യുവരാജ് സിങ്ങിന്റെ സ്പോർട്സ് 365 ഏറ്റെടുക്കാൻ വിരാട് കോലിയുടെ അഗിലിറ്റാസ്; വൻ ലയനത്തിനൊരുങ്ങി കായിക വിപണി
ന്യൂഡൽഹി: ഇന്ത്യൻ കായിക-ലൈഫ്‌സ്റ്റൈൽ സ്റ്റാർട്ടപ്പ് രംഗത്ത് വൻ ലയനത്തിന് വഴിയൊരുങ്ങുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് വൻ നിക്ഷേപ പങ്കാളിത്തമുള്ള സ്‌പോർട്‌സ്‌വെയർ കമ്പനിയായ അഗിലിറ്റാസ് സ്‌പോർട്‌സ് (Agilitas Sports), മുൻ താരം യുവരാജ് സിങ്ങിന്റെ പിന്തുണയുള്ള കായിക ഉപകരണ വിതരണ പ്ലാറ്റ്‌ഫോമായ സ്‌പോർട്‌സ് 365 നെ ഏറ്റെടുക്കാൻ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. മണി കൺട്രോൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രാജ്യത്തെ കായിക ഉൽപന്ന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അഗിലിറ്റാസിന്റെ ഈ പുതിയ നീക്കം. പ്യൂമ ഇന്ത്യയുടെ മുൻ മാനേജിംഗ് ഡയറക്ടർ അഭിഷേക് ഗാംഗുലിയുടെ നേതൃത്വത്തിൽ 2023-ലാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. വിരാട് കോലി തന്റെ മുൻ ബ്രാൻഡ് കരാറുകൾ അവസാനിപ്പിച്ച് ഏകദേശം 40 കോടി രൂപ ഈ കമ്പനിയിൽ നിക്ഷേപിക്കുകയും, അദ്ദേഹത്തിന്റെ സ്വന്തം ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ ‘One8’ അഗിലിറ്റാസിന്റെ കീഴിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അടുത്തിടെ നടി അനുഷ്ക ശർമ്മയും ഇതിൽ നിക്ഷേപകയായി പങ്കാളിയായിട്ടുണ്ട്. കായിക ഉപകരണങ്ങളും വസ്ത്രങ്ങളും ഓൺലൈൻ വഴിയും അല്ലാതെയും വിതരണം ചെയ്യുന്ന പ്രമുഖ പ്ലാറ്റ്‌ഫോമാണിത്. മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഇതിന്റെ പ്രാരംഭ നിക്ഷേപകരിലും പ്രധാന പിന്തുണക്കാരിലും ഒരാളാണ്.
കായിക ഉൽപ്പാദനം, ബ്രാൻഡ് ലൈസൻസിംഗ്, റീട്ടെയിൽ വിപണി എന്നിവ സമഗ്രമായി ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് അഗിലിറ്റാസ് ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ പ്രമുഖ ഷൂ നിർമ്മാതാക്കളായ ‘മൊച്ചിക്കോ ഷൂസ്’, പ്രശസ്ത ഇറ്റാലിയൻ ബ്രാൻഡായ ‘ലോട്ടോ’ എന്നിവയുടെ ഇന്ത്യൻ ലൈസൻസും അഗിലിറ്റാസ് സ്വന്തമാക്കി യിട്ടുണ്ട്. ഈ ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ കായിക ഉപകരണ വിതരണ ശൃംഖലയിൽ വലിയൊരു മുന്നേറ്റം നടത്താൻ അഗിലിറ്റാസിന് സാധിക്കുമെന്നാണ് ബിസിനസ് ലോകത്തെ വിലയിരുത്തൽ. എന്നാൽ കരാർ തുകയെക്കുറിച്ചോ മറ്റ് സാമ്പത്തിക വിവരങ്ങളെക്കുറിച്ചോ ഉള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇരു കമ്പനികളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.