Bright Business Kerala

LATEST NEWS

ക്രിപ്റ്റോയിലൂടെ കോടികളുടെ വരുമാനം; ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത്

ക്രിപ്റ്റോയിലൂടെ കോടികളുടെ വരുമാനം; ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത്
  • PublishedJuly 2, 2026

ന്യൂയോർക്ക്‌: യു.എസ്‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 2025 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത വരുമാന വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടു. യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്‌സ് പുറത്തുവിട്ട 927 പേജുകളുള്ള റിപ്പോർട്ടിൽ, ട്രംപിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ഡിജിറ്റൽ ആസ്തികളായ ക്രിപ്റ്റോ കറൻസി, മീം കോയിനുകൾ എന്നിവയിൽ നിന്നാണെന്ന് വ്യക്തമാക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ ട്രംപിന്റെ പരമ്പരാഗത ബിസിനസ്സുകളെപ്പോലും പിന്നിലാക്കുന്ന വളർച്ചയാണ് ക്രിപ്റ്റോ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ക്രിപ്റ്റോയിൽ നിന്ന് 1.4 ബില്യൺ ഡോളറിലധികം വരുമാനംകഴിഞ്ഞ വർഷം ക്രിപ്റ്റോ അനുബന്ധ ബിസിനസ്സുകളിൽ നിന്ന് മാത്രം ട്രംപിന് 1.4 ബില്യൺ ഡോളറിലധികം (ഏകദേശം 11,600 കോടിയിലധികം ഇന്ത്യൻ രൂപ) വരുമാനം ലഭിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ട്രംപും മക്കളും ചേർന്ന് സ്ഥാപിച്ച വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ ക്രിപ്റ്റോ സ്റ്റാർട്ടപ്പിലെ ടോക്കൺ വിൽപ്പനയിലൂടെയും ഓഹരി പങ്കാളിത്തത്തിലൂടെയും മാത്രം 550 മില്യൺ ഡോളറിലധികം വരുമാനം ലഭിച്ചു.അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച ‘ ട്രംപ് മീം കോയിനുകൾ ‘ ലൈസൻസ് കരാറിലെ റോയൽറ്റി ഇനത്തിൽ 635 മില്യൺ ഡോളറാണ് ട്രംപിന് ലഭിച്ചത്. ഇതിനുപുറമെ സ്റ്റേബിൾ കോയിൻ പങ്കാളിത്തത്തിൽ നിന്നും ട്രംപിന്റെ ഡിജിറ്റൽ വാലറ്റുകളിൽ നിന്നുമായി കോടിക്കണക്കിന് ഡോളറിന്റെ ക്രിപ്റ്റോ ആസ്തികൾ വേറെയുമുണ്ട്. പതിറ്റാണ്ടുകളായി ട്രംപിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന ഗോൾഫ് റിസോർട്ടുകളും ഹോട്ടലുകളും തങ്ങളുടെ പ്രതാപം നിലനിർത്തുമ്പോഴും ക്രിപ്റ്റോയുടെ അത്രയും വരുമാനം നൽകിയിട്ടില്ല.

ഫ്ലോറിഡയിലെ ട്രംപിന്റെ പ്രശസ്തമായ മാർ-എ-ലാഗോ (Mar-a-Lago) റിസോർട്ടിൽ നിന്നുള്ള വരുമാനം 77 മില്യൺ ഡോളറായും, ട്രംപ് നാഷണൽ ഡോറൽ റിസോർട്ടിൽ നിന്നുള്ള വരുമാനം 121 മില്യൺ ഡോളറായും ഉയർന്നിട്ടുണ്ട്. എന്നാൽ ക്രിപ്റ്റോ വിപണിയിൽ നിന്നുള്ള വരുമാനം ഇതിന്റെയെല്ലാം എത്രയോ ഇരട്ടിയാണ്. കൂടാതെ ട്രംപ് ബ്രാൻഡിലുള്ള വാച്ചുകൾ, ബൈബിളുകൾ, സ്നീക്കേഴ്സ് എന്നിവയുടെ വിൽപന വഴിയും ട്രംപ് മാധ്യമ കമ്പനികളുമായുള്ള നിയമപരമായ ഒത്തുതീർപ്പുകളിലൂടെയും ദശലക്ഷക്കണക്കിന് ഡോളർ സ്വന്തമാക്കിയിട്ടുണ്ട്.

ഫോബ്‌സിന്റെ കണക്കുകൾ പ്രകാരം ട്രംപിന്റെ ആകെ സ്വത്ത് 2.3 ബില്യൺ ഡോളറിൽ നിന്ന് 6.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ടെന്നാണ് വിവരം. പ്രസിഡന്റായി അധികാരമേറ്റ ശേഷം ക്രിപ്റ്റോ മേഖലയ്ക്ക് അനുകൂലമായ യുഎസ് സർക്കാർ നയങ്ങളും നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളും ക്രിപ്റ്റോ വിപണിയുടെ മൂല്യം വൻതോതിൽ ഉയരാൻ കാരണമായിരുന്നു. പ്രസിഡന്റ് പദവിയിലിരുന്ന് സ്വന്തം ബിസിനസ്സിനെ സഹായിക്കുന്ന നിലപാടുകൾ ട്രംപ് സ്വീകരിച്ചു എന്ന തരത്തിൽ വലിയ വിമർശനങ്ങൾ പ്രതിപക്ഷവും മാധ്യമങ്ങളും ഉയർത്തുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെ വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി ശക്തമായി നിഷേധിച്ചു. ഡൊണാൾഡ് ട്രംപോ അദ്ദേഹത്തിന്റെ കുടുംബമോ ഒരിക്കലും ഔദ്യോഗിക പദവി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്നും, അമേരിക്കയെ ലോകത്തിന്റെ ക്രിപ്റ്റോ തലസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *