ദുബൈ: പ്രമുഖ ആഗോള മാധ്യമ സ്ഥാപനമായ ദി വാഷിംഗ്ടൺ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ ‘വാഷിംഗ്ടൺ പോസ്റ്റ് ഇന്റലിജൻസ്’, തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ടെക്നോളജി കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തു. ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ബിസിനസ്സ് നിരയിലുള്ള വ്യക്തിയാണ് അദീബ് അഹമ്മദ്. ലോകമെമ്പാടുമുള്ള പ്രമുഖ ബിസിനസ്സ് മേധാവികളും സാങ്കേതിക വിദഗ്ധരും അടങ്ങിയതാണ് ഈ കൗൺസിൽ. കൃത്രിമ ബുദ്ധി, ഉയർന്ന് വരുന്ന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളും വ്യവസായ നവീകരണങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ കേന്ദ്രീകരിച്ചുള്ള ആഗോള നേതൃ ഫോറമാണ് ഈ കൗൺസിൽ. അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യാ പസഫിക് മേഖലകളിൽ അതിവേഗം വളരുന്ന മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായി മാറിയിട്ടുണ്ട്.