ എന്നിവയുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ വെറും വിൽപത്രത്തിനപ്പുറം  ട്രസ്റ്റുകൾ,  ഫാമിലി സെറ്റിൽമെന്റുകൾ എന്നിവ ആവശ്യമായി വരുന്നു. പല കുടുംബങ്ങളും നിക്ഷേപത്തിന് ഒരാളെയും, നികുതി കാര്യങ്ങൾക്ക് മറ്റൊരാളെയും, വിൽപത്രം എഴുതാൻ വേറൊരു വക്കീലിനെയും സമീപിക്കുന്ന രീതിയാണ് തുടരുന്നത്. ഈ ഭിന്നമായ സമീപനം വലിയ നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം. ഇതിനെല്ലാം പകരമായി നിക്ഷേപം, നികുതി, വിൽപത്രം, വിരമിക്കൽ കാലത്തെ പ്ലാനിംഗ് എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ വെൽത്ത് മാനേജർമാർക്ക് സാധിക്കുന്നു.


അടുത്ത ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി ഏകദേശം 124 ട്രില്യൺ മുതൽ 130 ട്രില്യൺ ഡോളർ വരെയുള്ള സ്വത്ത് കൈമാറ്റം നടക്കാനിരിക്കുകയാണ്. ഇന്ത്യയിലെ പുതിയ പണക്കാരും സംരംഭകരും തങ്ങളുടെ സമ്പത്ത് വളർത്തുന്നതിനേക്കാൾ, അത് സുരക്ഷിതമായി തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനാണ് ഇന്ന് മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ വരും നാളുകളിൽ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിക്കുന്ന ഒരു സേവനമായി ‘വെൽത്ത് മാനേജ്‌മെന്റ്’ മാറുമെന്നുറപ്പാണ്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *